-->
അടുത്തിടെയായി മലയാള സിനിമയിലെയും മറ്റ് സെലിബ്രിറ്റികളായ സ്ത്രീകളെയും അപമാനിക്കുന്നവര്‍ നിയമത്തിനു മുന്നില്‍ അകപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അവരില്‍ പലരും സോഷ്യല്‍ മീഡിയ വഴിയാണ് തങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ നെഗറ്റീവ് കമന്റുകളിലൂടെ കുറിക്കാറുള്ളത്. ഈയടുത്താണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വർക്കി എറണാകുളം സബ് ജയിലില്‍ റിമാന്‍ഡിലായത്.
സോഷ്യല്‍ മീഡിയയിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതാണ് ആറാട്ടണ്ണന് കുരുക്കായി മാറിയത്. ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരായിരുന്നു താരത്തിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ അശ്ലീല പരാമർശത്തില്‍ അറസ്റ്റിലായിട്ടും ആറാട്ടണ്ണനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. ഇതിലൊക്കെ കേസ് എടുക്കാനും മാത്രമുള്ളതായിട്ട് എന്താണുള്ളതെന്നാണ് പലരും പ്രധാനമായും ചോദിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഇത്തരക്കാർക്ക് കൃത്യമായ മറുപടി നല്‍കുകയാണ് ഭാഗ്യലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘‘ഏതാനും ദിവസം മുമ്പ് മലയാള സിനിമയിലെ അമ്മ എന്ന സംഘടനയില്‍ ഉള്ള കുക്കു പരമേശ്വരന്‍ അടക്കമുള്ള കുറേ ഫീമെയില്‍ ആർട്ടിസ്റ്റുകളും ഞാനും സന്തോഷ് വർക്കി എന്ന വ്യക്തിക്കെതിരെ ഒരു പരാതി കൊടുത്തിരുന്നു. അങ്ങനെ പരാതി കൊടുക്കാൻ ഉണ്ടായ ഒരു സാഹചര്യമൊക്കെ എല്ലാവർക്കും അറിയാം.
നിരന്തരം സ്ത്രീകള്‍ക്കെതിരെ വളരെ മോശമായ രീതിയിലുള്ള പരാമർശം നടത്തുക, രാത്രികാലങ്ങളില്‍ സ്ത്രീകളെകുറിച്ച് പല കാര്യങ്ങളും വിളിച്ച് പറയുക തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. ഇതൊക്കെ നിരന്തരം കണ്ട് അതിലെയെങ്ങാനും പോട്ടെ എന്ന രീതിയില്‍ നമ്മളെല്ലാവരും വിടാറുണ്ട്.
ഏറ്റവും ഒടുവില്‍ അദ്ദേഹം ഒരുഫേസ്ബുക് പോസ്റ്റ് ആണ് ഇട്ടത്. അതായത് മലയാള സിനിമയിലെ സ്ത്രീകള്‍ എല്ലാവരും ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് അയാള്‍ പോസ്റ്റ് ഇട്ടത്. ആ വാക്ക് പറയാൻ എനിക്ക് താല്പര്യമില്ല. സത്യത്തില്‍ സിനിമയിലുള്ള എല്ലാവർക്കും തന്നെ വളരെയധികം ഒരു പ്രതിഷേധിക്കേണ്ട വിഷയം തന്നെയാണ് ഇതെന്ന് തോന്നി. കാരണം ഇനിയും ഇതിങ്ങനെ വിട്ടുകൂടാ, ഒരു സന്തോഷ് വർക്കി അല്ല ഇതുപോലെയുള്ള പല ആളുകളും ഉണ്ട്.
അപ്പോള്‍ എല്ലാവരും ഒന്നിച്ചുകൂടി തീരുമാനിച്ചുകൊണ്ട് തന്നെയാണ് അങ്ങനെ ഒരു നടപടിയിലേക്ക് ഞങ്ങള്‍ പോയത്. ഒടുവില്‍ കോടതി അയാളെ 14 ദിവസം റിമാൻഡ് ചെയ്തു. ചിലപ്പോള്‍ അതിന് ഇടക്ക് ജാമ്യം നേടി ഇറങ്ങുമായിരിക്കാം. എന്താണ് ഇനി കോടതി പറയുന്നത് എന്നൊന്നും നമുക്കറിയില്ല. അത് അവിടെ ഇരിക്കട്ടെ. ഈ ഒരു സംഭവത്തിന്റെ പേരില്‍ ചില ആളുകളുടെ വീഡിയോ പരാമർശങ്ങള്‍ ഞാൻ കണ്ടു. ഈ വ്യക്തിയെ അല്ലെങ്കില്‍ ഇങ്ങനെ പറയുന്ന ഇത്തരം പ്രവർത്തികള്‍ ചെയ്യുന്നവരെ ന്യായീകരിച്ചുകൊണ്ടുള്ള ചില ആളുകളുടെ വീഡിയോസാണ് കണ്ടത്.
നിരന്തരമായിട്ട് സമൂഹത്തിലെ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം പറയുന്നവർ തന്നെയാണ്. അതില്‍ ഒരാള്‍ പറയുന്നത് കേട്ടു ‘എന്തോന്നടെ ഇത്, ഇത്ര വലിയ കേസാണോ ഇതൊക്കെ, ഇയാള്‍ക്കെതിരെ പരാതി കൊടുക്കാനും അയാളെ അകത്താക്കാനും ഒക്കെ ഇത്രയും താല്പര്യം കാണിച്ച ഈ മലയാള സിനിമയിലെ സ്ത്രീകള്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോള്‍ അന്ന് കരഞ്ഞ് ചാനലില്‍ കൂടി സംസാരിച്ച പെണ്ണിനു വേണ്ടി ഇവരാരും ഒപ്പം നിന്നില്ലല്ലോ? അല്ലെങ്കില്‍ അവർക്കു വേണ്ടി പോലീസില്‍ പരാതി കൊടുക്കാൻ തയ്യാറായില്ലല്ലോ?’ എന്നൊക്കെ ഒരാള്‍ പറയുന്നുണ്ടായിരുന്നു.
അദ്ദേഹത്തിനോട് എനിക്ക് പറയാനുള്ളത് തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് പറഞ്ഞ ആ പെണ്‍കുട്ടിയോടൊപ്പം ഞങ്ങള്‍ നിന്നില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. ഞങ്ങള്‍ 24 മണിക്കൂറും വീഡിയോയോ ഫേസ്ബുക് പോസ്റ്റോ ഇടുന്നവരല്ല. അങ്ങനെ ഇടണം എന്ന് വലിയ നിർബന്ധവും ഇല്ല. ഞങ്ങള്‍ക്ക് അങ്ങനെ ഇടാൻ താല്പര്യവുമില്ല. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളുമൊക്കെ എപ്പോഴും സമൂഹത്തെ ഇങ്ങനെ ബോധ്യപ്പെടുത്തികൊണ്ടിരിക്കണം എന്ന നിയമം വല്ലതുമുണ്ടോ. അതോ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ഞങ്ങള്‍ പ്രതികരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ പറയാത്ത കാര്യങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികരിക്കാന്‍ പാടില്ല എന്നാണോ?
സഹായിക്കേണ്ടവരെ ഞങ്ങള്‍ വളരെ നിശബ്ദമായി സഹായിക്കുകയും നിശബ്ദമായി സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അതായത് നിശബ്ദം എന്ന് പറഞ്ഞാല്‍ അവരോട് സംസാരിച്ചുകൊണ്ട് തന്നെ പിന്തുണയ്ക്കുന്നുണ്ട്. സത്യസന്ധമായ വിഷയങ്ങള്‍ പുറത്ത് വന്ന സംസാരിച്ച എല്ലാ വ്യക്തികളോടൊപ്പവും പ്രത്യേകിച്ച് ഞാന്‍ നിന്നിട്ടിട്ടുണ്ട്. അത്തരം അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് എന്ത് അറിയാം എന്ന് ആലോചിക്കണം.നിങ്ങള്‍ കാണുന്ന ആ സോഷ്യല്‍ മീഡിയക്കുള്ളില്‍ ഉള്ളതാണോ ലോകം അതിനും അപ്പുറത്തേക്ക് ഒരു ലോകമില്ലേ, അതിനപ്പുറത്തേക്ക് മനുഷ്യരില്ലേ. അവിടെ അഭിപ്രായങ്ങള്‍ പറയാത്ത, വീഡിയോ ഇടാത്ത എത്രയോ മനുഷ്യരുണ്ടെന്നും അവർ പറയുന്നു.
മറ്റൊരാള്‍ ഇരുന്ന് എന്തോ ഒരു കോമഡി കേരളത്തില്‍ നടന്നതുപോലെയാണ് സംസാരിക്കുന്നത് ‘ഇത്രയൊക്കെ പറയാന്‍ എന്തിരിക്കുന്നു. അയാള്‍ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ ഇതില്‍ രോഷ പ്രകടിപ്പിക്കേണ്ട ആവശ്യം എന്താണ്. സുപ്രീം കോടതി അതൊരു തൊഴില്‍ തന്നെ ആക്കാം എന്ന് അംഗീകരിച്ചു കഴിഞ്ഞല്ലോ. പിന്നെ അതിന് ഇത്ര രോഷം കൊള്ളേണ്ട കാര്യം എന്താണ്’ എന്നൊക്കെ പറയുന്നത് കേട്ടു .
ലൈംഗിക തൊഴിലാളികള്‍ ലൈംഗിക തൊഴിലാളികള്‍ എന്ന് അംഗീകാരം അവർക്ക് സുപ്രീംകോടതി നല്‍കിയാല്‍ ഇനി ഈ രാജ്യത്തെ എല്ലാവരും ലൈംഗിക തൊഴില്‍ ചെയ്യാം എന്നാണോ അർത്ഥം. അതിന് താല്പര്യമുള്ളവർ ആ വഴിക്ക് പൊക്കോട്ടെ. അതുപോലെ അതിന് ഇഷ്ടമില്ലാത്ത ആളുകളും ഇവിടെ ഉണ്ടാകില്ലേ. അതിനെ എങ്ങനെ കുറ്റം പറയാന്‍ പറ്റും. നിങ്ങള്‍ക്ക് ഒരാളെ അത്തരത്തില്‍ പരാമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ടെങ്കില്‍ അങ്ങനെ പറയരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടല്ലോ.
സുപ്രീംകോടതി അംഗീകരിച്ച ഒരു തൊഴിലാണ് അതെന്ന് താങ്കള്‍ പറയുന്നു. ഹൈക്കോടതി ഇന്ന് ആ വാക്ക് പരാമർശിച്ചതിനാണ് അയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിങ്ങള്‍ പറയുന്നത് പോലെ ഹൈക്കോടതിക്കും പറഞ്ഞുകൂടായിരുന്നോ ഈ വിഷയത്തിലെ സുപ്രീംകോടതിയുടെ നിലപാട് ഇതാണെന്ന്. എടോ എനിക്ക് ഇഷ്ടമില്ലാത്തതും എനിക്ക് ഹിതമല്ലാത്തതും എന്നെ പറയുമ്പോള്‍ എനിക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട് ഇവിടെ. അതിനുള്ള നിയമമുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
നിങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൊക്കെ ഇങ്ങനെ ഇരുന്ന് നിങ്ങള്‍ക്ക് തോന്നിയ അഭിപ്രായം പറയുകയാണ്. നിങ്ങള്‍ പറയുന്നതുപോലെ ഞങ്ങള്‍ ഇവിടെ ജീവിച്ചുകൊള്ളണം. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഞങ്ങള്‍ മറുപടി പറയണം എന്നുവെച്ചാല്‍ ബുദ്ധിമുട്ടാണ്, വളരെ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് അതിന് സൗകര്യമില്ല. ഇനി ഇതിന്റെ താഴെ വന്ന് ആരൊക്കെ എന്തൊക്കെ തെറി പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല. പക്ഷേ പ്രതികരിക്കേണ്ട വിഷയത്തില്‍ പ്രതികരിക്കേണ്ട സമയത്ത് ഞങ്ങള്‍ പ്രതികരിച്ചിരിക്കും.
നിങ്ങളുടെ ആരുടെയും ചെലവിലല്ല ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളെല്ലാം ജോലി ചെയ്ത് സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങള്‍ക്കും ഇവിടെ അവകാശങ്ങളുണ്ട്. ഞങ്ങള്‍ക്കും ഇവിടെ അഭിപ്രായങ്ങളുണ്ട്. അത് ഞങ്ങള്‍ പറഞ്ഞിരിക്കും. അത് മസ്സിലാക്കിയാല്‍ നന്ന്...’’ ഭാഗ്യലക്ഷ്മി പറഞ്ഞു.