-->
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഒരേ സമയം തിളങ്ങി നില്‍ക്കുന്ന താരമാണ് ആര്‍.മാധവന്‍. പ്രണയനായകനായി ബിഗ് സ്ക്രീനിലൂടെ ആരാധകരുടെ മനം കവര്‍ന്നിരുന്ന താരം, നൈന്റീസ് കിഡ്‌സിന്റെയിടയില്‍ ആര്‍ എന്നാല്‍ ആര്‍ മാധവന്റെ റൊമാന്‍സ് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമായിരുന്നു. അതിന്റെ പ്രധാന കാരണം അലൈപായുതേ എന്ന റൊമാന്റിക് സിനിമയാണ്. പിന്നീട് സീരിയസ് കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളുമടക്കം ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടി.
ആദ്യമായി മാധവന്‍ സംവിധാനം ചെയ്ത ഐ.എസ്.ആർ.ഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയ റോക്കട്രി: ദ നമ്പി എഫക്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. പത്മഭൂഷണ്‍ നല്‍കി ആദരിക്കും മുന്‍പ് നമ്പി നാരായണന് കിട്ടിയ പദവി രാജ്യദ്രോഹി എന്നതായിരുന്നു. അതിനു പിന്നിലെ സത്യങ്ങളാണ് ഈ സിനിമ കാണിച്ചു തന്നത്. സിനിമകളില്‍ അഭിനയിക്കുമ്പോള്‍ മാത്രമല്ല സാമൂഹിക വിഷയങ്ങളലിടക്കം തന്റെ നിലപാടുകള്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് ആര്‍. മാധവന്‍.
ഇപ്പോഴിതാ NCERT സ്കൂള്‍ പാഠ്യപദ്ധതിയിലെ ചരിത്രപരമായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള നിലവിലെ സംവാദത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയാണ് ആര്‍. മാധവന്‍. മുഗള്‍ രാജവംശം സ്കൂള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ ആനുപാതികമല്ലാത്ത വലിയൊരു ഭാഗം കൈവശപ്പെടുത്തിയിരുന്നുവെന്നും ഇത് പറയുന്നത് തനിക്ക് കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നും മാധവന്‍ പറഞ്ഞു.
‘‘ഈ ചോദ്യം ചെയ്യല്‍ എനിക്ക് കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാം, പക്ഷേ ഞാന്‍ അത് പറഞ്ഞിരിക്കും...’’ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മാധവന്‍ സംസാരിച്ചു തുടങ്ങിയത്. ‘‘ചെറുപ്പത്തില്‍ സ്കൂളില്‍ ചരിത്രം പഠിച്ചപ്പോള്‍, മുഗളന്മാരെക്കുറിച്ച് എട്ട് അധ്യായങ്ങളും ഹാരപ്പ, മോഹൻജൊദാരോ നാഗരികതകളെക്കുറിച്ച് രണ്ട് അധ്യായങ്ങളും, ബ്രിട്ടീഷ് ഭരണത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് നാല് അധ്യായങ്ങളും, ദക്ഷിണേന്ത്യയിലെ ചോളർ, പാണ്ഡ്യർ, പല്ലവർ, ചേരർ എന്നിവരെക്കുറിച്ച് ഒരു അധ്യായവും മാത്രമാണ് ഉണ്ടായിരുന്നത്.
ബ്രിട്ടീഷുകാരും മുഗളന്മാരും നമ്മെ ഏകദേശം 800 വർഷത്തോളം ഭരിച്ചു, എന്നാല്‍ ചോള സാമ്രാജ്യത്തിന് 2,400 വർഷം പഴക്കമുണ്ട്. അവർ സമുദ്രയാത്രയുടെയും നാവിക ശക്തിയുടെയും തുടക്കക്കാരായിരുന്നു. റോം വരെ നീളുന്ന സുഗന്ധവ്യഞ്ജന പാതകള്‍ അവർക്കുണ്ടായിരുന്നു. നമ്മുടെ ചരിത്രത്തിലെ ആ ഭാഗം എവിടെ?
നമ്മുടെ ശക്തമായ നാവികസേന ഉപയോഗിച്ച് അങ്കോർ വാട്ട് വരെ ക്ഷേത്രങ്ങള്‍ നിർമ്മിച്ചതിനെക്കുറിച്ച് എവിടെയാണ് പരാമർശം? ജൈനമതവും ബുദ്ധമതവും ഹിന്ദുമതവും ചൈനയിലേക്ക് വ്യാപിച്ചു. കൊറിയയിലെ ആളുകള്‍ പകുതി തമിഴ് സംസാരിക്കുന്നു, കാരണം അത്രത്തോളം നമ്മുടെ ഭാഷ എത്തിച്ചേർന്നു. ഇതെല്ലാം നമ്മള്‍ ഒരു അധ്യായത്തില്‍ മാത്രം ഒതുക്കി.
ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്യാനുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (NCERT)തീരുമാനത്തെക്കുറിച്ച് നിലവില്‍ ഒരു സംവാദം നടക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ ഭാഗങ്ങള്‍ക്ക് പകരം ‘പുണ്യ ഭൂമിശാസ്ത്രം’, മഹാകുംഭമേള, മേക്ക് ഇൻ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള ഉള്ളടക്കമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴിനെ അവഗണിക്കുന്നുവെന്ന തരത്തിലുള്ള വിമർശനങ്ങളുമുണ്ട്. ഇത് ആരുടെ ആഖ്യാനമാണ്? ആരാണ് സിലബസ് തീരുമാനിച്ചത്? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്, പക്ഷേ ആർക്കും അതിനെക്കുറിച്ച് അറിയില്ല. നമ്മുടെ സംസ്കാരത്തില്‍ ഒളിഞ്ഞിരിക്കുന്ന ശാസ്ത്രീയ അറിവുകള്‍ ഇപ്പോള്‍ പരിഹസിക്കപ്പെടുകയാണ്. ‘കേസരി ചാപ്റ്റർ 2’ ഈ ആഖ്യാനം മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിയാക്കണമെങ്കില്‍, ചെറിയ സ്വാതന്ത്ര്യങ്ങള്‍ എടുത്തതിന് ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ ആഖ്യാനം മാറ്റിയിട്ടുണ്ടെങ്കില്‍ മാത്രം പറയുക. ചരിത്രത്തോട് നീതി പുലർത്താത്ത ഒരു കാര്യവുമായി ഞങ്ങള്‍ വരികയാണെങ്കില്‍ മാത്രം ഞങ്ങളെ കുറ്റപ്പെടുത്തുക. ചരിത്രത്തെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിന് ഞങ്ങളെ കുറ്റപ്പെടുത്തരുത്.
ബ്രിട്ടീഷുകാർ ചരിത്രത്തെ എങ്ങനെ പുനരാവിഷ്കരിച്ചു എന്നതിനും നിരാശയുണ്ട്. ജനറല്‍ ഡയറും അദ്ദേഹത്തിന്റെ പേരക്കുട്ടിയും പറഞ്ഞത് നമ്മള്‍ വെടിവെച്ച് കൊല്ലപ്പെടേണ്ട തീവ്രവാദികളും കൊള്ളക്കാരുമായിരുന്നു എന്നാണ്. വെടിയുണ്ടകള്‍ തീർന്നതുകൊണ്ടാണ് അദ്ദേഹം വെടിവെപ്പ് നിർത്തിയത്. തെറ്റായ ഒരു ആഖ്യാനം സൃഷ്ടിക്കാൻ തക്കവണ്ണം നിങ്ങള്‍ക്ക് എങ്ങനെ ചരിത്രത്തെ വെള്ളപൂശാൻ കഴിയും? ഇതൊരു വസ്തുതയാണ്...’’ മാധവന്‍ തുറന്നു പറഞ്ഞു. ‘കേസരി ചാപ്റ്റർ 2: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയൻവാലാ ബാഗ്’ എന്ന ചിത്രത്തിന്റെ പ്രമേയത്തില്‍ ചരിത്രത്തിന് വിരുദ്ധമായി സർഗ്ഗാത്മക സ്വാതന്ത്ര്യം എടുത്തു എന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്‍. മാധവന്‍.