-->
ദില്ലി : എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു പോപ്പ് ഫ്രാൻസിസെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ ജോർജ് കുര്യൻ, വിയോഗം വളരെ ദുഃഖകരവും നഷ്ടബോധം ഉണ്ടാകുന്നതുമാണെന്നും അനുസ്മരിച്ചു.
വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങൽ. 88 വയസായിരുന്നു. 11 വർഷം ആഗോള കത്തോലിക്കാ സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 -മത്തെ മാർപ്പാപ്പയാണ് വിശ്വാസികളെയാകെ വേദനയിലാഴ്ത്തി വിടവാങ്ങിയത്.