-->
വില്ലന്‍ നായക വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് മിന്നുന്ന താരമായിരുന്നു ബാല. കഴിഞ്ഞ കുറച്ചു നാളുകളായി ബാലയുടെ പേര് കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങളിലൂടെയാണ്. പ്രണയിച്ച് വിവാഹം ചെയ്ത ഗായിക അമൃതയെ വിവാഹം ചെയ്തതും അവര്‍ക്ക് പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്ന മകളുണ്ടായതും ആരാധകര്‍ ഏറ്റെടുത്ത വാര്‍ത്തകളായിരുന്നു. എന്നാലതിന് കുറച്ചു നാളുകള്‍ക്ക് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു.
ബാല ഡോ എലിസബത്ത് ഉദയനെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. പിന്നീട് മകളെ കാണിക്കുന്നില്ല, അകറ്റുന്നു എന്നതടക്കമുള്ള ആരോപണങ്ങളുമായി ബാല എത്തി. അമൃതയെ മോശമായി ചിത്രീകരിക്കുകയും ചെയ്തു ബാല. അതിന് അമൃതയും മകള്‍ പാപ്പുവും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന മറുപടി നല്‍കി. പിന്നീട് അധിക നാള്‍ കഴിയും മുമ്പ് ബാല എലിസബത്തിനെ ഉപേക്ഷിച്ചു, മാമന്റെ മകള്‍ കോകിലയെ വിവാഹം ചെയ്തു. അതിനു ശേഷം എലിസബത്തിനെതിരെയും ബാല ആരോപണങ്ങള്‍ ഉന്നയിച്ചു. കുറച്ചു നാള്‍ മിണ്ടാതിരുന്നെങ്കിലും പിന്നീട് എലിസബത്ത് ഫെയ്സ്ബുക്ക് വീഡിയോകളിലൂടെ ശക്തമായി പ്രതികരിച്ചു തുടങ്ങി.
തന്റെ മുന്‍ പങ്കാളിയായ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. കടുത്ത ശാരീരിക മാനസിക പീഡനം താൻ അനുഭവിച്ചിരുന്നുവെന്നും ഗത്യന്തരമില്ലാതെയാണ് ബാലയുടെ വീട് വിട്ട് ഇറങ്ങി വന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു. ബാലയുമായുള്ള ബന്ധത്തില്‍ താൻ അനുഭവിച്ചത് എന്തെന്ന് വിശദീകരിച്ച് എലിസബത്ത് തുടരെ തുടരെ വീഡിയോ ചെയ്തതോടെ എലിസബത്തിനെതിരെ കേസുമായി ബാല രംഗത്തെത്തി.
തന്നെയും ഭാര്യയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എലിസബത്ത് നടത്തുന്നതെന്നായിരുന്നു ആരോപണം. പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും തനിക്കെതിരെ പ്രവർത്തിക്കുന്ന എലിസബത്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും പോലീസിനോട് അഭ്യർത്ഥിച്ചുവെന്നും ബാല പറഞ്ഞു. ബാല നിയമപരമായി നീങ്ങിയതിന് ശേഷം എലിസബത്ത് കൂടുതല്‍ വീഡിയോകള്‍ പങ്കുവെച്ചിരുന്നില്ല.
ഇപ്പോഴിതാ ഏറെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. താൻ സുരക്ഷിതമായി ഇരിക്കുകയാണെന്നും പല ബുദ്ധിമുട്ടികള്‍ കാരണമാണ് വീഡിയോയില്‍ വരാതിരുന്നതെന്നും എലിസബത്ത് പറഞ്ഞു.
‘‘കുറേ മെസേജുകളും കമന്റുകളുമൊക്കെ വന്നിരുന്നു, ഹാപ്പിയാണോ സേഫ് ആണോ എന്ന് ചോദിച്ചിട്ട്. ചില കാരണങ്ങള്‍ കൊണ്ട് വീഡിയോ ഇടാൻ സാധിച്ചിരുന്നില്ല. എന്നെ ഗൗരവത്തോടെ പ്രതികരിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇപ്പോഴും അന്വേഷിക്കുന്നത് എന്ന് അറിയാം. അതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്റ്റെപ്പുകള്‍ ഞാൻ എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ കഴിയാത്തത്. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു....’’ എലിസബത്ത് പറഞ്ഞു.
എലിസബത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നുണ്ട്. ബാലയ്ക്കെതിരെ നിയമപരമായി നീങ്ങിയെന്നാണ് ‘നിങ്ങള്‍ ആഗ്രഹിച്ച ചുവടുവെപ്പ് നടത്തി’ എന്ന എലിസബത്തിന്റെ പരാമർശം എന്നാണ് പലരും കുറിക്കുന്നത്. ‘അത്തരമൊരു തീരുമാനം എടുത്തതിന് അഭിനന്ദനം, മിടുക്കി ആയി മെന്റലി സ്ട്രോങ്ങ് ആയിട്ട് വാടോ...നല്ല ഒരു ഡോക്ടർ ആയി വരൂ, തനിക്കു നീതി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം എത്രയും വേഗം അത് സാധിക്കട്ടെ, എല്ലാം നന്നായി വരും. തെറ്റ് ചെയ്യുന്നവർ അനുഭവിച്ചേ ഇരിക്ക് ഇന്ന് അല്ലെങ്കിൽ നാളെ...’ എന്നതടക്കമാണ് കമന്റുകള്‍.