Saturday, March 14, 2026 Last Updated 24 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 06.18 PM

"അച്ഛൻ ഒരു കർക്കശക്കാരനായിരുന്നു; ക്രിക്കറ്റ് പരിശീലകനായി എന്നോട് പെരുമാറി ; എന്റെ മക്കള്‍ക്ക് ഞാനൊരു കോച്ച്‌ ആയിരിക്കില്ല..." യുവരാജ് സിങ്

uploads/news/2025/04/777216/1000444460.jpg
Yuvaraj on his childhood (Image Source: Youtube)

മിന്നും പ്രകടനത്തിലൂടെയാണ് യുവരാജ് സിങ് എന്ന ഇടങ്കയ്യൻ ബാറ്റ്സ്മാൻ ശ്രദ്ധ നേടിയത്. യുവരാജ് സിങ് കളത്തിലിറങ്ങിയാൽ ഇന്ത്യ ട്രോഫിയുമായി മടങ്ങുന്ന ഒരു കാലം ഇന്ത്യൻ ടീമിനുണ്ടായിരുന്നു.
2007ൽ ആദ്യ ലോക ട്വന്‍റി 20 മത്സരവും 2011ലെ ലോകകപ്പും ഇന്ത്യ നേടിയതും യുവിയുടെ കരുത്തിലായിരുന്നു.
ഇപ്പോഴിതാ പിതാവ് യോഗ്‌രാജ് സിങ്ങുമായുള്ള ബന്ധത്തെ കുറിച്ച്‌ തുറന്നുപറയുകയാണ് യുവരാജ് സിങ്. അമ്മ ശബ്‌നത്തിനൊപ്പമാണ് യുവരാജ് അഭിമുഖത്തില്‍ പങ്കെടുത്തത്. അച്ഛന്‍ യോഗ്‌രാജിനെപ്പോലെയാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കില്ലെന്നും തന്റെ മക്കള്‍ക്ക് മുമ്പിൽ ഒരിക്കലും കണിശക്കാരനായ അച്ഛനായിരിക്കില്ലെന്നും താരം പറയുന്നു. കുട്ടിക്കാലത്ത് യുവരാജ് മഹാവികൃതിയായിരുന്നെന്ന് ശബ്നം പറയുന്നു. "എല്ലാവർക്കും അവൻ വലിയ തലവേദനയായിരുന്നു, എപ്പോഴാണ് ആളുകളെ അവൻ വിഡ്ഢിയാക്കുക എന്ന് ആർക്കും പറയാനാകില്ല. ഒരിക്കല്‍ എനിക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് ഒരു വ്യാജ കോള്‍ വന്നു. നിങ്ങളുടെ മകൻ ഏതാനും പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അവൻ സ്റ്റേഷനിലാണെന്നുമായിരുന്നു ഫോണില്‍ പറഞ്ഞത്. വന്ന് മകനെ ജാമ്യത്തിലെടുക്കണമെന്നും പറഞ്ഞു. പിന്നീടാണ് മനസ്സിലായത് യുവരാജ് തന്നെ കബളിപ്പിച്ചതാണെന്ന്..." ശബ്നം അഭിമുഖത്തില്‍ പറഞ്ഞു.
തുടർച്ചയായി ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കുമ്ബോഴും യുവരാജ് ഒരിക്കല്‍പോലും പരാതി പറഞ്ഞിട്ടില്ലെന്നും ശബ്നം കൂട്ടിച്ചേർത്തു. പിതാവ് കർക്കശക്കാരനായതിനാല്‍ വളരെ ചിട്ടയായ ജീവിതമായിരുന്നു തന്റേതെന്ന് യുവരാജ് പറഞ്ഞു. "ഞാനൊരു ക്രിക്കറ്ററാകണമെന്നത് പിതാവിന്റെ സ്വപ്നമായിരുന്നു. അതെന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പലപ്പോഴും അതൊന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ ജീവിത ലക്ഷ്യം കൈവരിക്കണമെങ്കില്‍ പലപ്പോഴും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാൻ നിർബന്ധിതരാകും. പിതാവിന്റെ കാർക്കശ്യം കൊണ്ടുമാത്രമാണ് എനിക്ക് 18ാം വയസ്സില്‍ ഇന്ത്യക്കുവേണ്ടി കളിക്കാനായത്..." യുവരാജ് വെളിപ്പെടുത്തി.
തനിക്കും പിതാവിനും ഇടയിലുണ്ടായിരുന്ന ബന്ധത്തിന് നേർവിപരീതമാണ്, ഇപ്പോള്‍ മകൻ ഒറിയോണുമായുള്ള ബന്ധമെന്നും യുവരാജ് പറയുന്നു. "അച്ഛന്‍ ഒരു ക്രിക്കറ്റ് പരിശീലകനെപ്പോലെയാണ് എന്നോട് പെരുമാറിയിട്ടുള്ളത്. എന്റെ മക്കള്‍ക്ക് ഞാന്‍ അതുപോലെ ഒരു കോച്ച്‌ ആയിരിക്കില്ല. അവരുടെ അച്ഛന്‍ മാത്രമായിരിക്കും. എന്റെ അച്ഛനോടൊപ്പം എനിക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യങ്ങളെല്ലാം ഞാന്‍ എന്റെ മകനോടൊപ്പം ചെയ്യുന്നു...
അച്ഛന്‍ കണിശക്കാരനും കാര്‍ക്കശ്യക്കാരനും ആയിരുന്നെങ്കിലും എന്റെ ക്രിക്കറ്റ് കരിയറില്‍ അത് ഒരുപാട് പിന്തുണച്ചിട്ടുണ്ട്. എന്നിലൂടെ അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ 18 വയസായപ്പോഴേക്കും എനിക്ക് ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ കഴിഞ്ഞു.
ഒരു അരങ്ങേറ്റതാരമെന്ന നിലയില്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച്‌ 84 റണ്‍സ് നേടി. അന്ന് പരമ്പര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്ന മാതാപിതാക്കള്‍ തന്നെ സ്വീകരിക്കാന്‍ ഒരുമിച്ച്‌ വിമാനത്താവളത്തിലെത്തിയതാണ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം..." യുവരാജ് പറഞ്ഞു.

മുൻ ഇന്ത്യൻ ക്രിക്കറ്ററാണ് യോഗ്‌രാജ് സിങ്. ഒരു സമയത്ത് ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരുന്നത് യുവരാജ് സിംഗിന്റെ ബാറ്റിംഗ് കാണാനായായിരുന്നു. ക്രിക്കറ്റ്‌ മാച്ചിലെ യുവിയുടെ വെടിക്കെട്ട് ബാറ്റിങ്ങുകള്‍ എന്നും ആരാധകർക്ക് ആവേശമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ഭാര്യ ഹേസല്‍ കീച്ചിനും മക്കളായ ഒറിയോണും മകള്‍ ഓറയ്ക്കുമൊപ്പമാണ് യുവരാജ് സിങ്ങ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. മുംബൈയിലെ വര്‍ളിയിലെ ആഡംബര അപാര്‍ട്ട്‌മെന്റിലാണ് യുവരാജ് കുടുംബ സമേതം താമസിക്കുന്നത്. അടുത്തിടെ താരം ഗുരുഗ്രാമില്‍ 'കോക്ക' എന്ന പേരില്‍ ഒരു റസ്റ്ററന്റും തുടങ്ങിയിരുന്നു.
വളരെ പ്രതിസന്ധികള്‍ക്കൊടുവിലാണ് യുവരാജ് ഇപ്പോഴുള്ള ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ക്രിക്കറ്റില്‍ തിളങ്ങി നിന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ അർബുദം താരത്തെ ചെറുതായി തളർത്തിയെങ്കിലും തോറ്റു കൊടുക്കാതെ തിരിച്ചെത്തി. യുവരാജിന്റെ അതിജീവനം പലരും മാതൃകയാക്കുകയും ചെയ്തു.

Ads by Google
Wednesday 23 Apr 2025 06.18 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW