-->
തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാന്‍ഹോളില്‍ ഒളിപ്പിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോര്‍ഡ്. കൊലപാതകത്തിന് ശേഷം ജോമോന്‍ പലരെയും ഫോണില്‍ വിളിച്ച് താന്‍ 'ദൃശ്യം -4' നടത്തിയെന്ന് പറഞ്ഞതായി പോലീസ് കണ്ടെത്തി. ജോമോന്റെ ഫോണില്‍ നിന്നാണ് കോള്‍ റെക്കോര്‍ഡ് കിട്ടിയത്. ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പോലീസ് വോയ്‌സ് ടെസ്റ്റ് നടത്തും. താന്‍ കൃത്യം നടത്തിയെന്ന് ജോമോന്‍ വെളിപ്പെടുത്തിയ ആളുകളുടെയും മൊഴിയെടുക്കും.
അതേസമയം ജോമോന്റെ ഭാര്യയെയും പോലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ഇവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ ജോമോന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.
കൊല്ലപ്പെട്ട ബിജു ജോസഫും ജോമോനും മുന്‍പ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലയില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യക്കുഴിയില്‍ മൃതദേഹം താഴ്ത്തി കോണ്‍ക്രീറ്റ് ഇട്ട് മൂടുകയായിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ മഞ്ജു നല്‍കിയ പരാതി അന്വേഷിച്ചാണു പോലീസ് പ്രതികളെ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.