Wednesday, March 11, 2026 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 11.59 AM

40 ലക്ഷത്തോളം ചെലവ്, പത്തിരട്ടി കളക്ഷന്‍; ആ റെക്കോര്‍ഡ് കലാഭവന്‍ മണിക്കായി സമര്‍പ്പിക്കുന്നു; വിനയന്‍

vinayan

കലാഭവൻ മണി പ്രധാന വേഷത്തിലെത്തിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുടെ ബജറ്റ്, കളക്ഷൻ എന്നിവ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് സംവിധായകൻ വിനയൻ. സിനിമയുടെ ബജറ്റ് 40 ലക്ഷം രൂപയാണെന്നും നിർമാതാവിന്റെ ഷെയർ മാത്രമായി മൂന്നു കോടി എൺപത് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും വിനയൻ വ്യക്തമാക്കി. മുടക്കുമുതലിന്റെ പത്തിരട്ടി കളക്ഷൻ ലഭിച്ച ചിത്രം വേറെയില്ല എന്ന നിർമാതാവ് മഹാ സുബൈറിന്റെ വാദം ശരിയാണങ്കിൽ ആ റെക്കോർഡ് കലാഭവൻ മണിക്കായി സമർപ്പിക്കുന്നുവെന്നും വിനയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നിർമാതാവ് മഹാസുബൈറിന്റേതായി വന്ന ഈ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയിൽ ഞാൻ ആ സിനിമയുടെ കളക്‌ഷനെ പറ്റി ചിന്തിച്ചിരുന്നില്ല. അന്ന് നാൽപ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. ഇന്നത്തെ നിലയിൽ നാലു കോടിയിൽപരം രൂപ.

മൂന്നു കോടി എൺപതു ലക്ഷം രൂപ അന്ന് കളക്ഷൻ നേടി (നിർമാതാവിന്റെ മാത്രം ഷെയറാണ്. തിയേറ്റർ വിഹിതവും വിനോദ നികുതിയും ഉൾപ്പടെ ഇന്നു പറയുന്ന മൊത്തം കളക്ഷന്‍ കിട്ടാൻ അതിന്റെ രണ്ട് ഇരട്ടി കൂടി കൂട്ടണം) ഇത് ഒരു വലിയ വിജയം തന്നെ ആയിരുന്നു. മുടക്കു മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കിൽ ആ റെക്കോർഡ് അന്തരിച്ച മഹാനായ കലാകാരൻ കലാഭവൻ മണിക്കായി ഞാൻ സമർപ്പിക്കുന്നു.

1999ൽ കാക്കനാട്ടുള്ള ഹിൽവ്യൂ ഹോട്ടലിൽ വച്ച് ആദ്യമായി എനിക്ക് അഡ്വാൻസ് തന്നത് സുബൈർ ആയിരുന്നു. അതിന് ശേഷമാണ് വിന്ധ്യനും, സർഗം കബീറും, ലത്തീഫിക്കയുമൊക്കെ ആ സിനിമയുടെ നിർമാണച്ചുമതലയിലേക്ക് വന്നത്. കലാഭവൻ മണിയെ ആദ്യമായി നായകനാക്കിയ ആ ചിത്രത്തെ ഒരു പരീക്ഷണ ചിത്രമായിട്ടാണ് അന്ന് എല്ലാവരും കണ്ടത്.

ആകാശ ഗംഗയും, കല്യാണ സൗഗന്ധികവും, ഇൻഡിപ്പെൻഡൻസും പോലുള്ള എന്റെ കൊച്ചു സിനിമകൾ വലിയ വിജയം നേടിയിരുന്ന ആ സമയത്ത് ഇങ്ങനെ ഒരു പരീക്ഷണ ചിത്രത്തിനു പോണോ എന്ന് പലരും ചോദിച്ചിരുന്നു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർ കുറവായിരുന്ന ആ സിനിമ പിന്നീട് നൂറു ദിവസത്തിലധികം തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകൾ തീർത്തു. അതുവരെ കോമഡി മാത്രം ചെയ്തിരുന്ന കലാഭവൻ മണി അഭിനയ കലയുടെ കൊടുമുടിയിലെത്തി ദേശീയ അവാർഡ് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് ബോധം കെട്ടു വീണ കഥയൊക്കെ സിനിമാ പ്രേമികൾക്ക് മറക്കാൻ കഴിയില്ലല്ലോ?

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ മുതൽ ഇപ്പോൾ തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി നിറഞ്ഞോടുന്ന ‘തുടരും’ വരെയുള്ള സിനിമകൾ നോക്കുമ്പോൾ ശതകോടികൾ മുടക്കുമുതലുള്ള സിനിമകളേക്കാളും കാമ്പുള്ള കഥ പറയുന്ന സിനിമകളെ മലയാളി ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കു മനസ്സിലാകും.. ന്യൂ ജനറേഷന്റെ ആസ്വാദന നിലവാരത്തിനൊത്ത സിനിമകളുടെ ഇന്നത്തെ തിരക്കിനിടയിലും മനസ്സിൽ തട്ടുന്ന കഥകളുള്ള സിനിമകളുടെ ഇടം പൂർണമായി നഷ്ടപ്പെട്ടിട്ടില്ല.

ജീവിത പ്പോരാട്ടങ്ങളുടെ വ്യഥയും.. ഏതു ദുഃഖത്തിലും സ്നേഹത്തോടെ ചേർത്തുപിടിക്കപെടുന്നവന്റെ സന്തോഷക്കണ്ണീരും. ആത്മാർഥതയുടെ അന്തസത്തതയുമൊന്നും എത്ര തലമുറമാറ്റമുണ്ടായാലും മാറുന്നതല്ലല്ലോ ? വിനയന്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW