Saturday, March 14, 2026 Last Updated 38 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.44 AM

‘ശത്രുക്കള്‍ ഒരുപാടുണ്ടല്ലോ, അവരെയെങ്ങനെ ഹാന്റില്‍ ചെയ്യുന്നു; നാലഞ്ച് തിരക്കഥകള്‍ കേട്ടെങ്കിലും ഒന്നിനും ഒക്കെ പറഞ്ഞില്ലല്ലോ...’കോകിലയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ബാല

നടന്‍ ബാലയുടെ അഭിനയത്തേക്കാളേറെ വ്യക്തിജീവിതമാണ് ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ പങ്കിട്ട വീഡിയോയിലൂടെ ഭാര്യ കോകിലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ബാല.
Actor Bala, Actor Bala's wife kokila
Actor Bala and kokila's new year wishes to fans (Image Source: Facebook)

നായകന്‍, വില്ലന്‍ എന്നിങ്ങനെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് ബാല. ബാലയുടെ അഭിനയജീവിതത്തേക്കാളേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് താരത്തിന്റെ വ്യക്തിജീവിതമാണ്. ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവും മകളെ കാണണമെന്നുള്ള ബാലയുടെ ആഗ്രഹമടക്കം എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞതാണ്.
അതിനു ശേഷം ബാല ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തു. പിന്നീടുണ്ടായ കരള്‍ രോഗവും ശസ്ത്രക്രിയയും കുറച്ചു നാളുകള്‍ക്ക് ശേഷം എലിസബത്തിനെ പിരിഞ്ഞതും മാനസിക ശാരീരിക പീഡനങ്ങള്‍ ഉണ്ടായെന്നുള്ള എലിസബത്തിന്റെ ആരോപണങ്ങളുമടക്കം ബാലയുടെ പേര് വിവാദങ്ങളില്‍ നിറഞ്ഞു. അതോടെ അമൃതയും ബാലയില്‍ നിന്നുണ്ടായ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. പോലീസ് കേസടക്കം പലതും ബാല നേരിട്ടു.
പിന്നീടാണ് ബാല മാമന്റെ മകള്‍ കോകിലയെ വിവാഹം ചെയ്തത്. തന്റെ ജീവിതം ഇപ്പോഴാണ് മനോഹരമായതെന്നും ജീവിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്നും ബാല ആരാധകരോട് പങ്കുവച്ചു. രണ്ടുപേരും സന്തുഷ്ടമായി കുടുംബജീവിതം നയിക്കുകയാണിപ്പോള്‍. ഇടയ്ക്കിടെ ഫെയ്സ്ബുക്ക് വീഡിയോകളിലൂടെ ബാല തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുമുണ്ട്. അടുത്തിടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചപ്പോള്‍ തന്റെ ഇപ്പോഴത്തെ ജീവിതവുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ബാല അറിയിച്ചിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകർക്ക് വേണ്ടി ഭാര്യ കോകില ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ബാല. നാലു ചോദ്യങ്ങളാണ് കോകില ബാലയോട് ചോദിക്കുന്നത്. അതിനെല്ലാം ബാല കൃത്യമായി മറുപടി പറഞ്ഞ ശേഷം എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസിക്കുകയും ചെയ്യുകയാണ് ദമ്പതിമാര്‍.
‘‘2026 പിറന്നിരിക്കുന്നു ഞങ്ങള്‍ വളരെ ഹാപ്പിയാണ്. അന്ന് പറഞ്ഞതുപോലെ കോകില ചോദിക്കുന്ന നാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ പോവുകയാണ്...’ വീഡിയോയുടെ തുടക്കത്തില്‍ ബാല പറഞ്ഞു.
‘പിറന്നാള്‍, ന്യൂഇയർ, ക്രിസ്മസ് എല്ലാം പ്രമാണിച്ച്‌ എത്രത്തോളം സമ്മാനങ്ങള്‍ ലഭിച്ചു? എന്നാണ് കോകിലയുടെ ആദ്യ ചോദ്യം. അമേരിക്കയില്‍ നിന്നും ചേച്ചിയുടെ വക സമ്മാനം കിട്ടി. ചില ബന്ധങ്ങള്‍ ഇപ്പോഴുമുണ്ട് എന്നതിന്റെ ഉദാഹരണം അതാണ്...’ എന്നായിരുന്നു ബാലയുടെ മറുപടി. ‘എനിക്കും ഒരുപാട് സമ്മാനങ്ങള്‍ കിട്ടി. പെർഫ്യൂം, ക്രീം എല്ലാം കിട്ടി’യെന്ന് കോകിലയും പറഞ്ഞു.
ഒരു വളർത്തുനായയെയാണ് കോകില പിറന്നാള്‍ ദിനത്തില്‍ ബാലയ്ക്ക് സമ്മാനിച്ചത്. ‘മാമനെ ഞാൻ ഒരു വർഷമായി കാണുകയാണ്. ഒരുപാട് ശത്രുക്കള്‍ മാമനുണ്ടെന്ന് എനിക്ക് അറിയാം. അവരെ എല്ലാം എങ്ങനെയാണ് എളുപ്പത്തില്‍ ഹാന്റില്‍ ചെയ്യാൻ കഴിയുന്നത്?...’ അതായിരുന്നു കോകിലയുടെ അടുത്ത ചോദ്യം.
‘അത് വളരെ സിംപിളാണ്. നമ്മളോട് ശത്രുത കാണിക്കുന്നവരെ ശത്രുവായി കണ്ടാല്‍ മാത്രമല്ലേ അവർ ശത്രുവാകുന്നുള്ളൂ. മിത്രമായി കണ്ടാല്‍ എങ്ങനെ ശത്രുവാകും?. ആരും എനിക്ക് ശത്രുക്കളല്ല. എല്ലാവരും എപ്പോഴും നന്നായിരിക്കണം....2026ല്‍ എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ. വിവാഹത്തിനുശേഷം പോലും ഒരുപാട് ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്കുണ്ടായി. 2026ല്‍ ഞങ്ങളും അടുത്ത സ്റ്റെപ്പിലേക്ക് കടക്കുകയാണ്...’ എന്നായിരുന്നു ബാലയുടെ മറുപടി.
‘നാല്, അ‍ഞ്ച് തിരകഥകള്‍ ഇതിനോടകം കേട്ടു. എന്നാല്‍ ഒന്നിനോടും ഓക്കെ പറഞ്ഞില്ല. അതിന് കാരണം എന്താണ്?. എന്താണ് പ്ലാൻ?...’ എന്ന ചോദ്യത്തിന് ബാല നല്‍കിയ മറുപടി ഇങ്ങനെയാണ്... ‘ആറ്റിറ്റ്യൂഡ് തന്നെയാണ് കാരണം. അതേ പഴയ ബാലയും അതേ നടനും തന്നെയാണ് ‍ഞാൻ. സർജറിക്കുശേഷം സിനിമയില്‍ നല്ലൊരു സക്സസ് കൊടുക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. വെറുതെ സിനിമ ചെയ്യാൻ വേണ്ടി ഏതെങ്കിലും സിനിമയില്‍ അഭിനയിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ദൈവം സഹായിച്ച്‌ മഹാന്മാരായ ഒരുപാട് താരങ്ങള്‍ക്കൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മോഹൻലാല്‍ സാർ, മമ്മൂട്ടി സാർ, സുരേഷ് ഗോപി സാർ എന്റെ പ്രിയ സുഹൃത്ത് പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഇനി ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതിന് ഒരു അർത്ഥമുണ്ടാകണം. 2026ല്‍ ഈ ആഗ്രഹം നടക്കാൻ എല്ലാവരും പ്രാർത്ഥിക്കണം...’ എന്നും ബാല പറഞ്ഞു.
‘2026 ല്‍ എനിക്ക് നല്‍കാനുള്ള ഉപദേശം എന്താണ്...’ എന്നായിരുന്നു കോകിലയുടെ നാലാമത്തെ ചോദ്യം. ‘നിന്നോട് മാത്രമല്ല, എല്ലാവരോടും പറയാനുള്ളത് ഒന്നാണ്. സന്തോഷമായി ഇരിക്കുക എന്നത് നിങ്ങളുടെ കടമയാണ്. എല്ലാം തികഞ്ഞ ശരീരം നല്‍കിയിട്ടും എത്രയോപേർ ജീവിതത്തില്‍ പരാതികള്‍ നിരന്തരം പറയുന്നുണ്ട്. ഞാൻ ഒരു ഘട്ടത്തില്‍ വിഷമം അനുഭവിച്ചപ്പോള്‍ വില ഞാൻ ശരിക്കും മനസിലാക്കി.
മരണത്തിലേക്ക് എത്തിയപ്പോഴാണ് ജീവിതത്തിന്റെ വില എനിക്ക് മനസിലായത്. സന്തോഷവും മനസമാധാനവും നമ്മള്‍ ഉണ്ടാക്കേണ്ട കാര്യമാണ്. നമ്മളും സന്തോഷമായിരിക്കണം. ചുറ്റുമുള്ളവരെയും ഹാപ്പിയായി വെക്കുക എന്നതാണ് പുതുവത്സര സന്ദേശം...’’ ഇത്രയും പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിച്ചത്.
നാല്‍പ്പത്തിമൂന്നുകാരനായ ബാലയുടെ മൂന്നാമതായിട്ടാണ് കോകിലയെ വിവാഹം ചെയ്തത്. വിവാഹശേഷം വൈക്കത്താണ് താരം കുടുംബസമേതം താമസിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷം, ബാഡ് ബോയ്സ് തുടങ്ങിയവയാണ് ബാല അവസാനമായി ചെയ്ത മലയാള സിനിമകള്‍. അഭിനയത്തില്‍ സജീവമല്ലെങ്കിലും റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ഭാര്യയ്ക്കൊപ്പം കാണാൻ ബാല തിയേറ്ററില്‍ വരാറുണ്ട്.

Ads by Google
Thursday 01 Jan 2026 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW