-->
കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എം. നേതാക്കളായ നാലുപേരുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തതു ചോദ്യം ചെയ്തു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
പത്തു പ്രതികളെ വിചാരണകോടതി കുറ്റമുക്തരാക്കിയതിനെതിരേയും അപ്പീല്‍ നല്‍കും. പ്രതികള്‍ക്കെതിരേ ചുമത്തിയ ഐ.പി.സി. 201, 148 വകുപ്പുകള്‍ വിചാരണകോടതി ഒഴിവാക്കിയതും അപ്പീലില്‍ ചോദ്യംചെയ്യും. അപ്പീല്‍ നല്‍കാന്‍ 90 ദിവസംവരെയുള്ള കാലയളവ് ഈമാസം 21 ന് അവസാനിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാലുപ്രതികളുടെ ശിക്ഷയാണു ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അഞ്ചുവര്‍ഷം തടവിനാണ് ഇവരെ സി.ബി.ഐ. കോടതി ശിക്ഷിച്ചിരുന്നത്. പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണു കെ.വി. കുഞ്ഞിരമാന്‍, കെ. മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ. വിഭാസ്‌കരന്‍ എന്നിവര്‍ക്കെതിരേ ചുമത്തിയിരുന്നത്.
സി.ബി.ഐക്കു ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുമറുപടി ലഭിച്ചശേഷമായിരിക്കും ഹര്‍ജിയില്‍ തുടര്‍വാദം. എന്നാല്‍, ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്തതോടെ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സി.പി.എം. നേതാക്കള്‍ ജയില്‍ മോചിതരായിരുന്നു. ഇവരെ വെറുതെ വിട്ടതിനെതിരേയാണു സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഇവര്‍ക്കൊപ്പം കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പത്തുപേരുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ മുന്നില്‍ എത്തിയിട്ടില്ല. ഇതിലും ഹൈക്കോടതി വിധി മറിച്ചാകാന്‍ സാധ്യതയില്ലെന്നു വിലയിരുത്തി അതിനു തടയിടാനാണു സുപ്രീംകോടതിയെ സമീപിക്കുന്നത്. കൊലപാതകം ചുമത്തപ്പെട്ട പത്തു പ്രതികള്‍ക്കു ഇരട്ടജീവപര്യന്തം ശിക്ഷയാണു വിധിച്ചിരുന്നത്.
ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണു കോടതി ഇരട്ടജീവപര്യന്തം വിധിച്ചത്. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണു കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവന്നത്.