-->
അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ യൂത്ത് ഐക്കണാണ് ബേസില്‍ ജോസഫ്. എല്ലാ ക്യാമ്പുകളിലും ഒരുപോലെ സ്വീകാര്യനായ, ആര്‍ക്കും പിണക്കങ്ങളോ ശത്രുതയോ ഇല്ലാത്ത ഒരു അഭിനേതാവ് കൂടിയാണ് ബേസില്‍. താരത്തിന്റെ സിനിമകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബേസിലിന്റെ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടുന്ന എലമെന്റുകള്‍ അതിലുണ്ടൊകുമെന്ന വിശ്വാസം ആരാധകര്‍ക്കുണ്ട്. ബേസിലിനെക്കുറിച്ച് പറയുമ്പോള്‍ സഹതാരങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കുമെല്ലാം നൂറു നാവാണ്.
ഇപ്പോഴിതാ ജെഎഫ്ഡബ്ല്യു മൂവി അവാർഡ്സ് വേദിയില്‍ വച്ച് ബേസിലിനെക്കുറിച്ച് പറയുകയാണ് മലയാളത്തിന്റെ പ്രിയതാരം ഷീലയും, തെന്നിന്ത്യന്‍ താരറാണി കീര്‍ത്തി സുരേഷും. താൻ ജീവിതത്തില്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ഒരേയൊരു നടനാണ് ബേസില്‍ ജോസഫെന്നാണ് ഷീല പറഞ്ഞത്. ബേസിലിന്റെ ആദ്യ ചിത്രം മുതല്‍ ‘പൊൻമാൻ’ വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും ഷീല പറഞ്ഞു. ‘‘ഞങ്ങളുടെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസില്‍ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസിലിനെ അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പടം മുതല്‍ ‘പൊൻമാൻ’ വരെ എല്ലാചിത്രങ്ങളും രണ്ടുപ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. ഗുരുവായൂർ അമ്പലനടയില്‍ സിനിമയില്‍ പൃഥ്വിരാജും ഇങ്ങേരും കുടിച്ചിങ്ങനെ ഇരിക്കുന്ന ഒരു സീനുണ്ട്. എന്റെ ദൈവമേ, എന്തൊരു അഭിനയമാണ്. അത് പിന്നെയും പിന്നെയും ഓടിച്ച് ഞാൻ രണ്ടുമൂന്നു പ്രാവശ്യംകണ്ടു. ഇനിയും ഒരുപാട് പടങ്ങള്‍ അഭിനയിക്കണം. കുറേ കുറേ പ്രായം ആവുമ്പോള്‍ ഡയറക്ഷന് പോയാല്‍മതി കേട്ടോ...’’ എന്നാണ് ഷീല പറഞ്ഞത്.
ജെഎഫ്ഡബ്ല്യു മൂവി അവാർഡില്‍ മലയാളം വിഭാഗത്തിലെ ‘മാൻ ഓഫ് ദി ഇയർ’ പുരസ്കാരം ബേസിലിന് കൈമാറി ശേഷം സംസാരിക്കുകയായിരുന്നു ഷീല. ഷീലയുടെ വാക്കുകള്‍ കേട്ട് വികാരാധീനനായ ബേസില്‍, താൻ വളരെയേറെ സന്തോഷവാനാണെന്നും പറഞ്ഞു. മറുപടി പറഞ്ഞ ബേസില്‍ ഷീലയുടെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ചു. അവാർഡ് സ്വീകരിച്ച ശേഷം താൻ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നും ഷീലയുടെ നല്ല വാക്കുകള്‍ കേട്ടതോടെ എല്ലാം മറന്നുപോയെന്നും ബേസില്‍ കൂട്ടിച്ചേർത്തു. ഇതിനിടെ വീണ്ടും ഇടപെട്ട ഷീല, ‘ഞാൻ ഇതുവരേയും ഒരു നടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ഞാൻ ആഗ്രഹിച്ച ഒരാള്‍ ഇങ്ങേരേയുള്ളൂ...’ എന്നും കൂട്ടിച്ചേർത്തു. ഷീല മാമിനെ പോലെ ഒരാള്‍ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്നും താൻ ഭയങ്കര ഹാപ്പിയാണെന്നുമായിരുന്നു ബേസിലിന്റെ മറുപടി.
അഭിനയത്തിലായാലും സംവിധാനത്തിലായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബേസില്‍ എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്. ‘‘തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസില്‍. അഭിനയത്തിലായാലും സംവിധാനത്തിലായാലും അത് കാണാം. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാല്‍ ഞങ്ങള്‍ നായികമാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാകും. വീക്കിലി സ്റ്റാറാണ് ബേസില്‍. എല്ലാ ആഴ്ചയും ഓരോ സിനിമ കാണും. ഇതൊരു തമാശയായി പറഞ്ഞതാണ്.
നടനായും സംവിധായകനായും ബേസില്‍ നേടിയിട്ടുള്ള എല്ലാ വിജയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ബേസില്‍ അഭിനയിച്ചതില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഗുരുവായൂരമ്പലനടയില്‍ ആണ്. സംവിധാനം ചെയ്തതില്‍ മിന്നല്‍ മുരളിയും. ഇനിയും അടിപൊളിയാവട്ടെ...’’ ആശംസിച്ച് കീര്‍ത്തി പറഞ്ഞു.
മാൻ ഓഫ് ദ ഇയർ പുരസ്‌കാരമാണ് ജെഎഫ്ഡബ്ല്യു വേദിയില്‍ ബേസില്‍ ഏറ്റുവാങ്ങിയത്. നുണക്കുഴി, സൂക്ഷ്മദർശിനി, ഗുരുവായൂരമ്പലനടയില്‍ തുടങ്ങി 2024ല്‍ തിയേറ്ററുകളിലെത്തിയ വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ബേസിലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ബേസില്‍ നായകനായി ഒടുവില്‍ പുറത്തെത്തിയ ചിത്രം മരണമാസ് ആണ്. സിജു സണ്ണിയുടെ തിരക്കഥയില്‍ ശിവപ്രസാദ് സംവിധാനം ചെയ് ത ചിത്രത്തില്‍ ലൂക്ക് എന്ന കഥാപാത്രമായാണ് ബേസില്‍ എത്തിയത്. ടൊവിനോ തോമസ് നിർമിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡാർക്ക് ഹ്യൂമർ ജോണറിലെത്തുന്ന ചിത്രത്തിലെ ബേസിലിന്റെ ഗെറ്റപ്പും പെര്‍ഫോമന്‍സും ശ്രദ്ധ നേടിയിരുന്നു.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകർ. അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുക്കുമെന്നും ഈ വർഷം തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയാണെന്നും ബേസില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.