-->
രേഖാചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് സമ്മാനവുമായി നിര്‍മാതാവ് വേണു കുന്നപ്പിളളി. ചിത്രത്തിന്റെ എഡിറ്ററായ ഷമീര്‍ മുഹമ്മദാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയ്ക്കായി ലഭിച്ച പ്രതിഫലത്തിന് പുറമെ തൊഴിലാളി ദിനത്തില്‍ ഒരു തുക കിട്ടിയതായും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുളള എല്ലാവര്‍ക്കും ഈ തുക ലഭിച്ചതായും ഷമീര്‍ പറയുന്നു.
ഷമീര്‍ മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യൂക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയൂം സ്വപ്നമാണ് , വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വര്‍ഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം , ഈ വര്‍ഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ് .സിനിമയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ ഓരോരുത്തരും സംതൃപ്തരാണ് . സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞ ശമ്പളം എല്ലാവര്‍ക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവ് , എന്നാല്‍ ലോക തൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൊണ്ടില്‍ കാവ്യാ ഫിലിം കമ്പനിയില്‍ നിന്നും ഒരു തുക ക്രെഡിറ്റായി . വിളിച്ചു ചോദിച്ചപ്പോള്‍ എനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുന്‍പുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു . ഇതൊരു മാതൃകയാണ് , ആത്മാര്‍ത്ഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോള്‍ ഓര്‍ക്കുന്നത് . ഇനിയും കാവ്യ ഫിലിമ്‌സിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങള്‍ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു . നന്ദി വേണു കുന്നപ്പിള്ളി , ആന്റോ ചേട്ടന്‍ , ജോഫിന്‍ ... ടീം രേഖാചിത്രം.