-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തെളിവിന്റെ ഒരു തരിമ്പുപോലുമില്ലെന്ന് കോടതി പറയുമ്പോള്‍ പിന്നെ എന്തിന് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ ബിജെപി പിന്നാലെയുണ്ടെന്നും പറഞ്ഞു.
ജനങ്ങളെ വിഢിയാക്കാനും ശ്രദ്ധതിരിക്കാനും വേണ്ടിയാണ് തന്ത്രിയെ ജയിലിലിട്ടത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐയെ കേസ് ഏല്‍പ്പിക്കുകയാണ് വേണ്ടത്. ഇതിനൊപ്പം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലം തിരുത്താനും സര്‍ക്കാര്‍ തയ്യാറാകുകയും ശബരിമല വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്ത ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളുടേയും പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടു.
ഈ മൂന്ന് കാര്യങ്ങളില്‍ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കുപിന്നില്‍ ഞങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രിയെ ബിജെപി ഓര്‍മ്മിപ്പിക്കുന്നതായും പറഞ്ഞു. കോണ്‍ഗ്രസിനെയും വെറുതേ വിടാന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ബിജെപി തുറന്നു കാണിക്കും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും നിലപാടുകളും അടുത്ത 30 ദിവസത്തിനുള്ളില്‍ തുറന്നുകാട്ടും. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തിട്ട് നിയമസഭയില്‍ അക്ഷരം മിണ്ടാത്തവരാണ് കോണ്‍ഗ്രസുകാരെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിയമസഭയില്‍ അവരുടെ ചര്‍ച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ചാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി നിങ്ങളുടെയാളാണെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ സോണിയാഗാന്ധിയുടെ ആളാണെന്ന് സിപിഐഎം പറയും. ഈ രീതിയില്‍ പരസ്പരം പോരടിക്കുകയാണ് ഇരു പാര്‍ട്ടികളും ചെയ്യുന്നത്. സത്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടുപാര്‍ട്ടികളുടേയും ദല്ലാളാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.