-->
ചില മാറ്റങ്ങളോടെ പുതിയ 2025 മോഡല്‍ സീല്‍ ഇവി വിപണിയിലെത്തിച്ചിരിയ്ക്കുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി. 2025 ബിവൈഡി സീല്‍ സെഡാന്‍ ഇവി ഡൈനാമിക്, പ്രീമിയം, പെര്‍ഫോമന്‍സ് എന്നീ വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ഇതില്‍ ഡൈനാമിക് (RWD) വേരിയന്റിന് 41 ലക്ഷം രൂപ, പ്രീമിയം (RWD) വേരിയന്റിന് 45.70 ലക്ഷം രൂപ, പെര്‍ഫോമന്‍സ് (AWD) വേരിയന്റിന് 53.15 ലക്ഷം രൂപ വില എന്നിങ്ങനെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്.
2025 മോഡല്‍ സീല്‍ ഇവിയില്‍ പവര്‍ സണ്‍ഷെയ്ഡും സില്‍വര്‍ ഡിമ്മിംഗ് കാനോപ്പിയും ചേര്‍ത്തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അതോടൊപ്പം തന്നെ വലിയ കംപ്രസറും നൂതനമായ എയര്‍ പ്യൂരിഫിക്കേഷന്‍ മൊഡ്യൂളും ഉള്ള നവീകരിച്ച എയര്‍ കണ്ടീഷനിംഗ് സിസ്റ്റവും പുതിയ 2025 ബിവൈഡി സീലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രീമിയം വേരിയന്റില്‍ ഇപ്പോള്‍ റൈഡ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഫ്രീക്വന്‍സി സെലക്ടീവ് ഡാംപറുകളും (FSD) ഉപയോഗിച്ചിട്ടുണ്ടെന്നാണ് ചൈനീസ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഡൈനാമിക് റേഞ്ച് വേരിയന്റിനൊപ്പം 61.44 kWh ബാറ്ററിയും സീല്‍ ഇവിയുടെ പ്രീമിയം റേഞ്ച്, പെര്‍ഫോമന്‍സ് എന്നീ രണ്ട് വേരിയന്റുകളില്‍ 82.56 kWh ബാറ്ററി പായ്ക്കുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ ഡൈനാമിക് പതിപ്പിന് 510 കിലോമീറ്റര്‍ റേഞ്ചും ടോപ്പ് എന്‍ഡിന് 650 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലും സീല്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ ഓപ്ഷനുകളും രണ്ട് ബാറ്ററി പായ്ക്കുകളും ഇലക്ട്രിക് സെഡാനിലുണ്ട്. എന്‍ട്രി-ലെവല്‍ ഡൈനാമിക്, മിഡ്-സ്‌പെക്ക് പ്രീമിയം വേരിയന്റ് റിയര്‍-വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. അതേസമയം സീല്‍ ഇലക്ട്രിക് സെഡാന്റെ ടോപ്പ്-എന്‍ഡ് പെര്‍ഫോമന്‍സ് മോഡലാണ് ഓള്‍-വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയോടെ വാഗ്ദാനം ചെയ്യുന്നത്.
യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും ബിവൈഡി സീല്‍ ഇവി മുമ്പ് കൈവരിച്ചിട്ടുണ്ട്. സേഫ്റ്റിക്കായി സീല്‍ 9 എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ലെവല്‍ 2 ADAS സാങ്കേതികവിദ്യ എന്നിവയെല്ലാമാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി തങ്ങളുടെ സീല്‍ ഇലക്ട്രിക് സെഡാനില്‍ കൊടുത്തിരിക്കുന്നത്. സീല്‍ ഇവിയിലെ ബാറ്ററി പായ്ക്കിന് 8 വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയാണ് ലഭിക്കുക. അതേസമയം കാറിലെ മോട്ടോറിനും മോട്ടോര്‍ കണ്‍ട്രോളറിനും 8 വര്‍ഷം അല്ലെങ്കില്‍ 1.50 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.