-->
കഴിഞ്ഞ ദിവസം ഓല ഫ്യൂച്ചര്‍ ഫാക്ടറിയിലെ പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് ആദ്യത്തെ ഓല റോഡ്സ്റ്റര്‍ X പുറത്തിറങ്ങിയിരുന്നു. ഓല ഇലക്ട്രിക്കിന്റെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. അതിനാല്‍, ബ്രാന്‍ഡ് ഉടന്‍ തന്നെ ഈ മോഡലിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.വ്യത്യസ്ത ബാറ്ററി പായ്ക്കുകളുമായി വരുന്ന മൂന്ന് സവിശേഷ വേരിയന്റുകളിലാണ് റോഡ്സ്റ്റര്‍ X ഓല ഓഫര്‍ ചെയ്യുന്നത്. 2.5 kWh, 3.5 kWh, 4.5 kWh എന്നീ ബാറ്ററി കോണ്‍ഫിഗറേഷനുകളില്‍ ഓല റോഡ്സ്റ്റര്‍ X വാങ്ങാം.
എല്ലാ വേരിയന്റുകള്‍ക്കും ഒരേ 7 kW മിഡ്-മൗണ്ടഡ് മോട്ടോര്‍ ആണ് കരുത്തേകുന്നത്. ഓല റോഡ്സ്റ്ററിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ ആമുഖ വില 74999 രൂപയാണ് (എക്സ്ഷോറൂം). റോഡ്സ്റ്റര്‍ X ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണ് ഇത്. ഓല റോഡ്സ്റ്റര്‍ X എന്‍ട്രി ലെവല്‍ മോഡലിന് 2.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ റേഞ്ച് പറയുന്നത്. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 3.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിന് സാധിക്കും. മണിക്കൂറില്‍ 105 കിലോമീറ്ററാണ് പരമാവധി വേഗത. 84,999 രൂപ ആമുഖ എക്സ്-ഷോറൂം വിലയിലാണ് 3.5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച റോഡ്സ്റ്റര്‍ X ഇ-ബൈക്കിന്റെ മിഡ്റേഞ്ച് വേരിയന്റ് വില്‍ക്കുന്നത്.
ബേസ് മോഡലിനേക്കാള്‍ കൂടുതല്‍ റേഞ്ചുണ്ട് ഇതിന്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 196 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വെറും 3.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ 118 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് സാധിക്കും. ഓല റോഡ്സ്റ്റര്‍ എക്‌സിന്റെ പ്രീമിയം മോഡലില്‍ 4.5 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. 94,999 രൂപ ആമുഖ എക്സ്-ഷോറൂം വിലയിലാണ് ഇത് വില്‍ക്കുന്നത്. ഈ വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 252 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് 3.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. മിഡ്-റേഞ്ച് വേരിയന്റിനെപ്പോലെ മണിക്കൂറില്‍ 118 കിലോമീറ്ററാണ് പരമാവധി വേഗത.
ഓലയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പോലെ തന്നെ ഫീച്ചര്‍ സമ്പന്നമാണ് റോഡ്സ്റ്റര്‍ X ഇലക്ട്രിക് മോട്ടോര്‍സൈക്കിളും. 4.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, അഡ്വാന്‍സ്ഡ് റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, TPMS, OTA അപ്‌ഡേറ്റുകള്‍ തുടങ്ങിയ സവിശേഷതകളെല്ലാം ഇതില്‍ ഓല നല്‍കിയിട്ടുണ്ട്.