-->
ബൈക്ക് സ്റ്റണ്ടുകള്‍ പലപ്പോഴും അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കപ്പെടുന്നത് ഒരു പുതിയ സംഭവമല്ല. ഇത് സംബന്ധിച്ച് എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും പലരും ഈ പ്രവണത തുടരാറുണ്ട്. കഴിഞ്ഞ ദിവസം ദില്ലി - ഗുഡ്ഗാവ് ഹൈവേയില്‍ ഒരു സംഘം യുവാക്കള്‍ നടത്തിയ സ്റ്റണ്ട്, അപകടത്തില്‍ അവസാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതും തിരക്കേറിയ റോഡിന് നടക്ക് വച്ച് നടത്തിയ ബൈക്ക് സ്റ്റണ്ടാണ് അപകടത്തില്‍ കലാശിച്ചത്.
ഗുഡ്ഗാവില്‍ വച്ച് എട്ട് വരിപ്പാതയായ ദില്ലി - ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേയില്‍ വച്ചായിരുന്നു യുവാവിന്റെ ബൈക്ക് സ്റ്റണ്ട്. കാറുകളും മറ്റ് വാഹനങ്ങളും ചീറിപ്പായുന്ന റോഡില്‍ ഏതാണ്ട് നടുക്കത്തെ വരിയിലായിട്ടാണ് യുവാവ് ബൈക്കില്‍ സ്റ്റണ്ട് നടത്തിയത്. വീഡിയോയില്‍ ദൂരെ നിന്നേ യുവാവ് ബൈക്കിന് മുകളില്‍ കയറി നില്‍ക്കുന്നത് കാണാം. കാമറയ്ക്ക് തൊട്ട് മുന്നിലെത്തുമ്പോള്‍, ഒരു കാറിന് മറവിലേക്ക് ബൈക്ക് റൈഡര്‍ മറയുന്നു. പിന്നാലെ ഇയാള്‍ ബൈക്കില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് വീഴുന്നത് കാണാം.
ഈ സമയം നിരവധി വാഹനങ്ങള്‍ മുന്നോട്ട് നീങ്ങുന്നു. ഇതിനിടെ കൈയുയര്‍ത്തി വാഹനങ്ങളോട് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഏതാനും യുവാക്കള്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ മൂന്നോട്ട് നീങ്ങുന്നതും കാണാം. അമിത വേഗതയില്‍ വാഹങ്ങള്‍ കടന്ന് പോകുന്ന റോഡിലൂടെയുള്ള യുവാക്കളുടെ സ്റ്റണ്ടും അപകടവും അതിന് പിന്നാലെയുള്ള രക്ഷാപ്രവര്‍ത്തനശ്രമമെല്ലാം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമായിരുന്നു. കാരണം അവരെല്ലാം ഒരു റീലിന് വേണ്ടി നിന്നത് 80 - 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന എക്‌സ്പ്രസ് ഹൈവേയിലാണെന്നത് തന്നെ.
സ്വന്തം സുരക്ഷ മാത്രമല്ല, റോഡിലൂടെ ഒന്നിന് പുറകെ ഒന്നായി പാഞ്ഞ് പോകുന്ന വാഹനങ്ങളുടെയും അതിലെ യാത്രക്കാരുടെയും സുരക്ഷ കൂടി അപകടത്തിലാക്കിക്കൊണ്ടുള്ള യുവാക്കളുടെ റീല്‍ ഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇന്ത്യയിലെ എക്‌സപ്രസ് ഹൈവേകള്‍ സുരക്ഷിതമല്ലെന്ന് ചിലരെഴുതി. മറ്റ് ചിലര്‍ യുവാക്കള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. അപകടകരമായ സ്റ്റണ്ട് നടത്തിയ സന്ദീപ് കുമാറിനെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.