Friday, March 20, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 07.23 PM

സിഎംആര്‍എല്‍ കേസ്: എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് കോടതി

sfio, chargesheet, cmrl, veena, viayan

കൊച്ചി: കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ് സ്വീകരിച്ചത്.

പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. സെഷന്‍സ് കേസാക്കി നമ്പര്‍ ഇടുകയാണ് അടുത്ത നടപടി. ശേഷം, ഒന്നാം പ്രതിയായ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കും. ഇതില്‍ നാലു പ്രതികള്‍ നാല് കമ്പനികളാണ്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.

എസ്എഫ്‌ഐഒ നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പു ലഭിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. എസ്എഫ്‌ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകര്‍പ്പ് ഇ.ഡിക്കു കൈമാറുക. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്‌ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന്‍ ചുമതല. കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്കു കടക്കാന്‍ കഴിയും.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സും ചേര്‍ന്ന് 2.7 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തിയെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടിക്കു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്‌ഐഒയ്ക്ക് അനുമതി നല്‍കിയിരുന്നു. കമ്പനിനിയമപ്രകാരം 6 മാസം മുതല്‍ 10 വര്‍ഷം വരെ തടവും വഞ്ചിച്ചുനേടിയ തുകയുടെ മൂന്നുമടങ്ങു വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വീണ ചെയ്തതെന്നാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍.

നല്‍കാത്ത സേവനത്തിനു സിഎംആര്‍എലില്‍നിന്നു വീണയും എക്‌സാലോജിക്കും പണം കൈപ്പറ്റിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ എസ്എഫ്‌ഐഒ അന്വേഷിച്ചത്. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്‌സാലോജിക്കിനു വായ്പ നല്‍കിയ കേസും നിലവിലുണ്ട്. ബെംഗളുരുവിലാണ് ഇതിന്റെ നടപടി ക്രമങ്ങള്‍ നടക്കുക.

Ads by Google
Ads by Google
TRENDING NOW