-->
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം സംഭവിച്ചത് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തില്‍. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടില്‍ എത്തിയ ധ്യാന്‍ പിതാവിന്റെ ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. കോഴിക്കോടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വീട്ടില്‍ എത്തിയത്.
അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന താരം പതിനൊന്നരയോടെയാണ് കണ്ടനാട്ടെ വീട്ടിലെത്തിയത്. ധ്യാനെ കണ്ടതും വിഷമം നിയന്ത്രിക്കാനാകാതെ അമ്മ വിമലയും പൊട്ടിക്കരഞ്ഞു. ധ്യാന്‍ ഷൂട്ടിങിലായതിനാല്‍ ഡയാലിസിസിനായി ആശുപത്രിയിലേക്കു പോയത് ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഡ്രൈവറുമാണ്. പോകുന്ന വഴി ആരോഗ്യം മോശമാകുകയായിരുന്നു.
ധ്യാനിന്റെ 37ാം ജന്മദിനത്തിലാണ് അച്ഛന്‍ വിടപറയുന്നത്. അതേസമയം മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ രാവിലെ തന്നെ ആശുപത്രിയില്‍ തിരിച്ച് എത്തിയിരുന്നു. ചെന്നൈയിലേക്കു തിരിക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് അച്ഛന്റെ വിയോഗ വാര്‍ത്ത വിനീത് അറിയുന്നത്. ഉടന്‍ തന്നെ യാത്ര റദ്ദ് ചെയ്ത് ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു. 1988 ഡിസംബര്‍ 20ന് ധ്യാനിന്റെ ജനനം.