-->
കൊച്ചി: സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വാധീനമുള്ള പാട്ടെഴുത്തുകാരനും പാട്ടുകാരനും സിനിമാ പിന്നണിഗായകനുമൊക്കെയായ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസിന്റെ ഡാന്‍സാഫ് നടത്തിയ പരിശോധനയില്‍ മുറിയില്‍ 7 ഗ്രാം കഞ്ചാവുമായിട്ടാണ് വേടന്‍ പിടിയിലായതെന്നാണ് വിവരം.
തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസാണ് പരിശോധന നടത്തുന്നത്. വേടന്‍ എന്ന പേരില്‍ പ്രശസ്തനായ തൃശൂരുകാരന്‍ കിരണ്‍ദാസ് മുരളിയുടെ വീട്ടില്‍ ഡാന്‍സാഫ് എത്തുമ്പോള്‍ ഒമ്പത് പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ലഹരിക്കെതിരേ വേടന്‍ നടത്തിയ പോസ്റ്റ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയിരിക്കുന്നത് എന്നതാണ് കൗതുകമാകുന്നത്. ഡാന്‍സാഫ് പരിശോധനയ്ക്ക് എത്തുമ്പോള്‍ വേടന്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്. പരിശോധന തുടരുകയാണ്.
എക്‌സൈസിന് പിന്നാലെ പോലീസും സിനിമയുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന നടത്തിയത്. വേടന്റെ ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന സംഘം എത്തിയത്. ഇവിടേയ്ക്ക് എങ്ങിനെയാണ് കഞ്ചാവ് എത്തിയത്, ആരാണ് വിതരണം ചെയ്യുന്നത് എങ്ങിനെയാണ് ഒളിപ്പിക്കുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. ഇവിടെ നിരന്തരമായി ലഹരി ഉപയോഗം ഉണ്ടാകുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചിലിന് എത്തിയത്.
പോലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്. വേടന്‍ ഫ്‌ളാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണോ താമസിക്കുന്നതെന്നും അന്വേഷണം നടക്കുന്നുണ്ട്. കുറേനാളായി ഫ്‌ളാറ്റ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവിടെ പലരും വന്നു പോകുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് നേരത്തേ തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒമ്പതുപേര്‍ ഫ്‌ളാറ്റിലെത്തിയ സമയത്ത് തന്നെ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഒമ്പതംഗ സംഘത്തിലെ ആളുകളുടെ വിവരവും പോലീസ് തേടുകയാണ്.