-->
ആലപ്പുഴ: രാജ്യത്തിന്റെ പ്രധാനപദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ താന്‍ നേരത്തേ എത്തിയതില്‍ ഒരു രാജവംശത്തിലെ മരുമകന് സങ്കടമെന്നും അദ്ദേഹം അതിന് ഒരു ഡോക്ടറെ പോയി കണ്ട് മരുന്നുവാങ്ങുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖരന്റെ അല്‍പ്പത്തരത്തിന് കേരളം സാക്ഷിയായെന്ന സിപിഎം വിമര്‍ശനത്തിനാണ് രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കിയത്.
താന്‍ നേരത്തേ വന്നതിലാണ് സങ്കടമെന്നും എന്നാല്‍ തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നേരത്തേ വന്നതിനാല്‍ അവര്‍ക്കൊപ്പം വരണമെന്ന് കരുതിയാണ് താനും നേരത്തേ എത്തിയതെന്നും എല്ലാവരും വിഐപി ലോഞ്ചിലേക്ക് പോയപ്പോള്‍ പ്രവര്‍ത്തകരെ കാണണമെന്ന് പറഞ്ഞാണ് താന്‍ നേരത്തേ വേദിയില്‍ കയറിയതെന്നും പറഞ്ഞു. 11 മണിക്ക് നടക്കാനിരിക്കുന്ന പരിപാടിക്കായി രാജീവ് ചന്ദ്രശേഖര്‍ 8.45 ന് വിഴിഞ്ഞത്തെ വേദിയില്‍ എത്തിയതിന് ഇന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയും സിപിഎം നേതാക്കളും പരസ്യമായി വിമര്‍ശിച്ചിരുന്നു.
ഇന്നലെ രാത്രി മുഴുവന്‍ സിപിഎമ്മുകാര്‍ എന്നെ ട്രോളുകയായിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ ഇവിടെ നില്‍ക്കാന്‍ പോകുന്നില്ല. ഈ ട്രെയിനില്‍ ഇടതുപക്ഷത്തിന് കയറണമെങ്കില്‍ കയറാമെന്നും മരുമകനും കയറാമെന്നും വികസിത കേരളമാണ് ഈ ട്രെയിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജെയ് വിളിച്ചു. അപ്പോള്‍ ഒപ്പം താനും അത് ചെയ്തുവെന്നും ഇതെല്ലാം കാണുമ്പോള്‍ കമ്യുണിസ്റ്റ് രാജവംശത്തിലെ മരുമകനാണ് സങ്കടമെന്നും ആ സങ്കടത്തിനുള്ള മറുമരുന്ന് ഒരു ഡോക്ടറെ പോയി കാണലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ ഇങ്ങിനെ സങ്കടപ്പെടാനിരുന്നാല്‍ വരും കാലത്ത് കൂടുതല്‍ സങ്കടപ്പെടാനുള്ളതല്ലെ എന്നും പറഞ്ഞു. ഇനി ഇവിടെ ഉറക്കമുണ്ടാകില്ലെന്നാണ് മോദിജി പറഞ്ഞത്. അത് ശരിയാകുമെന്നും പറഞ്ഞു.
വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങില്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയിലിരുന്നതിനെ രൂക്ഷമായി പരിഹസിച്ച് മന്ത്രി റിയാസ് നേരത്തേ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിലും പോസ്റ്റിട്ടിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് 'ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കില്‍ പരിഹാസമുന്നയിച്ചത്.