-->
വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ റോമന്‍ കത്തോലിക്കാസഭയുടെ അധ്യക്ഷന്‍. വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ചേര്‍ന്ന കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമാണു വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ 267 അവകാശിയായി യു.എസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റിനെ തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം. ഇന്ത്യന്‍ സമയം രാത്രി 9.30 നുശേഷം സിസ്‌റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നു. 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുത്തത്. 89 വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്.
മുതിര്‍ന്ന കര്‍ദിനാള്‍ കര്‍ദിനാള്‍ ഡോമിന്‍ക് മാംബര്‍ട്ടിയാണ് 'ഹേബമസ് പാപ്പാം' (നമുക്ക് പുതിയ മാര്‍പാപ്പയുണ്ട്)എന്ന പ്രഖ്യാപനം നടത്തിയത്. വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികള്‍ 'അബ്ബിയാമോ പപ്പ, ഒലെ, ഒലെ, ഒലെ', 'വിവ ഇല്‍ പപ്പ' എന്നീ പ്രതിവചനങ്ങളോടെ ആ പ്രഖ്യാപനം ഏറ്റുവാങ്ങി.
ഇന്നലെ പ്രാദേശിക സമയം വൈകിട്ട് ആറിനാണു സിസ്‌റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍നിന്ന് വെളുത്ത പുക ഉയരാന്‍ തുടങ്ങിയത്. ആ നിമിഷത്തിനായി കാത്തിരുന്ന വിശ്വാസികള്‍ ആരവത്തോടെ ആ സൂചന സ്വീകരിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ മാര്‍പാപ്പയെ പ്രഖ്യാപിച്ചു.
ആ സമയം, ലിയോ 14 -മാന്‍ മാര്‍പാപ്പയെ സിസ്‌റ്റൈന്‍ ചാപ്പലില്‍നിന്ന് സ്റ്റാന്‍സ ഡെല്ലെ ലാക്രിമിലേക്ക് (കണ്ണീരിന്റെ മുറി) കര്‍ദിനാള്‍മാര്‍ ആനയിച്ചു. തുടര്‍ന്നു മാര്‍പാപ്പയുടെ ഔദ്യോഗിക വേഷം ധരിച്ച് അദ്ദേഹം വിശ്വാസികളെ ആശിര്‍വദിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാല്‍ക്കണിയിലെത്തി. ബുധനാഴ്ച രാത്രി നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഇന്നലെ രാവിലെയും കറുത്ത പുക ഉയര്‍ന്നു. ഇതു വിശ്വാസികളെ നിരാശയിലാക്കിയിരുന്നു. വൈകിട്ടാണ് അവരെ ആഹ്‌ളാദത്തിലാക്കിയ ആ സന്ദേശം സിസ്‌റ്റൈന്‍ ചാപ്പലില്‍നിന്നുണ്ടായത്.
2005 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രണ്ട് ദിവസത്തിനുള്ളില്‍ നാല് ബാലറ്റുകളിലും 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് ബാലറ്റുകളിലും തെരഞ്ഞെടുക്കപ്പെട്ടു.
കത്തോലിക്കാ സഭയുടെയും കോണ്‍ക്ലേവിന്റെയും ചരിത്രത്തില്‍ മേയ് മാസത്തില്‍ രണ്ട് മാര്‍പാപ്പമാരെ മാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ. ആദ്യത്തേത് 1342-ല്‍ കത്തോലിക്കാ സഭ തെക്കന്‍ ഫ്രഞ്ച് നഗരമായ അവിഗ്‌നോണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചപ്പോഴായിരുന്നു. അന്ന് കര്‍ദിനാള്‍ പിയറി റോജറാണു തെരഞ്ഞെടുക്കപ്പെത്തത്. അദ്ദേഹം ക്ലമന്റ് ആറാമന്‍ എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. 1605 മേയ് 8 നായിരുന്നു അടുത്ത കോണ്‍ക്ലേവ്. അത്തവണ അന്ന് 27 റൗണ്ട് വോട്ടെടുപ്പ് നടന്നു. കര്‍ദിനാള്‍ കാമിലോ ബോര്‍ഗീസാണ് വിജയിച്ചത്. അദ്ദേഹം പോള്‍ ആറാമന്‍ എന്ന് അറിയപ്പെട്ടു.