-->
ഇലക്ട്രിക് വാഹന പ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിയ്ക്കുകയാണ്. കുറച്ച് ദിവസങ്ങളായി കാത്തിരുന്ന എംജി വിന്‍ഡ്സര്‍ ഇവിയുടെ പ്രോ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ എംജി വിന്‍ഡ്സര്‍ പ്രോയ്ക്ക് 17.49 ലക്ഷം രൂപയാണ് ആമുഖ വിലയായി നിശ്ചയിച്ചിരിക്കുന്നത്. വാഹനം ആദ്യം വാങ്ങാനെത്തുന്ന 8,000 പേര്‍ക്ക് മാത്രമാണ് ഈ പ്രത്യേക വിലയില്‍ ഇലക്ട്രിക് കാര്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. പുതിയ എംജി വിന്‍ഡ്സര്‍ പ്രോയില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) തെരഞ്ഞെടുക്കുന്നവര്‍ക്ക് 12.50 ലക്ഷം മുതല്‍ വണ്ടി വാങ്ങാനാവുകയും ചെയ്യും. അതേസമയം ബാറ്ററി വാടക കിലോമീറ്ററിന് 4.50 രൂപയായിരിക്കും പകരം മുടക്കേണ്ടി വരിക.
പുതിയ എംജി വിന്‍ഡ്സര്‍ പ്രോയ്ക്കുള്ള ബുക്കിംഗ് 2025 മെയ് എട്ടിന് ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. വാഹനത്തിന്റെ ടോപ്പ് എന്‍ഡ് വേരിയന്റായി വരുന്ന മോഡലിന് 52.9 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് സിംഗിള്‍ ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെ റേഞ്ചാണ് നല്‍കാനാവുക. ഇതുകൂടാതെ ട്രാഫിക് ജാം അസിസ്റ്റുള്ള ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം (ADAS), ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ പുതിയ ഫീച്ചറുകളും എംജി വിന്‍ഡ്സര്‍ ഇവി പ്രോ വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷനും വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) ചാര്‍ജിംഗും മോഡലില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നതും പ്രായോഗികത വര്‍ധിപ്പിക്കുന്ന കാര്യമാണ്.
ബാറ്ററി ശേഷിയില്‍ പുരോഗതി ഉണ്ടായിട്ടും വിന്‍ഡ്സര്‍ ഇവി പ്രോയുടെ പവര്‍, ടോര്‍ക്ക് ഔട്ട്പുട്ടുകള്‍ യഥാക്രമം 136 bhp, 200 Nm എന്നിങ്ങനെ മാറ്റമില്ലാതെ തുടരുകയാണ്. ഫ്രണ്ട്-വീല്‍ ഡ്രൈവ് സെറ്റപ്പോടെയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്. ചാര്‍ജിംഗിനെ സംബന്ധിച്ചിടത്തോളം വിന്‍ഡ്സര്‍ ഇവി പ്രോയില്‍ 7.4kWh AC ചാര്‍ജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 9.5 മണിക്കൂര്‍ സമയമാണ് ചോദിക്കുന്നത്. സെലാഡണ്‍ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സില്‍വര്‍ എന്നീ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ ബ്രാന്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്.