-->
മോഹന്‍ലാല്‍ -ശോഭന കോമ്പോ വെള്ളിത്തിരയിലെത്തുന്നു എന്ന് കേള്‍ക്കുന്നതു തന്നെ ആരാധകര്‍ക്ക് ആവേശമാണ്. ഇവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം തന്നെ ഹിറ്റ് ലിസ്റ്റില്‍ പെടുത്താവുന്നതുമാണ്. സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഒരു ശ്രേണി തന്നെയുണ്ട് ഈ കോമ്പോയില്‍. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. ഈ മാസം 25 നു തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ആഘോഷിക്കുന്നത്.
ഇപ്പോഴിതാ റിലീസിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തില്‍ തനിക്ക് തോന്നിയ ഫാൻബോയ് മൊമന്റിനെക്കുറിച്ച് തരുണ്‍ മൂർത്തി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഷൂട്ടിന്റെ എല്ലാ ദിവസവും തനിക്ക് ഫാൻബോയ് മൊമന്റായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. എന്നാല്‍ തനിക്ക് മറക്കാനാകാത്ത ഒരു അനുഭവം ഉണ്ടെന്നും ആ സീൻ എടുത്തത് രസകരമായിരുന്നുവെന്നാണ് പറയുകയാണ് തരുണ്‍ മൂര്‍ത്തി.
‘‘ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മോഹൻലാലിന്റെ ബാക്ക് ഷോട്ട് കാണിക്കുന്ന ഒരു ഫ്രെയിമുണ്ടെന്നും ആ സീനിന് വേണ്ടി മോഹൻലാലിനോട് തോള്‍ കുറച്ച് ചെരിക്കാമോ എന്ന് ചോദിച്ചു. ഇങ്ങനെ ചോദിച്ചപ്പോള്‍ എന്നെയൊന്ന് നോക്കി, ‘‘മോനെ, എന്റെ തോള്‍ ഓള്‍റെഡി ചെരിഞ്ഞല്ലേ ഇരിക്കുന്നേ, ഇനി എന്തിനാ ചെരിക്കുന്നത്...’’ എന്ന് ലാലേട്ടൻ ചോദിച്ചു. ‘അല്ല ലാലേട്ടാ, ബാക്ക് ഷോട്ടാണ് വരുന്നത്, കുറച്ചുകൂടെ ചെരിച്ചാല്‍ നന്നാകും...’ ഞാൻ പറഞ്ഞു. ‘ചെരിക്കാം, എന്തോരം ചെരിക്കണം, ഇത്രേം മതിയോ...’ എന്നായി ലാലേട്ടന്‍. എന്നിട്ട് ഷോട്ടിന് റെഡിയാകാൻ പോയി.
ഞാന്‍ അവിടെ ഹെഡ്സെറ്റൊക്കെ വച്ച് ഇരിക്കുമ്പോള്‍ പുലിമുരുകൻ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ഷാജി ചേട്ടന്‍, ചേട്ടനാണ് ഇതിന്റെയും ക്യാമറ ചെയ്യുന്നത്. ഷാജി ചേട്ടന്റെ അടുത്ത് ചെന്ന് ലാലേട്ടന്‍ ഇക്കാര്യം പറഞ്ഞു. ‘ആ കുട്ടിക്ക് എന്റെ തോള്‍ ചെരിക്കണമെന്ന്, എന്താ ചെയ്ക, അത് ചെരിഞ്ഞല്ലേ ഇരിക്കണേ ?...’’അത് കേട്ടിട്ട് ഷാജി ചേട്ടന്‍ പറഞ്ഞു,‘‘അവന്റെ ആഗ്രഹമല്ലേ ലാലേട്ടാ, ചെരിച്ചു കൊടുക്ക്...’’ എന്ന്. ‘ചെരിക്കാം...’ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ലാലേട്ടന്‍. എനിക്ക് വേണ്ടി അദ്ദേഹം തോള്‍ കുറച്ചുകൂടി ചെരിച്ചു. അത് വലിയൊരു ഫാൻബോയ് മൊമന്റായിരുന്നു എനിക്ക്...’’ തരുണ്‍ മൂര്‍ത്തി പറയുന്നു.