-->
കൊച്ചി: ദിലീപിനെ സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്കയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നാലെ അംഗത്വം രാജി വെച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കുന്നതിലാണ് പ്രതിഷേധം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഇന്നലെ എറണാകുളം കോടതി വെറുതേ വിട്ടിരുന്നു. ഇതിന് പിന്നാലെ കോടതിവിധിയെ സ്വാഗതം ചെയ്തും ദിലീപിനെ ഫെഫ്ക്കയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചും ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വന്നിരുന്നു.
അതിജീവിതയുടെ കേസില്‍ ദിലീപിനെ വെറുതേ വിട്ടപ്പോള്‍ അതൊരു കീഴ്‌ക്കോടതിയാണെന്നും ഇതിന് മുകളില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഉണ്ടെന്നും അറിഞ്ഞിട്ടും ദിലീപിനെ തിരിച്ചെടുക്കാനുള്ള ആവേശമാണ് സംഘടന കാണിക്കുന്നതെന്നും വേട്ടക്കാരനും അയാളെ സംരക്ഷിക്കുന്നവര്‍ക്കും ഒപ്പം ഒരേ സംഘടനയില്‍ ഇരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മി തന്റെ രാജി പ്രഖ്യാപിച്ചത്. മലയാളത്തിലെ ഒരു സിനിമാ സംഘടനയുമായും ഇനി സഹകരിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ലോകം മുഴുവന്‍ ദിലീപിന്റെ സ്വാധീനവും പണവും അയാളെ രക്ഷിക്കുമെന്ന് പറഞ്ഞപ്പോള്‍ സിനിമാ സംഘടനകള്‍ വേട്ടക്കാരനെ സ്വാഗതം ചെയ്യുകയാണെന്നും പറഞ്ഞു.
പുരുഷാധിപത്യത്തയില്‍ തുടരുന്ന അമ്മ സംഘടന ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന സൂചന ആദ്യം മുതലേ നല്‍കിയിരുന്നു. പിന്നാലെ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം മുതലുള്ള ഫെഫ്ക്കയും വേട്ടക്കാര്‍ക്കൊപ്പമാണ് അതിജീവിതയ്‌ക്കൊപ്പമല്ല എന്നാണ് കാണിക്കാനാണ് ശ്രമിക്കുന്നത്. വേട്ടക്കാരനും വേട്ടക്കാരനെ സംരക്ഷിച്ചവരും അംഗമായ സംഘടനയില്‍ എങ്ങിനെയാണ് അവര്‍ക്കൊപ്പം കുറ്റബോധമില്ലാതെ ഈ സംഘടനയില്‍ ഇരിക്കുക എന്നുമാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ദിലീപ് അറസ്റ്റിലായപ്പോള്‍ ഏറ്റവും ആദ്യം പുറത്താക്കിയ സംഘടനയാണ് ഫെഫ്ക്കയെന്നും അദ്ദേഹം കുറ്റവിമുക്തനാകുമ്പോള്‍ ആദ്യം തന്നെ അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള പ്രഖ്യാപനം നടത്തിയതും ഫെഫ്ക്കയാണ്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടാണ് ഭാഗ്യലക്ഷ്മി സംഘടനയില്‍ നില്‍ക്കുന്നത്. നേരത്തേ നിര്‍മ്മാതാവ് സാന്ദ്രാതോമസും ദിലീപിനെ തിരിച്ചെടുക്കാന്‍ സിനിമാ സംഘടനകള്‍ ധൃതി കാട്ടുന്നതായി പറഞ്ഞിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയിലാണ് ദിലീപിന് സംഘടനയില്‍ മെമ്പര്‍ഷിപ്പ്.