-->
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ് (Hero Motocorp). രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കിനെയും പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌ക്കരിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ 2025 ഹീറോ HF 100 ബൈക്ക് 60,118 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. മുമ്പ് 59,018 രൂപയ്ക്കാണ് മോഡല്‍ വിപണിയില്‍ എത്തിയിരുന്നതെങ്കില്‍ ഇത്തവണ 1,100 രൂപയുടെ ചെറിയ വില വര്‍ധനവും എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്.
സ്‌റ്റൈലിംഗില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈനിലും കളര്‍ ഓപ്ഷനിലും ഗ്രാഫിക്സിലും നവീകരണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ 2025 ഹീറോ HF 100 മുമ്പത്തെപ്പോലെ തന്നെയാണ് കാണപ്പെടുന്നത്. പ്രായോഗികതയിലും വിശ്വാസ്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലളിതവും പ്രവര്‍ത്തനപരവുമായ ഒരു രൂപമാണ് ഇതിന് ഉള്ളത്. മുമ്പത്തെപ്പോലെ തന്നെ റെഡ് ബ്ലാക്ക്, ബ്ലൂ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളും ബൈക്കിന് തുടര്‍ന്നും ലഭിക്കും. ആധുനിക മോട്ടോര്‍സൈക്കിളുകളില്‍ കാണുന്ന മോഡേണ്‍ ഫീച്ചറുകളോ മറ്റ് ആഡംബരങ്ങളോ ഒന്നുമില്ലാത്ത പക്കാ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണിത്.
എഞ്ചിന്‍ ഓഫ് ഓണ്‍ ഫാള്‍, സൈഡ്-സ്റ്റാന്‍ഡ് ഡൗണ്‍ എഞ്ചിന്‍ കട്ട്-ഓഫ് തുടങ്ങിയ ചില സവിശേഷതകള്‍ ഹീറോ HF 100 മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നുണ്ട്. ഹെഡ്ലാമ്പ്, ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ലൈറ്റിംഗ് സംവിധാനങ്ങളെല്ലാം ഹാലൊജന്‍ യൂണിറ്റുകളാണ്. കണ്‍സോളില്‍ അനലോഗ് സ്പീഡോമീറ്ററും ഒരു ഫ്യുവല്‍ ഗേജും മറ്റ് ടെല്‍ടെയില്‍ ലൈറ്റുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. പരീക്ഷിച്ചു വിജയിച്ച 97.2 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനുമായാണ് ഏറ്റവും പുതിയ 2025 മോഡല്‍ ഹീറോ HF 100 മോട്ടോര്‍സൈക്കിള്‍ വിപണനത്തിന് എത്തുന്നത്.
നാല് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 8.02 കരുത്തും 6,000 ആര്‍പിഎമ്മില്‍ 8.05 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്‌പ്ലെന്‍ഡര്‍ സീരീസ്, പാഷന്‍ പ്ലസ്, HF ഡീലക്‌സ് എന്നിവയില്‍ ഉപയോഗിക്കുന്ന അതേ എഞ്ചിനാണ് ഇതിലും ഒരുക്കിയിരിക്കുന്നത്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ രണ്ട്-ഘട്ടമായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഹീറോ കൊടുത്തിരിക്കുന്നത്.