Friday, March 20, 2026 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 12 Apr 2025 08.58 PM

കിഫ്ബി ഫണ്ടില്‍ 33,100 കോടിയുടെ പൊതുമരാമത്ത് വകുപ്പ് പദ്ധതികൾ: മുഹമ്മദ് റിയാസ്

33,101 കോടി രൂപ ചെലവുവരുന്ന 511 പദ്ധതികളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് യാഥാർഥ്യമാക്കുന്നത്. 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ ഓവർബ്രിജുകൾ, 15 ഫ്ലൈ- ഓവറുകൾ തുടങ്ങിയവയാണ് ഇതില്‍ ഉൾപ്പെടുന്നത്.
kiifb

കേരളത്തിന്റെ ഇന്നത്തെ വികസനത്തിൽ നിർണായക പങ്കുള്ള സ്ഥാപനമാണ് കിഫ്ബി. സംസ്ഥാനത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് ഏറ്റവുമധികം വികസനപ്രവര്‍ത്തനങ്ങൾ നടപ്പാക്കുന്നത് പൊതുമരാമത്ത് വകുപ്പാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വേമ്പനാട് കായലിന് കുറുകെ നിർമിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം യാഥാർഥ്യമാകുന്നതോടെ പെരുമ്പളം ദ്വീപ് ജനതയുടെ ദീർഘകാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. കിഫ്ബി അനുവദിച്ച 100 കോടി രൂപ ചെലവിലാണ് പെരുമ്പളം പാലം നിർമിക്കുന്നത്. പാലം ഈ മാസം നാടിന് സമർപ്പിക്കും

33,101 കോടി രൂപ ചെലവുവരുന്ന 511 പദ്ധതികളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് യാഥാർഥ്യമാക്കുന്നത്. 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ ഓവർബ്രിജുകൾ, 15 ഫ്ലൈ- ഓവറുകൾ തുടങ്ങിയവയാണ് ഇതില്‍ ഉൾപ്പെടുന്നത്. സംസ്ഥാനത്തിന്റെ അഭിമാനമായി മാറുന്ന ദേശീയ പാത വികസനത്തിന് കേരളം 5580 കോടി ചിലവാക്കുന്നതും കിഫ്ബി വഴിയാണ്.

kiifb
Coastal Highway

കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒൻപതു വര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് ശ്രദ്ധേയ കുതിപ്പാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ തന്നെ കേരള വികസനത്തിന്റെ മുഖച്ഛായ മാറ്റത്തിൽ നിർണായക ഇടമുണ്ട് പൊതുമരാമത്തു വകുപ്പിന്. റോഡുകളും പാലങ്ങളും ഫ്ലൈ-ഓവറുകളും ഒക്കെയായി പ്രകടമായ ആ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ് കിഫ്ബി വഴിയുള്ള 511 പദ്ധതികൾ.
kiifb
Hill Highway Kuttikkanam-Chappath

"2016ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകരുന്നവിധം കിഫ്ബിയെ പ്രയോജനപ്പെടുത്തിയത്. 87,408.62 കോടി രൂപ മതിക്കുന്ന ആകെ 1,147 പദ്ധതികൾ കിഫ്ബിയുടെ ഭാഗമായി അനുമതി നൽകിക്കഴിഞ്ഞു. നിരവധി പദ്ധതികള്‍ പൂർത്തിയാക്കി. മറ്റു നിരവധി പദ്ധതികൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്’’, റിയാസ് പറഞ്ഞു.
kiifb
Road Improvement Thekkil - Alatty road

ലോകത്ത് എവിടെയും ജീവിക്കുന്ന മലയാളിയുടെ സ്വപ്ന പദ്ധതിയാണ് കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ സജ്ജമാകുന്ന ആറുവരി എൻഎച്ച്66. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് ഒരു സംസ്ഥാന സർക്കാർ പണം ചെലവഴിച്ചു. അതും 5,580 കോടി കിഫ്ബി ഫണ്ടിൽ നിന്ന്.
kiifb
Flyover Kundannoor, Ernakulam

ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന നിലയിൽ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ, മലയോര മേഖലയിലൂടെ പതിമൂന്നു ജില്ലകളിലൂടെയുള്ള മലയോരപ്പാത കേരളത്തിൽ യാഥാർഥ്യമാകുന്നു. അതിനുപിന്നിലെ കരുത്തും കിഫ്ബിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങി ഒൻപതു ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേയുടെ ഫണ്ടും കിഫ്ബിയിൽ നിന്നാണ്.
kiifb
Flyover Edappal

ഈ വര്‍ഷം മാര്‍ച്ചില്‍ 36 പദ്ധതികള്‍ക്കായി 3414.16 കോടി രൂപ പൊതുമരാമത്ത് വകുപ്പിനായി കിഫ്ബി അനുവദിച്ചു. മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി 9 പദ്ധതികള്‍ക്കായി 582.82 കോടി രൂപ, തീരദേശ ഹൈവേ വികസനത്തിന്റെ ഭാഗമായുള്ള നാല് പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി 139.90 കോടി രൂപ, ആലുവ പെരുമ്പാവൂര്‍ റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 262.75 കോടി രൂപ, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട ജംഗ്ഷനുകളുടെ വികസനം എന്ന പദ്ധതിയുടെ ഭാഗമായി 5 ഇടങ്ങളിലെ ജംഗ്ഷന്‍ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിനായി 20.55 കോടി രൂപ, ബാലരാമപുരം അടിപ്പാത ഉള്‍പ്പെടുന്ന കൊടിനട- വഴിമുക്ക് റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 113.90 കോടി രൂപ, കണ്ണൂര്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുന്ന മൂന്ന് റോഡ് പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 1979.47 കോടി രൂപ, കൊട്ടാരക്കര ബൈപാസിന്റെ സ്ഥലമേറ്റെടുപ്പിനായി 110.36 കോടി രൂപ, കോവളത്തിന്റെയും അനുബന്ധ ബീച്ചുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 89.09 കോടി രൂപ, മണക്കാട് - ആറ്റുകാല്‍ ക്ഷേത്രം റോഡിന്‍റെ സ്ഥലമേറ്റെടുപ്പിനായി 52.99 കോടി രൂപയും അനുവദിച്ചു.

ഇങ്ങനെ വ്യത്യസ്ത പദ്ധതികൾ, മികച്ച റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഇവയെല്ലാം കിഫ്ബി ധനസഹായത്തോടെയാണ് യാഥാർഥ്യമാക്കാനായത്. കേരളം ഇന്നു വരെ കാണാത്ത വികസനക്കുതിപ്പാണ് ഈ ഒൻപതു വർഷം ഉണ്ടായിട്ടുള്ളതെന്ന് എല്ലാവരും അനുഭവിച്ചറിയുന്നതിന്റെ പ്രധാന കാരണം കിഫ്ബിയാണ്. സാധ്യമാകില്ലെന്നു കരുതിയ പല പദ്ധതികളും കിഫ്ബിയിലൂടെ സാക്ഷാത്കരിക്കാനായതിൽ ചാരിതാര്‍ഥ്യമുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW