-->
പതിറ്റാണ്ടുകള്‍ നീണ്ട യാത്രകളില്‍ ഒപ്പിയെടുത്ത ഫ്രെയിമുകള്‍ അവസ്മരണീയമാക്കി ഷാജി എന്‍. കരുണ്‍ മടങ്ങി. ക്യമറാമാന്‍ എന്ന നിലയില്‍ വിസ്മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാളിയെ വിസ്മയിപ്പിച്ച ക്യാമറാമാന്‍. അരവിന്ദന്‍ എന്ന അത്ഭുത സംവിധായകന്റെ വിശ്വസ്തനായ ഛായാഗ്രാഹകന്‍.
സംവിധാനത്തിലേക്കു തിരഞ്ഞപ്പോള്‍ പിറന്നത് ലോക സിനിമയോടെ കിടപിടിക്കുന്ന മികച്ച സൃഷ്ടികള്‍. 'പിറവി' എന്ന ഒറ്റ ചിത്രം മതി ആ പ്രതിഭയുടെ മാറ്റു തിരിച്ചറിയാന്‍. 1989 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ക്യാമറ ഡി ഓര്‍ -പ്രത്യേക പരാമര്‍ശം ഉള്‍പ്പെടെ 31 അവാര്‍ഡുകളാണു 'പിറവി' നേടിയത്. അതേ വര്‍ഷം തന്നെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടി. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന രാജന്റെ അച്ഛന്‍ പ്രഫ. ടി.വി. ഈച്ചാര വാര്യരുടെ ജീവിതമാണ് സിനിമയില്‍ പറഞ്ഞത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന എസ്. ജയചന്ദ്രന്‍ നായരും രഘുനാഥ് പാലേരിയും ചേര്‍ന്നാണ് 'പിറവി'യുടെ കഥ ഒരുക്കിയത്.
സിനിമയില്‍ മകനെ തേടി അലയുന്ന അച്ഛനെ അവതരിപ്പിച്ച പ്രേംജിക്കു മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. മുഖത്തിന്റെ ഒരു പാതിയില്‍ വിഷാദവും ഒരു ഭാഗത്ത് സന്തോഷവും വരുത്തുന്ന 'ഏകലോചനം' എന്ന അഭിനയത്തിലൂടെ പ്രേംജിയുടെ അവിസ്മരണീയ നിമിഷം മലയാളിക്ക് പകര്‍ന്ന് നല്‍കിയതു ഷാജി എന്‍. കരുണ്‍ എന്ന സംവിധായകന്റെ മികവായിരുന്നു. പിറവിയില്‍ പല സീനുകളിലും ഒരു കഥാപാത്രമായി 'മഴ'യും നിറഞ്ഞുനിന്നു. മഴക്കാലത്താണു പിറവി പൂര്‍ണമായും ചിത്രീകരിച്ചത് . സീനുകള്‍ എല്ലാം തയാറാക്കി അഭിനേതാക്കളെയും ഒരുക്കി മഴ വരാന്‍ കാത്തിരിക്കുന്ന കാര്യം ഒരു അഭിമുഖത്തില്‍ ഷാജി എന്‍ കരുണ്‍ തുറന്നു പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍ എന്ന കഥാപാത്രം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ഷാജി എന്‍. കരുണ്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ടി. പത്മനാഭന്റെ 'കടല്‍' എന്ന ചെറുകഥയെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ് ഷാജി യാത്രയായത്. പഞ്ചവടിപ്പാലം, ചിദംബരം, പോക്കുവെയില്‍, ഒരിടത്ത്, പഞ്ചാഗ്‌നി, നഖഷതങ്ങള്‍, കൂടെവിടെ, അരപ്പട്ടകെട്ടിയ ഗ്രാമം തുടങ്ങി നാല്‍പ്പതോളം സിനിമകളുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു.
1952 പുതുവത്സരദിനത്തില്‍ പെരിനാടിനു സമീപം കണ്ടച്ചിറയില്‍ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായാണ് ഷാജി നീലകണ്ഠന്‍ കരുണാകരന്‍ എന്ന ഷാജി എന്‍. കരുണ്‍ ജനിച്ചത്. 1963 ല്‍ കുടുംബം താമസം തിരുവനന്തപുരത്തേയ്ക്ക് മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974ല്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. ഭാര്യ അനസൂയ വാര്യര്‍, ഡോ. പി.കെ.ആര്‍. വാര്യരുടെ മകളാണ്.
1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവല്‍ക്കരണത്തില്‍ ഷാജി എന്‍. കരുണ്‍ മുഖ്യപങ്കു വഹിച്ചു. 1976ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. പിന്നീട് അതിന്റെ സാരഥ്യത്തിലെത്തി. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും.