Saturday, March 14, 2026 Last Updated 36 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 09.19 AM

വീട്ടിലെ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ചു ; ചോരക്കുഞ്ഞുമായി ആശുപത്രിയില്‍ പോകാതെ ആംബുലന്‍സില്‍ 140 കി.മീ. സഞ്ചരിച്ചു

uploads/news/2025/04/774531/siraj-600.jpg

മലപ്പുറം/പെരുമ്പാവൂര്‍: വീട്ടിലെ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ചു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി മോട്ടികൊളനിയില്‍ കൊപ്പറമ്പി വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകള്‍ അസ്മ (35) ആണ് മലപ്പുറം കോഡൂര്‍ ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍വെച്ചു മരിച്ചത്. അഞ്ചാം പ്രസവത്തില്‍ അമിത രക്തസ്രാവത്തെ തുടര്‍ന്നു മരണം സംഭവിച്ചതെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.

ഭര്‍ത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീര്‍ക്കുന്നം സിറാജ് മന്‍സിലിലെ സിറാജുദ്ദീന് (38)ആശുപത്രിയില്‍ പ്രസവിക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നും ഇയാള്‍ക്കു അക്യൂപങ്ചര്‍, സിദ്ധ ചികിത്സകളുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ആറോടെ അസ്മ ആണ്‍കുട്ടിക്ക് ജന്മ നല്‍കി. ഈ സമയം സിറാജുദ്ദീനും നാല് ചെറിയ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.

പ്രസവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും മൂന്ന് മണിക്കൂറോളം ജീവനിനായി മല്ലിട്ട യുവതി രാത്രി ഒമ്പതോടെ മരണപ്പെടുകയുമായിരുന്നു. മരണവിവരം അയല്‍വാസികളെ അറിയിക്കാതെ മൃതദേഹവുമായി ആംബുലന്‍സില്‍ രാത്രിയില്‍ തന്നെ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് തിരിച്ചു. മടവൂര്‍ കാഫിലയെന്ന പേരില്‍ ആത്മീയ യുട്യൂബ് ചാനല്‍ നടത്തുന്ന ഇയാള്‍ തന്റെ അഞ്ച് അനുയായികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റിയത്. യുവതിക്ക് ശ്വാസതടസ്സമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആംബുലന്‍സ് വിളിച്ചത്.

പ്രസവ വിവരമോ മരണപ്പെട്ടതോ അസ്മയുടെ കുടുംബത്തോട് ആദ്യം പറഞ്ഞിരുന്നില്ല. രാത്രി 12 ന് യാത്രയ്ക്കിടയിലാണ് മരണവിവരം അറിയിക്കുന്നത്. ചോരക്കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോവാതെ ആംബുലന്‍സില്‍ 140 ഓളം കിലോമീറ്റര്‍ സഞ്ചരിച്ചു. അസ്മയുടെ ബന്ധുക്കളാണ് കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ല.

ജനുവരിയില്‍ ആരോഗ്യ സര്‍വേയ്ക്കായി ആശ പ്രവര്‍ത്തക ഇവരുടെ വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാതെ ജനലിലൂടെയാണ് സംസാരിച്ചത്. ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് അല്ലെന്ന് മറുപടിനല്‍കി വീടിന് പുറത്തധികം കാണാത്തതിനാല്‍ ഗര്‍ണിണിയാണെന്ന വിവരം അയല്‍വാസികള്‍ക്കും അറിയില്ലായിരുന്നു. ഒന്നര വര്‍ഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും സിറാജുദ്ദീന്‍ നാട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. കാസര്‍ക്കോട്ടെ പള്ളിയില്‍ മതപ്രഭാഷകനാണ് എന്നാണ് സിറാജുദ്ദീന്‍ വീട്ടുടമയോട് പറഞ്ഞിരുന്നത്.

അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലും പിന്നീടുള്ള പ്രസവങ്ങള്‍ വീട്ടിലും ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടാന്‍ പറഞ്ഞിരുന്നെങ്കിലും കേട്ടില്ലെന്ന് അസ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ പ്രസവവും വീട്ടില്‍ തന്നെയായിരുന്നെന്നും ഇതും നല്ല നിലയില്‍ നടക്കുമെന്ന് അസ്മ വീട്ടുകാരെ സമാധാനിപ്പിച്ചു. അസ്മയും അക്യുപങ്്ചര്‍ പഠിച്ചിരുന്നതായി വിവരമുണ്ട്.

പ്രസവത്തിന് ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് അസ്മയെ സിറാജുദ്ദീന്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. അതേസമയം സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സിറാജുദ്ദീന്‍ നാട്ടുകാരുമായി അകലംപാലിച്ചാണ് കഴിഞ്ഞിരുന്നതെന്നു വാര്‍ഡ് കൗണ്‍സിലറും കോഡൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാദിഖ് പൂക്കാടന്‍ മംഗളത്തോടു പറഞ്ഞു. . വിഷയത്തില്‍ വീട്ടുകാരുടെ വിശദമായ മൊഴി എടുക്കുമെന്ന് പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW