-->
കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷംകൊണ്ട് സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന ഇടതു സർക്കാരാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് അതിവേഗത നല്‍കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്.
ഇപ്പോൾ കേരളത്തിന്റെ സമസ്തമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ നടക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്. നാടിന്റെ മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ കിഫ്ബി വഹിച്ച പങ്ക് വലുതാണെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയും മാനന്തവാടി എം.എല്‍.എ.യൃമായ ഒ.ആർ. കേളു പറഞ്ഞു.
വീര പഴശ്ശിയുടെ ചരിത്രമുറങ്ങുന്ന മാനന്തവാടിയിൽ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ വികസന പാതയിലേക്ക് നയിച്ചത് കിഫ്ബിയാണ്. ഒരു കാലത്ത് തകർന്ന റോഡുകളും സൗകര്യമില്ലാത്ത ആശുപത്രികളുമൊക്കെയായി ശോച്യാവസ്ഥയിലായിരുന്ന മാനന്തവാടിയെ നിരവധി പ്രതിസന്ധികളെ അതിജീവിച്ച് വികസനത്തിലെത്തിക്കാൻ സാധിച്ചു.
മാനന്തവാടിയിൽ ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിട്ടിരുന്നത് ജില്ലാ ആശുപത്രിയായിരുന്നു. മതിയായ ഡോക്ടർമാരില്ലാതെയും ചികിത്സാക്കുറവുകൾ മൂലവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലായിരുന്നു ഈ ആശുപത്രി മുന്നോട്ട് പോയിരുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ജില്ലാ ആശുപത്രിയെ മാറ്റിയത്. 46 കോടിയാണ് ഇതിന് കിഫ്ബി അനുവദിച്ചത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകളായിരുന്നു മാനന്തവാടി നേരിട്ടിരുന്ന മറ്റൊരു പ്രശ്നം. ഇതോടൊപ്പം തന്നെ കേരളത്തെ തകർത്ത രണ്ട് പ്രളയം കൂടി വന്നതോടെ റോഡുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കിഫ്ബി ധനസഹായത്തോടെയാണ് ഇതിനൊരു ശാശ്വത പരിഹാരമുണ്ടായത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മലയോര ഹൈവേയുടെ നിർമ്മാണം. 122 കോടി രൂപയാണ് കിഫ്ബി ഈ പദ്ധതിക്കായി അനുവദിച്ചത്. മാനന്തവാടി-പക്രന്തളം റോഡിന്റെ നിർമ്മാണവും ഇതിൽ പ്രധാനപ്പെട്ടതാണ്. മാനന്തവാടി മണ്ഡലത്തിലെ ഏറ്റവുമധികം തകർന്ന റോഡായിരുന്നു ഇത്. 17 കോടി രൂപ മുതൽമുടക്കി കിഫ്ബി ഈ റോഡ് 6 കിലോമീറ്ററോളം ദൂരം ഉന്നത നിലവാരത്തിൽ നിർമിച്ചു.
മാനന്തവാടി- കൈതക്കൽ റോഡിന്റെ നിർമ്മാണവും കിഫ്ബി വഴിയാണ് പൂർത്തിയായത്. മാനന്തവാടിയെ തെക്കെ വയനാടുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിർമ്മാണത്തിനായി 46 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട മാനന്തവാടി-ബോയ്സ്ടൗൺ-പാൽച്ചുരം-മട്ടന്നൂർ നാലുവരിപ്പാതനിർമാണത്തിനാണ് അനുമതിയായിരിക്കുന്നത്. പാതയ്ക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ 964 കോടി രൂപയുടെ കിഫ്ബി ഫണ്ടിന് സർക്കാർ അനുമതി ലഭിച്ചു. ഇതോടെ വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാവും. മാനന്തവാടിമുതൽ അമ്പായത്തോടുവരെ രണ്ടുവരിയും അവിടെനിന്ന് വിമാനത്താവളംവരെ നാലുവരിയിലും പാത നിർമിക്കാനാണ് പദ്ധതി.
മാനന്തവാടിയിലെ ആളുകളെ അലട്ടിയിരുന്ന മറ്റൊരു പ്രശ്നമായിരുന്ന കുടിവെള്ള ലഭ്യതക്കും കിഫ്ബി വഴി പരിഹാരം കാണുന്നുണ്ട്. ചൂട്ടക്കടവ് കുടിവെള്ള പദ്ധതിക്ക് 18 കോടി രൂപയുടെ ധനസഹായം കിഫ്‌ബി നൽകി. മണ്ഡലത്തിലെ മാനന്തവാടി ഇടവക, നല്ലൂർ നാട് എന്നീ വില്ലേജുകളിൽ ശുദ്ധജലം എത്തിക്കുന്നതാണ് ഈ പദ്ധതി. പഴയ പൈപ്പ് ലൈനുകൾ മാറ്റി 77 കിലോമീറ്ററാണ് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചു. ഇതോടെ കുടിവെള്ളം കിട്ടാക്കനിയായിരുന്ന വിദൂര പ്രദേശങ്ങളിലേക്ക് പോലും വെള്ളമെത്തിക്കാൻ കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും കിഫ്ബി വഴിയൊരുക്കി. ഇതിൽ എടുത്ത് പറയേണ്ടത് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളാണ്. ഈ സ്കൂളിനെ അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലായത്. അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടും മന്ത്രി ഒ.ആർ. കേളുവിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 85 ലക്ഷം രൂപയും പിടിഎ സമാഹരിച്ച രണ്ട് ലക്ഷവും വിനിയോഗിച്ചാണ് സ്‌കൂളിൽ ബഹുനില കെട്ടിടം നിർമിച്ചത്.
കുട്ടികളുടെ എണ്ണം കൂടിയതോടെ അതിനനുസരിച്ചുള്ള മറ്റ് സൗകര്യങ്ങളുടെ അഭാവം ഈ സ്കൂളിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പരിഹാരമെന്നോളം എല്ലാ വിഭാഗങ്ങളിലുമായി 20 ക്ലാസ് റൂമുകളും, ഏകദേശം 400ഓളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഡൈനിംഗ് റൂം ഉൾപ്പെടെയുള്ള ഒരു കിച്ചൺ ബ്ലോക്കും അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ ഒരു ബഹുനില കെട്ടിടമാണ് കിഫ്ബിയുടെ സഹായത്തോടെ ഇവിടെ നിർമ്മിച്ചത്.
കല്‍പ്പറ്റ എന്‍എംഎസ്എം കോളേജിന് 8.43 കോടി, മാനന്തവാടി ഗവ. പോളിടെക്‌നിക്കിന് 8.23 കോടി, ഇതിനു പുറമേ കാട്ടിക്കളം സ്കൂൾ, പനമരം സ്കൂൾ, വെള്ളമുണ്ട സ്കൂൾ തുടങ്ങിയ ഹൈസ്ക്കൂളുകളുടെ നിർമ്മാണത്തിനും 3 കോടി രൂപ വീതം കിഫ്ബി വഴി വകയിരുത്തിയിരുന്നു. മാനന്തവാടി ഗവണ്‍മെന്‍റ് കോളേജില്‍ കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഡിജിറ്റല്‍ തിയേറ്റര്‍, ഒറൈസ് സ്റ്റുഡിയോ എന്നിവ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു.