-->
ടെന്നീസ് 1500W എന്ന ആദ്യ മോഡല്‍ ഹിറ്റായതിന് പിന്നാലെ രാജ്യത്തിനായുള്ള രണ്ടാമത്തെ ഇവിയും പുറത്തിറക്കിയിരിക്കുകയാണ് ഇറ്റാലിയന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ വെലോസിഫെറോ. ഇതൊരു എക്സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. VLF ടെന്നീസ് മിലാനോ എന്നുപേരിട്ടിരിക്കുന്ന ഇവിക്ക് 99,999 രൂപയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.
എക്സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷനായതിനാല്‍ തന്നെ ആദ്യം വാങ്ങാനെത്തുന്ന 200 പേര്‍ക്ക് മാത്രമാണ് പുതുപുത്തന്‍ VLF ടെന്നീസ് മിലാനോ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനാവുക. വൈറ്റ്, ഗ്രേ, ഡാര്‍ക്ക് റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇവി തെരഞ്ഞെടുക്കാനാവുക. കോലാപ്പൂര്‍ ഫാക്ടറിയില്‍ KAW വെലോസ് മോട്ടോര്‍സാണ് ഈ സ്‌കൂട്ടര്‍ പ്രാദേശികമായി നിര്‍മിക്കുക. ടെന്നീസ് മിലാനോ എഡിഷന്‍ ഇവിക്ക് 2.1KW പീക്ക് പവറും റിമൂവബിള്‍ ബാറ്ററി പായ്ക്കും ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്ററില്‍ അധികം റേഞ്ചും വാഗ്ദാനം ചെയ്യാനാവും.
മണിക്കൂറില്‍ 65 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. ടെന്നീസിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ടിഎഫ്ടി ഡിസ്പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഫീച്ചറുകളാലും സമ്പന്നമാണ് കക്ഷി എന്നതിനാല്‍ ഏതുതരം ഉപഭോക്താക്കളേയും ആകര്‍ഷിക്കാനും വെലോസിഫെറോയ്ക്കാവും. തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി സ്മാര്‍ട്ട് ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയാണ് പ്രധാന ഹൈലൈറ്റ്.
3 വ്യത്യസ്ത റൈഡ് മോഡുകള്‍ പോലുള്ള അധിക ഫീച്ചറുകളും VLF ടെന്നീസ് മിലാനോ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണെന്ന് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പറയുന്നു. ഇവിയുടെ പ്രധാന ഹൈലൈറ്റ് അതിന്റെ ഭാരമായിരിക്കും. കണ്ടാല്‍ മസ്‌ക്കുലാര്‍ ലുക്കുണ്ടെങ്കിലും അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ഇവികളില്‍ ഒന്നായിരിക്കുമിതെന്നാണ് കമ്പനിയുടെ അവകാശവാദം. VLF ടെന്നീസ് ഇവിക്ക് 40,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയാണുള്ളത്. അതേസമയം എക്സ്റ്റന്‍ഡഡ് വാറണ്ടി 5 വര്‍ഷം വരെ നീട്ടാനുമാവും.