-->
തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പോലീസ് കംപ്‌ളയിന്റെ അഥോറിട്ടി അംഗമാക്കുമോ? നിലവില്‍ വിരമിച്ച രണ്ടു ഡി ജി പിമാര്‍ ഈ പദവിയിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. രാജേഷ് ദിവാന്‍, അനില്‍ കാന്ത് എന്നിവരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒരു വനിതയെ ഈ പദവിയില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന.
മൂന്ന് വര്‍ഷത്തേക്കാകും നിയമനം. അതേ സമയം എ.ജയതിലകാകും അടുത്ത ചീഫ് സെക്രട്ടറിയെന്ന കാര്യത്തിലും ഏതാണ്ട് ഉറപ്പായി. 16ന് സസ്‌പെന്‍ഷനിലുള്ള പി പ്രശാന്ത് നേരിട്ട് ചീഫ് സെക്രട്ടറിയ്ക്ക് മുന്നില്‍ മൊഴി നല്‍കാന്‍ എത്തുന്നുണ്ട്. പ്രശാന്തിനെ അതിവേഗം തെളിവു ശേഖരണത്തിന് വിളിച്ചതും ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കുന്നതിന് വേണ്ടിയാണ്. ഐഎഎസ് തലത്തിലെ ചേരി പോരുകളില്‍ പ്രശാന്തിന് അനുകൂലമായി ഒരു വിഭാഗം നിലപാട് എടുക്കുന്ന സാഹചര്യത്തിലാണ് ഇത്. ചീഫ് സെക്രട്ടറിയുടെ നടപടികളുമായി പ്രശാന്ത് സഹകരിച്ചാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
മറിച്ചാണെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകും. നിലവിലെ സാഹചര്യത്തില്‍ ജയതിലകിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളാ കേഡറില്‍ ഏറ്റവും സീനിയറായ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷി ഇത്തവണയും മടങ്ങിയെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതാണ് ജയതിലകിന് അനുകൂലമായി മാറുന്നത്. സെപ്റ്റംബര്‍ ഒന്നിനു ചുമതലയേറ്റ ശാരദ ഏപ്രില്‍ 30നു വിരമിക്കും.
മനോജ് ജോഷിക്ക് (1989 ബാച്ച്) കേരളത്തിലേക്കു മടങ്ങാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആദ്യം വി.വേണുവും പിന്നീടു ഭാര്യ ശാരദയും (ഇരുവരും 1990 ബാച്ച്) ചീഫ് സെക്രട്ടറിമാരായത്. ജയതിലക്, പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, രചന ഷാ എന്നിവര്‍ 1991 ബാച്ചുകാരാണ്.
ഇഷിത മാര്‍ച്ച് 31നു വിരമിക്കും. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചന ഷായും കേരളത്തിലേക്ക് വരില്ല. അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ േ്രഗഡ് ഇല്ലാത്തതിനാല്‍ രാജു നാരായണസ്വാമിക്കു സാധ്യത ഇല്ല. ചീഫ് സെക്രട്ടറി പദവിയില്‍ എത്തുന്ന ജയതിലകിന് 2026 ജൂണ്‍ വരെ കാലാവധിയുണ്ട്. ശാരദയ്ക്കും ഇഷിതയ്ക്കും പുറമേ 2 ഐഎഎസുകാര്‍ കൂടി ഈ വര്‍ഷം വിരമിക്കും.
കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30നും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മേയ് 31നും വിരമിക്കും. അതുകൊണ്ട് തന്നെ ഐഎഎസ് തലത്തില്‍ വലിയ അഴിച്ചുപണികള്‍ ഉടനുണ്ടാകും.