-->
കൊല്ലം: കണ്ണൂരില്‍ നടന്ന 23-ാം സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനും മധുരയില്‍ ഇപ്പോള്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനും പ്രധാന അജന്‍ഡ ഒന്നുതന്നെ. കേന്ദ്രത്തിലെ ബി.ജെ.പി. ഭരണത്തെ താഴെയിറക്കുക. ബി.ജെ.പി. ഭരണത്തിന് ദേശീയ ബദലായി കേരള മോഡല്‍ ഭരണത്തെയാണു കണ്ണൂര്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ എത്തിയതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പ്രശംസിച്ച് അന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയവും പാസാക്കിയിരുന്നു.
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസില്‍നിന്ന് അകന്നു നില്‍ക്കുകയും ഡി.എം.കെ, ടി.ആര്‍.എസ്. പോലുള്ള ശക്തമായ പ്രാദേശിക പാര്‍ട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ നയമാണ് കേരള മോഡല്‍ രൂപപ്പെടുത്തിയതെന്നും പ്രമേയത്തില്‍ പരാമര്‍ശിച്ചിരുന്നു. ദേശീയ തലത്തിലെ സാന്നിധ്യം ചുരുങ്ങുന്നത് പാര്‍ട്ടിയുടെയും പൊതുവില്‍ ഇടതുപക്ഷത്തിന്റെയും പ്രധാന വെല്ലുവിളിയായി ഇക്കാലമത്രയും തുടര്‍ന്നു. തുടര്‍ച്ചയായ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഹിന്ദി ഹൃദയ ഭൂമിയിലേക്ക് കടന്നു ചെല്ലാന്‍ സി.പി.എം. പാടുപെട്ടു.
ഒന്നും സംഭവിച്ചില്ല. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഛിന്നഭിന്നമായി. പിന്നീടാണ് ബി.ജെ.പിക്കെതിരായ വിശാല കൂട്ടായ്മയില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളുമായി സഹകരിക്കാമെന്ന നിലപാട് ഉരുത്തിരിഞ്ഞത്. ഇപ്പോള്‍ മധുരയിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലും ബി.ജെ.പിയാണ് മുഖ്യ വിഷയം.
ബി.ജെ.പിക്കെതിരായ വിശാല കൂട്ടായ്മയില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളുമായി സഹകരിക്കാമെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യാ ബ്ലോക്കില്‍നിന്ന് സി.പി.എം. പിന്മാറുന്ന ചോദ്യം ഉദിക്കുന്നില്ല. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ഇന്ത്യാ ബ്ലോക്കില്‍ പ്രധാന പങ്കു വഹിക്കാനുണ്ടെന്നും ബി.ജെ.പി-ആര്‍.എസ്.എസ്. സഖ്യത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നു.
ഇതേ സമയമാണ് കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ വ്യക്തത വേണമെന്ന് കരടു രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്ന വിമര്‍ശനവുമുണ്ടായി.
ഇന്ത്യാ ബ്ലോക്കിന് നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍നിന്ന് ഉത്തരവാദിത്വത്തോടെയുള്ള സമീപനമുണ്ടാകുന്നില്ലെന്ന് ഹരിയാന, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളെ ഉദാഹരിച്ച് കരട് പ്രമേയം അവതരിപ്പിച്ച പി.ബി. കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരേ സ്ഥിരതയാര്‍ന്ന പോരാട്ടത്തിന് പാര്‍ട്ടിയുടെ കരുത്തും ഇടതുപക്ഷ ഐക്യവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നു.