-->
കൊച്ചി: ജീവനക്കാരി ജോളി മധുവിന്റെ മരണത്തിലേക്ക് നയിച്ച കയര്‍ബോര്‍ഡിലെ തൊഴില്‍ പീഡന പരാതിയില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുന്‍ സെക്രട്ടറി ജിതേന്ദ്രകുമാര്‍ ശുക്ല, ജോ. ഡയറക്ടര്‍ ടി ജെ തോഡ്കര്‍, സിയു എബ്രഹാം, എച്ച് പ്രസാദ് കുമാര്‍ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചെയര്‍മാന്‍ വിപുല്‍ ഗോയലിനെതിരെ നടപടിക്ക് ശുപാര്‍ശയില്ല. ജോളി മധുവിന് നേരിടേണ്ടി വന്ന തൊഴില്‍പീഡനവുമായി ബന്ധപ്പെട്ട പരാതിയിലെ മുഖ്യ കുറ്റാരോപിനാണ് ജിതേന്ദ്ര കുമാര്‍ ശുക്ല. കുറ്റാരോപിതനായ മുന്‍ സെക്രട്ടറി ജിതേന്ദ്ര കുമാര്‍ ശുക്ലയെ അഡൈ്വസറാക്കാനുള്ള നീക്കം എംഎസ്എംഇ മന്ത്രാലയം നേരത്തെ ഉപേക്ഷിച്ചിരുന്നു.
ജിതേന്ദ്ര ശുക്ലയെ കയര്‍ ബോര്‍ഡ് അഡൈ്വസറാക്കാന്‍ നീക്കം നടത്തിയതിനെതിരെ ജോളി മധുവിന്റെ കുടുംബം എംഎസ്എംഇ മന്ത്രാലയത്തിന് പരാതി നല്‍കിതോടെയാണ് നീക്കം ഉപേക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി പത്താം തീയതിയാണ് തൊഴില്‍പീഡന പരാതി ഉന്നയിച്ച ജോളി മധു മരിക്കുന്നത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ജോളി മരണത്തിന് കീഴടങ്ങുന്നത്. ക്യാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.