Wednesday, March 11, 2026 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 04.43 PM

‘‘ഹൗ ഡെയര്‍ ഷീ​ ? ഞാനവരെ ഇതുവരെ കണ്ടിട്ടില്ല, കാണണമെന്നുമില്ല...’’ജാലിയൻ വാലാബാഗ് കൊലയാളി ജനറല്‍ ഡയറിന്റെ കൊച്ചുമകളോട് കരണ്‍ ജോഹര്‍

ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പരാമര്‍ശിക്കുന്ന ബോളിവുഡ് ചിത്രമാണ് കേസരി 2. ഇപ്പോഴിതാ ആ കൂട്ട​ക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട ഒരാളെക്കുറിച്ച്, ജനറൽ ഡയറിന്റെ കൊച്ചുമകൾ ‘ഒരു കൊള്ളക്കാരൻ’ എന്ന് വിശേഷിപ്പിച്ചത് പരിഹാസ്യമാണെന്ന് പറയുകയാണ് കരൺ ജോഹർ.
Karan Johar, Kesari 2 movie, General Dyer's great-granddaughter Caroline
Karan Johar angry reply to General Dyer granddaughter (Image Source: Youtube)

ബോളിവുഡില്‍ ചരിത്രം സൃഷ്ടിക്കുന്ന ഒരു ചി​ത്രമായി മാറാന്‍ ​തയ്യാറെടുക്കുകയാണ് കേസരി ചാപ്റ്റര്‍ 2. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥപറയുന്ന ചിത്രമാണ് 'കേസരി ചാപ്റ്റര്‍ 2'. 1919-ലെ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവായ ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടമാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.
ഇപ്പോഴിതാ ജാലിയൻ വാലാബാഗ് ഇരകളെ കൊള്ളക്കാരെന്ന് അധിക്ഷേപിച്ച, കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് പട്ടാള മേധാവി ജനറല്‍ ഡയറിന്റെ കൊച്ചുമകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ബോളിവുഡ് ചലച്ചിത്രകാരൻ കരണ്‍ ജോഹർ.
ജാലിയൻ വാലാബാഗില്‍ ജീവനോടെ ബാക്കിയായ ബല്‍വന്ത് സിങ് എന്ന സമരപോരാളിയുടെ പിന്മുറക്കാരനായ രാജ് കോഹ്‍ലിയും ജനറല്‍ ഡയറുടെ കൊച്ചുമകള്‍ കരോളിൻ ഡയറും സംബന്ധിച്ച ഒരു അഭിമുഖത്തില്‍ കരോളിന്‍ ഒരു വിവാദ പരാമർശം നടത്തിയിരുന്നു. ‘‘ജനറല്‍ ഡയർ ഒരു ബഹുമാന്യ വ്യക്തിയായിരുന്നു. ഇന്ത്യക്കാരെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം മൂന്നോ നാലോ ഇന്ത്യൻ ഭാഷകള്‍ സംസാരിക്കുമായിരുന്നു...’’ എന്നാണ് കരോളിൻ പറഞ്ഞത്.
അതു കേട്ട് വെടിയേറ്റു വീണ ശരീരങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന് രക്ഷപ്പെട്ട ബല്‍വന്ത് സിങ്ങിന്റെ അനുഭവങ്ങള്‍ കോഹ്‍ലി വിവരിച്ചു. അതിനിടയില്‍, ‘‘ബല്‍വന്ത് ഒരു കൊള്ളക്കാരനായിരുന്നു...’’ എന്ന് കരോളിൻ ഇടയ്ക്കുകയറി പറഞ്ഞു. ഇതില്‍ കോഹ്‍ലി ശക്തമായി പ്രതിഷേധിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു ചോദ്യം കരണ്‍ ജോഹറിനോട് ചോദിച്ചപ്പോഴാണ് കരോളിനെതിരെ കരണ്‍ ജോഹർ കടുത്ത ഭാഷയില്‍ സംസാരിച്ചത്. ആ വീഡിയോ കണ്ടോ എന്നാണ് കരണിനോട് ചോദിച്ചത്. ആ സ്ത്രീയുടെ പ്രതികരണം കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നതായി കരണ്‍ പറഞ്ഞു.
‘‘ഞാനാ വിഡിയോ കണ്ടു. എന്റെ വാക്കുകൾ മറച്ചുവെക്കാനോ, എന്റെ മറുപടിയിൽ നയതന്ത്രപരമായിരിക്കാനോ, അവര്‍ അങ്ങനെ പറയുന്നത് എത്ര പരിഹാസ്യമാണെന്നും അവര്‍ക്ക് എങ്ങനെ ധൈര്യമുണ്ടെന്നും പറയാന്‍ ഞാന്‍ മടിക്കുന്നില്ല. ആയിരക്കണക്കിന് ആളുകളെ കൊള്ളക്കാർ എന്ന് അവര്‍ വിളിക്കുകയാണോ? ബൈശാഖിയുടെ ശുഭദിനത്തിനായി അവിടെ ഒത്തുകൂടിയ നിഷ്കളങ്കരായ ആളുകളായിരുന്നു അവർ, മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് കരുതി, എന്താണ് സംഭവിച്ചതെന്ന് നോക്കൂ. അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന വസ്തുത പോലും മാനുഷിക തലത്തിൽ എന്നെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നിനോട് അവര്‍ക്ക് ഇത്രയധികം വെറുപ്പ് തോന്നുന്നു എന്ന വസ്തുതയോടെ ആ വീഡിയോ കണ്ടപ്പോൾ എന്റെ രക്തം തിളച്ചു. അവര്‍ അതിനോട് വെറുപ്പ് കാണിച്ചത് എന്നെ ദേഷ്യം പിടിപ്പിക്കുകയും കൂടുതൽ ക്ഷമാപണം ആവശ്യപ്പെടുകയും ചെയ്യുന്നു. ബുള്ളറ്റുകള്‍ തീർന്നതുകൊണ്ടുമാത്രമാണ് വെടിവെപ്പ് അവസാനിപ്പിച്ചതെന്ന് ജനറല്‍ ഡയർ തന്നെ പറഞ്ഞതുമാണ്. നിങ്ങളുടെ പ്രവൃത്തികൾ വെറുപ്പിനെക്കുറിച്ച് മാത്രം സംസാരിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ എന്ത് സ്നേഹമാണ് ഉണ്ടാകുക? അവര്‍ സ്വന്തം നാട്ടിൽ ജീവിക്കുകയും സ്വന്തം ഭ്രമത്തിൽ ആയിരിക്കുകയും ചെയ്യുന്നു എന്ന വസ്തുത.
ഒരിന്ത്യക്കാരനോ ഒരു മനുഷ്യസ്നേഹിയോ ആയില്ലെങ്കില്‍ പോലും, സഹാനുഭൂതിയുടെ ഒരു തുള്ളിയെങ്കിലും ഉള്ളിലുള്ള ആളാണെങ്കില്‍ ആ അധിക്ഷേപം കേട്ടാല്‍ കോപം വരും. എന്തു അസംബന്ധമാണവർ പറഞ്ഞത്. എങ്ങനെ ധൈര്യം വന്നു അവർക്കത് പറയാൻ ? ആയിരക്കണക്കിന് പോരാളികളെ കൊള്ളക്കാരെന്ന് വിളിക്കാൻ അവർക്കെങ്ങനെ കഴിഞ്ഞു. ഞാനവരെ ഇതുവരെ കണ്ടിട്ടില്ല. കാണണമെന്നുമില്ല. കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അവര്‍ ആ കാര്യങ്ങൾ പറഞ്ഞുവെന്നത് പോലും എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നു...’’ കരണ്‍ ജോഹര്‍ രോഷത്തോടെ തന്റെ പ്രതികരണം അറിയിച്ചു.
കൂട്ടക്കൊലയെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നിരിക്കെ, നായർ നടത്തിയ കേസിനെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ എന്നും ജാലിയൻവാലാബാഗിൽ നടന്നതിന് ബ്രിട്ടീഷുകാർ മാപ്പ് പറയണമെന്ന് സിനിമ ആവശ്യപ്പെടുന്നുവെന്നും കരണ്‍ പറഞ്ഞു. ‘‘ഇപ്പോഴും ഒരു ക്ഷമാപണം നടന്നിട്ടില്ല. ആരും മാപ്പ് പറഞ്ഞിട്ടില്ല, കിരീടമോ രാജവാഴ്ചയോ ബ്രിട്ടീഷ് സർക്കാരോ അല്ല. ബ്രിട്ടീഷ് രാജിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം, ഒരു രാജ്യം എന്ന നിലയിൽ നമ്മൾ അതിൽ നിന്ന് ധീരമായി പുറത്തുവന്നിട്ടുണ്ട്, പക്ഷേ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ ക്ഷമാപണം അർഹിക്കുന്നു, ഈ ചിത്രം അതിനായി മാത്രമാണ് ആവശ്യപ്പെടുന്നത്...’’ കരണ്‍ കൂട്ടിച്ചേര്‍ത്തു. ജാലിയൻ വാലാബാഗ് ചരിത്രം പറയുന്ന ‘കേസരി 2’ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നിർമാതാവ് കരണ്‍ ജോഹർ പ്രതികരിച്ചത്.

കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത ‘കേസരി ചാപ്റ്റർ 2’, ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അരുണ ഭാട്ടിയ, അദാർ പൂനവല്ല എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൂട്ടക്കൊല നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരമായ നിയമപോരാട്ടം നടത്തിയ മലയാളി അഭിഭാഷകൻ ചേറ്റൂർ ശങ്കരൻ നായരുടെ കഥ പറയുന്ന സിനിമയില്‍ അക്ഷയ് കുമാറാണ് ശങ്കരൻ നായരുടെ വേഷമിടുന്നത്. നീതിക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിൽ നായരോടൊപ്പം ചേരുന്ന ദിൽരീത് ഗിൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനന്യ പാണ്ഡെ അവതരിപ്പിക്കുന്നത്. ബുദ്ധിമാനും സങ്കീർണ്ണവുമായ നിയമ മനസ്സുള്ള വ്യക്തിയായി ചിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്ന നെവിൽ മക്കിൻലിയെ ആർ. മാധവൻ അവതരിപ്പിക്കുന്നു. ഏപ്രിൽ 18 ന് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം.

Ads by Google
Saturday 12 Apr 2025 04.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW