Monday, March 16, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 04.38 PM

' മലയാള സിനിമയുടെ കണക്കുകള്‍ പുറത്തിട്ട് അലക്കാന്‍ ഇവരെ ആര് ഏല്‍പ്പിച്ചു, ഒന്നാന്തരം ഏഭ്യത്തരം' ; വിമര്‍ശിച്ച് നിര്‍മാതാവ്

film, data
photo-www.facebook.com/santhoshtkuruvilla

മലയാള സിനിമകളുടെ കണക്കുകൾ പുറത്തുവിടാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തിനെതിരേ രൂക്ഷവിമർശനവുമായി നിർമാതാവ് സന്തോഷ് ടി കുരുവിള. വളരെ രഹസ്യമായി സൂക്ഷിക്കേണ്ട കണക്കുകൾ പുറത്തുവിടാൻ ഇവരെ ആരാണ് ഏൽപ്പിച്ചതെന്ന് അറിയില്ല. ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ പ്രവർത്തി അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

" വെയ് രാജാ വെയ് "

ഒന്നു വെച്ചാൽ രണ്ട് രണ്ട് വെച്ചാൽ നാല് നാല് വെച്ചാൽ പതിനാറ് ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ നിങ്ങൾ മുച്ചീട്ടുകളിയ്ക്കോ മറ്റ് വല്ല ചൂതാട്ടങ്ങൾക്കോ പോവണം , സിനിമാ നിർമ്മാണത്തിനും ഇതര സിനിമാ അനുബന്ധ ബിസിനസുകൾക്കും ഇറങ്ങി തിരിയ്ക്കരുത് എന്നാണ് സിനിമാ വ്യവസായത്തിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാൻ വരുന്നവരോട് ഒന്നര ദശകത്തിലധികമായ് ഈ രംഗത്ത് നിക്ഷേപം നടത്തുന്ന ഒരു വ്യവസായി എന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത് ! മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല ?ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാന്തരം " ഏഭ്യത്തരം "

സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്ത് വിടുന്നത് എങ്കിൽ അത് മനസ്സിലാക്കാം , ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവർത്തി അടിയന്തിരമായ് ബന്ധപ്പെട്ടവർ അവസാനിപ്പിയ്ക്കണം എന്നാണ് എനിയ്ക്ക് അഭ്യർത്ഥിയ്ക്കാനുള്ളത്. പൊതുജനങ്ങളോടായ് പറയുവാനുള്ളത് ഇത്രയുമേ ഉള്ളു , സിനിമാ വ്യവസായം വളരെയധികം ക്ഷമയോടെയും അവധാനതയോടെയും ചെയ്യേണ്ട ഒന്നാണ് , കേവലമായ " ഹൈ റിട്ടേൺസ് " ഓൺ ഇൻവെസ്റ്റ്മെൻ്റ് "മാത്രമല്ല സിനിമാ നിർമ്മാണത്തിൻ്റെ ആത്യന്തിക ലക്ഷ്യം , ഞാൻ തന്നെ ഈ കാലഘട്ടങ്ങളിൽ നിർമ്മിച്ചുള്ള ചില ചിത്രങ്ങൾ വൻ വിജയങ്ങൾ തന്നിട്ടുണ്ട് , ശരാശരി വിജയം , ബ്രേക്ക് ഈവൻ മാത്രമായവ , സാമ്പത്തിക നേട്ടം ഒട്ടും തരാത്തത് , നഷ്ടം ഉണ്ടാക്കിയത് അങ്ങിനെ മിക്സ്ഡ് ആണ് ഈ രംഗത്തെ പ്രോഫിറ്റ് പൊട്ടൻഷ്യൽ !വീണ്ടും പറയട്ടെ വിനോദ വ്യവസായത്തിൽ ഇറക്കുന്ന നിക്ഷേപങ്ങൾ " ഷോർട്ട് ടേം ഗോളോട് കൂടിയ ഒന്നല്ല അതിന് വളരെ വലിയ " ലോങ്ങ് ടേം ഗോളുകൾ ഉണ്ട് , ഈ എൻ്റർൻ്റെയിൻമെൻസ് ഇൻസുസ്ട്രി മനുഷ്യ രാശി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാവും , വരുന്ന പ്രൊഡക്ടുകൾക്കും കണ്ടൻ്റുകൾക്കും സ്വഭാവത്തിൽ വ്യത്യാസം ഉണ്ടാവും പക്ഷെ അത് തുടരുക തന്നെ ചെയ്യും , നിങ്ങൾക്ക് ഈ രംഗത്ത് ഒരു ബ്രാൻഡ് ബിൽഡ് ചെയ്യണോ ? ഈ വ്യവസായത്തെ ഗൗരവതരമായ് സമീപിയ്ക്കുക , മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നത് മാത്രമാണ് , ചുറ്റും കണ്ണോടിച്ചാൽ അല്ലെങ്കിൽ ഒരോരുത്തരും ആസ്വദിയ്ക്കുന്ന ഷോപ്പിംഗ് അനുഭവങ്ങൾ അല്ലെങ്കിൽ കണ്ടൻ്റുകളുടെ ഒരു സാഗരം നമ്മുടെ മുൻപിലുണ്ടായത് പുതിയ നിക്ഷേപം കൊണ്ടും ആശയങ്ങൾ കൊണ്ടുമാണ് .

അവിടെയാണ് " മാമനും മരുമോനും " കൂടി ഈരിഴ തോർത്തിൽ പരൽമീനെ പിടിയ്ക്കുന്ന കളികളുമായ് നടക്കുന്നത് , അല്ലെങ്കിൽ അതാണ് ഇന്നത്തെ " കളി " എന്ന് പറയുന്നത് . അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ " കണക്ക് പുറത്തു വിടൽ പണി "
ഇത് പണിയാണ് , ഞാനും അപ്പനും ചേർന്നുള്ള " ട്രസ്റ്റ് " മാത്രം ഇവിടെ മതി എന്നുള്ള റിഗ്രസ്സീവായ ഒരു തോട്ടാണ് ഇത് , ഈ രംഗത്തേയ്ക്ക് എത്തുന്ന വിഷനുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നത് മാത്രമാണ് ഇതിൻ്റെ ലക്ഷ്യം , പരിണിത ഫലമോ ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം യുവ ജനതയെ , തൊഴിലാളികളെ മുച്ചൂടും നശിപ്പിയ്ക്കുക എന്നത് തന്നെയാണ് .
ഈ കണക്കു വിടൽ കലാപരികൾക്കെതിരെ ആദ്യം രംഗത്ത് എത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണ് പിന്നീട് തൊഴിലാളി സംഘടനകൾ , സർക്കാർ ഒക്കെയാണ് ,വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം നിലയ്ക്കുക തന്നെ ചെയ്യും ,ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ് , അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും , സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ് , എല്ലാവർക്കും അത് സാധ്യവുമല്ല , കേവലമായ ലാഭത്തിൻ്റെ ഭാഷ മാത്രമല്ല അത് , അതൊരു പാഷനാണ് , മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും , ചിലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും , അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയു " വിഷൻ " അനുസരിച്ചാവും ,ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട് , അത് അറിയാതെ പോവരുത് .
പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും , പാമ്പാട്ടികൾ കരയേണ്ടതില്ല .മാറ്റമില്ലാത്തത് എന്തിനാണ് ?

സിനിമകൾ മാറട്ടെ , നിക്ഷേപ സാധ്യതകളും മാറട്ടെ , ഈ രംഗം മാനം മുട്ടെ വളരട്ടെ !

#ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്

Ads by Google
Ads by Google
LATEST NEWS
TRENDING NOW