-->
കോട്ടയം: സുഹൃത്തിനെ കഷ്ണങ്ങളാക്കി കൊത്തിനുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയും, ഭാര്യയും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ശിക്ഷ പിന്നീട്. പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ചു ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തിലെ പ്രതി മീനടം പീടികപ്പടിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആര്‍. വിനോദ്കുമാ(കമ്മല്‍ വിനോദ്)റിനെയാണ് അഡിഷണല്‍ സെഷന്‍സ് കോടതി - 2 ജഡ്ജി ജെ. നാസര്‍ കുറ്റക്കാരനാണെന്നു വിധിച്ചത്.
ഇയാളുടെ ഭാര്യ കുഞ്ഞുമോളും പ്രതിയാണെന്നു കോടതി കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കൂട്ടായ കുറ്റകൃത്യം എന്നിവയാണു പ്രതികള്‍ക്കെതിരേ കോടതി കണ്ടെത്തിയത്. 2017 ഓഗസ്റ്റ് 23-ന് രാത്രിയിലാണു കൊലപാതകം നടന്നത്. 27 നാണു തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാങ്ങാനം മന്ദിരം കലുങ്കിനു സമീപത്തു നിന്നു കണ്ടെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തതിനുശേഷം 28-നാണ് സമീപത്തെ തുരുത്തേല്‍ പാലത്തിനു സമീപത്തു നിന്നും തല കിട്ടിയത്.
വിനോദിന്റെ ഭാര്യ കുഞ്ഞുമോളും, കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. കുഞ്ഞുമോളുടെ ഫോണില്‍നിന്നും വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ കമ്മല്‍ വിനോദ് തലയ്ക്കടിച്ചു കൊന്നു എന്നാണു കേസ്. തുടര്‍ന്നു വിനോദും കുഞ്ഞുമോളും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. പിതാവിനെ ചവിട്ടിക്കൊന്നകേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണു സംഭവം.
യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ സന്തോഷും പ്രതിയാണ്.സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ വേണ്ടി സിറില്‍ തോമസ് പാറപ്പുറം, ധനുഷ് ബാബു, എസ്. സിദ്ധാര്‍ഥ എന്നിവര്‍ കോടതിയില്‍ ഹാജരായി.