Friday, March 20, 2026 Last Updated 19 Min 33 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 07 Apr 2025 10.13 PM

75 ശതമാനം പദ്ധതികൾ പൂര്‍ത്തിയാക്കി ഫിഷറീസ് വകുപ്പ്,​ തീരക്ഷേമ പദ്ധതികൾ വരുന്നു; ചെല്ലാനം നിവാസികളുടെ കണ്ണീരൊപ്പി കിഫ്ബി

മത്സ്യബന്ധന മേഖലയിൽ കിഫ്ബി വഴി 380കോടി രൂപ അനുവദിച്ചതിൽ ഏറെക്കുറെ എല്ലാ പദ്ധതികളും പൂർത്തീകരിച്ചു.
kerala, KIIFB

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെല്ലാം ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കാനുള്ള പ്രത്യേക കർമ്മ പദ്ധതി രൂപീകരിച്ച് മുന്നോട്ടു പോവുകയാണ് സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പുകളുടെ ചുതമലയുള്ള മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യബന്ധന മേഖലയിൽ കിഫ്ബി വഴി 380കോടി രൂപ അനുവദിച്ചതിൽ ഏറെക്കുറെ എല്ലാ പദ്ധതികളും പൂർത്തീകരിച്ചു.

ഇനി 25 ശതമാനം കൂടി ശേഷിക്കുന്നുണ്ട്. 396 കോടി രൂപയാണ് സാസ്കാരിക വകുപ്പിന് അനുവദിച്ചിരുന്നത്. അതും 75 ശതമാനത്തോളം പൂർത്തീകരിച്ചു. കഴിഞ്ഞ ബഡ്ജറ്റുകളിലെ തുക എന്റെ എല്ലാവകുപ്പുകളും 100 ശതമാനം ചെലവഴിച്ചു. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതു കൂടി പൂർത്തീകരിക്കും.

കേന്ദ്രവും സംസ്ഥാനവും കൂടി നടപ്പിലാക്കുന്ന മത്സ്യഗ്രാമം പദ്ധതി, ഹാർബർ നിർമ്മാണം, ഹാ‌ർബർ നവീകരണം ഉൾപ്പെടെയുള്ളവ നടന്നുവരികയാണ് മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന് 177കോടി രൂപ അനുവദിക്കുകയും അതിന്റെ നി‌ർമ്മാണം ആരംഭിക്കുകയും ചെയ്തു. വിഴിഞ്ഞത്ത് പുതിയൊരു ഹാർബർ കൂടി വരുംമെന്നും പഴയ ഹാർബർ നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ സ്കൂളുകളും ആശുപത്രികളും ഈ സര്‍ക്കാരിന്റെ കാലത്ത് നവീകരിച്ചു.

മഴക്കാലം ചെല്ലാനം നിവാസികൾക്ക് ഒരു പേടി സ്വപ്നമായിരുന്നു. മഴ എത്തുന്നതോടെ ഉയർന്ന തിരമാലകളുണ്ടാവുകയും കടലോരത്ത് താമസിക്കുന്ന ചെല്ലാനം നിവാസികൾക്ക് വീടുകളിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. ഒപ്പം അവരുടെ ഉപജീവന മാർഗവും തടസപ്പെട്ടും. എന്നാൽ കഴിഞ്ഞ വർഷം മുതൽ ചെല്ലാനം നിവാസികള്‍ക്ക് മഴക്കാലത്ത് സ്വന്തം വീടുകളിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ട്. ടെട്രാപോഡ് കൊണ്ട് കടൽഭിത്തി നിർമ്മിച്ചതോടെ ഇവിടുത്തുകാരുടെ ദുരിതജീവതത്തിന് അറുതി വന്നു. ഈ ഭിത്തി വേലിയേറ്റത്തിനെ തടയുന്നതിനാൽ കടല്‍വെള്ളം വീടുകളിലേക്ക് കയറുമെന്ന ഭീതി വേണ്ട.

kerala, KIIFB

ഇടതു സർക്കാരിന്റെ പുതുവത്സര സമ്മാനമെന്നോളം കഴിഞ്ഞ ഡിസംബർ 31നാണ് ചെല്ലാനം മത്സ്യബന്ധന തുറമുഖം മുതൽ പുത്തൻതോട് ബീച്ച് വരെ 7.36 കിലോമീറ്റർ വരെ നീളുന്ന കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 2021ൽ ആരംഭിച്ച കടൽഭിത്തിയുടെ നിർമ്മാണത്തിനായി 344.2 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ചെല്ലാനം തീരദേശ പഞ്ചായത്തിനെ ദത്തെടുക്കണമെന്ന് കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയോട് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. കൂടാതെ ഇവിടുത്തെ ആളുകളുടെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഒരു പദ്ധതി നടപ്പിലാക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ടെട്രാപോഡ് പദ്ധതിക്ക് കരുത്തേക്കാൻ സഹായകമായി.

മത്സ്യ തൊഴിലാളികളടെ ഭവനനിർമ്മാണത്തിനും ഭവന നവീകരണത്തിനുമാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി വഴി ആകെ 24,000 വീടുകൾ മത്സ്യത്തൊഴിലാളി മേഖലയിൽ നിര്‍മ്മിച്ച് നൽകി. ഈവർഷം 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നബാർഡ് വഴി 3000- 3500 കോടി രൂപയുടെ പദ്ധതിക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. അത് സാദ്ധ്യമായാൽ വലിയ നേട്ടമാകും. പുനർഗേഹം പദ്ധതിയുടെ പൂർത്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ജിയോട്യൂബ് ഉപയോഗിച്ചുകൊണ്ടുള്ള കടലാക്രമണം ചെറുക്കൽ, തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികൾ ഇവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ജിയോട്യൂബിന്റെ പരീക്ഷണം പൂന്തുറയിൽ വിജയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ജിയോട്യൂബ് പരീക്ഷണം. ചൈനയിൽ നിന്നാണ് ജിയോട്യൂബ് എത്തിച്ചത്. കിഫ്ബിയുടെ സഹായത്തോടെയാണ് ഇത് ചെയ്തത്. കേരളത്തിൽ ഇത് വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.

തൊഴിൽതീരം പദ്ധതി വഴി 25,000 പേർക്ക് തൊഴിൽ കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. 37,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ 3,000 പേർക്ക് നൈപുണ്യ പരിശീലനം നൽകും. വിഴിഞ്ഞത്ത് സീഫുഡ് റെസ്റ്റോറന്റ് ആരംഭിച്ചു. എല്ലാം ജില്ലകളിലും അതു തുടങ്ങാൻ ആലോചനയുണ്ട്. അതു പോലെ സീഫുഡ് കഫേയും ആരംഭിക്കും.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നതിനായി ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ കുടിശ്ശികയും കൊടുത്തു തീർത്തു. 13-14 കോടി ഇതിനായി ചെലവഴിച്ചു. കോഴിക്കോട്ടും തിരുവനന്തപുരത്തും അദാലത്തുകൾ നടത്തി. പദ്ധതിയിൽ ചേരുന്നവർക്ക് പരമാവധി 20 ലക്ഷം രൂപ ലഭ്യമാക്കുന്നുണ്ട്.

'ശുചിത്വ സാഗരം,​ സുന്ദര തീരം" പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 11ന് കേരളത്തിലെ തീരപ്രദേശമാകെ ശുചീകരിക്കും. ശുചീകരണം കടലിലേക്കും വ്യാപിപ്പിക്കും കടലിൽ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം തീരത്ത് ശേഖരിക്കുന്ന പദ്ധതി കൊല്ലത്ത് തുടങ്ങിയത് എല്ലായിടത്തും വ്യാപിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യം കരയിൽ എത്തിക്കുന്നവർക്ക് പ്രതിഫലവും നൽകും. 35 വർഷത്തിനിടയിൽ ഹാച്ചറികൾ ലാഭത്തിലായി,​ മത്സ്യഫെഡ് ലാഭത്തിലായി. സ്ഥാപനങ്ങളെല്ലാം ലാഭത്തിലാണ്.

മുഖ്യമന്ത്രിയുടെ നി‌ർദേശപ്രകാരം 47 മണ്ഡലങ്ങളിൽ നടത്തിയ തീരസദസിൽ പരാതികളൊക്കെ പരിഹരിച്ചു. അതിന്റെ രണ്ടാം ഘട്ട റിവ്യൂ ഉടൻ നടത്തും. എല്ലാ പരാതികളും പരിഹരിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

തന്റെ മണ്ഡലമായ ചെങ്ങന്നൂരിലെ കിഫ്ബി പദ്ധതികളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW