-->
റിയല്‍മി ഇന്ത്യയിലെ തങ്ങളുടെ ഏഴാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പരമാവധി 11000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു വാര്‍ഷിക സെയിലും (realme 7th Anniversary Sale) റിയല്‍മി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 1 മുതല്‍ 8 വരെയാണ് ഈ വാര്‍ഷികാഘോഷ സെയില്‍ നിശ്ചയിച്ചിരിക്കുന്നത്. റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ വന്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ ഈ ഓഫര്‍ സെയില്‍ ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
വാര്‍ഷിക വില്‍പ്പനയുടെ ഭാഗമായി റിയല്‍മി പി സീരീസ്, നമ്പര്‍ സീരീസ്, ജിടി സീരീസ് എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാകും. ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഈ ഡീലുകളില്‍ ചിലത് ലഭ്യമാണ്. ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകള്‍, ബാങ്ക് ഡിസ്‌കൗണ്ടുകള്‍, പ്ലാറ്റ്ഫോം കൂപ്പണുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഓപ്ഷനുകള്‍ എന്നിവ ഓണ്‍ലൈനിലും ഓഫ്ലൈനിലും ലഭ്യമാണ്. ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് റിയല്‍മി ഇന്ത്യ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ മറ്റ് ചില സുപ്രധാനമായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യയിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ AIoT ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം പ്രാദേശികവല്‍ക്കരിക്കാന്‍ റിയല്‍മി ലക്ഷ്യമിടുന്നു. ഇതിനകം ഇന്ത്യയില്‍ 100 ദശലക്ഷത്തിലധികം സ്മാര്‍ട്ട്ഫോണുകള്‍ റിയല്‍മി നിര്‍മ്മിച്ചു എന്നാണ് അവര്‍ പറയുന്നത്.
റിയല്‍മി ഇന്ത്യയില്‍ പ്രതിവര്‍ഷം 5 ദശലക്ഷം AIoT ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കുകയും 2,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് എന്ന് കമ്പനി പറയുന്നു. കൂടാതെ കൗണ്ടര്‍പോയിന്റിന് 55% വാര്‍ഷിക TWS കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി. റീട്ടെയില്‍ സേവനവും മെച്ചപ്പെടുത്തി, ഇതിനകം 40,000-ത്തിലധികം റീട്ടെയില്‍ സ്റ്റോറുകളില്‍ റിയല്‍മി ഡി?വൈസുകള്‍ ലഭ്യമാണ്. 2025 അവസാനത്തോടെ 650+ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കാനും റിയല്‍മിക്ക് പദ്ധതിയുണ്ട്.