-->
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. ഗൗതം വസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വലിയ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ചിത്രം കുറച്ചുകൂടി നന്നായി പ്രൊമോട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ എന്ന് പറയുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്‍റെ പരസ്യ പ്രചരണം പ്രേക്ഷകരിലേക്ക് എത്താന്‍ പര്യാപ്തമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നത്.
'ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷൻ നൽകാമായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ സിനിമയെപ്പറ്റി ഇപ്പോഴും പലര്‍ക്കും അറിയില്ല. മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്ത സിനിമ എന്നാണ് റിലീസ് ചെയ്യുന്നത് എന്ന് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്. ബസൂക്കയുടെ പ്രൊമോഷന്റെ ഭാഗമായി ആദ്യം ഒരു അഭിമുഖത്തിലും ഇതേ ചോദ്യം ചോദിച്ചു. കേരളത്തിൽ ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാന്‍ കയറിയപ്പോഴും ഇതേ ചോദ്യമുണ്ടായി,' എന്ന് ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
മമ്മൂട്ടി കമ്പനിയാണ് ഡൊമിന്ക് ആന്‍ഡ് ദി ലേഡീസ് പഴ്സ് നിര്‍മ്മിച്ചത്. മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.