-->
ന്യൂഡല്‍ഹി: സുപ്രീം കോടതിക്ക് എതിരായ പ്രസ്താവനയില്‍ ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍. ഹര്‍ജി നല്‍കാനുള്ള അനുമതിക്കായി അറ്റോര്‍ണി ജനറലിന് കത്തയച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. കോടതിയലക്ഷ്യ നിയമത്തിലെ 15-ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിവാദ പരാമര്‍ശവുമായി രംഗത്തുവന്നത്. ''നമ്മള്‍ എവിടേക്കാണ് പോകുന്നത്? ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഈ ദിവസം വരെ ജനാധിപത്യത്തിനു വേണ്ടി വിലപേശേണ്ടി വന്നിട്ടില്ല. സമയബന്ധിതമായി തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. തീരുമാനമെടുത്തില്ലെങ്കില്‍ അത് നിയമമാകും. നിയമനിര്‍മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാര്‍ നമുക്കുണ്ട്. കാരണം അവര്‍ക്ക് രാജ്യത്തെ നിയമം ബാധകമല്ല'' - എന്നായിരുന്നു ജഗ്ദീപ് ധന്‍കറിന്റെ വിമര്‍ശനം.
പിന്നാലെ ജാര്‍ഖണ്ഡിലെ ബിജെപി എംപിയായ നിഷികാന്ത് ദുബെയും സുപ്രീം കോടതിക്ക് എതിരെ രംഗത്തെത്തി. 'രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. പാര്‍ലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്. നിങ്ങളിപ്പോള്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? നിങ്ങളെങ്ങനെയാണ് പുതിയ നിയമങ്ങളുണ്ടാക്കുന്നത്? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? നിങ്ങള്‍ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണോ ആഗ്രഹിക്കുന്നത്? പാര്‍ലമെന്റ് കൂടുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണം' എന്നായിരുന്നു ദുബെയുടെ ആക്ഷേപം.