-->
ഉപഭോക്താക്കള്‍ക്ക് അടിപൊളി ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. 1.71 ലക്ഷം രൂപയുടെ ഓഫറുകളാണ് ടാറ്റ ഇലക്ട്രിക് കാറുകള്‍ക്കായി 2025 മാര്‍ച്ച് മാസം കാത്തിരിക്കുന്നത്. എന്നാല്‍ 2024 മോഡല്‍ ഇയര്‍ ഇവികള്‍ക്ക് മാത്രമേ ആനുകൂല്യങ്ങളുണ്ടാവുകയുള്ളൂ. ഇതോടൊപ്പം ഇലക്ട്രിക് കാറുകള്‍ക്കായി കമ്പനി സെലിബ്രേറ്ററി റിവാര്‍ഡ് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ കീഴില്‍ ഉപഭോക്താക്കള്‍ക്ക് 1.86 ലക്ഷം രൂപയുടെ അധിക ഓഫറുകളും ലഭിക്കും.
ഇതില്‍ 50,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബെനഫിറ്റുകള്‍, ഫ്രീ ഹോം ചാര്‍ജറും ഇന്‍സ്റ്റാളേഷനും, 6 മാസത്തെ സൗജന്യ ചാര്‍ജിംഗ്, സീറോ ഡൗണ്‍ പേയ്മെന്റ്, 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സ്, നിലവിലെ ടാറ്റ ഇവി ഉടമകള്‍ക്കും ടാറ്റ ICE എഞ്ചിന്‍ വാഹന ഉടമകള്‍ക്കും ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്കും പ്രത്യേക അപ്ഗ്രേഡ് ആനുകൂല്യങ്ങളുമാണ് മാര്‍ച്ച് മാസത്തെ സെലിബ്രേറ്ററി റിവാര്‍ഡ് പ്രോഗ്രാമില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഇനി മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം. ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ ടിയാഗോ ഇവി വാങ്ങാനെത്തുന്നവര്‍ക്ക് പരമാവധി 1.30 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഈ തുക വിവിധ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും കൃത്യമായി കമ്പനി പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ 2024 മോഡല്‍ ഇയറുകള്‍ക്കാവും കൂടുതല്‍ തുക ലഭിക്കുക.
19.2 kWh, 24 kWh ബാറ്ററി പായ്ക്ക് ഓപ്ഷനിലാണ് ടിയാഗോ ഇവി വിപണിയില്‍ എത്തുന്നത്. സിംഗിള്‍ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന മോഡലിന് നിലവില്‍ 7.99 ലക്ഷം മുതല്‍ 11.14 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കാനാവുന്നത്. അടുത്തിടെ ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിന് ചില പരിഷ്‌ക്കാരങ്ങള്‍ കമ്പനി സമ്മാനിച്ചിരുന്നു. പുതുതായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഗ്രില്ലും ഹെഡ്ലൈറ്റുകളും റീഡിസൈന്‍ ചെയ്ത 14 ഇഞ്ച് അലോയ് വീലുകളുമെല്ലാമാണ് ഇവിയിലേക്ക് എത്തിയിരിക്കുന്നത്. ടാറ്റയുടെ സമര്‍പ്പിത ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് എസ്യുവിയായ പഞ്ചിന് 1.20 ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 2014 മോഡലുകള്‍ക്കാണിത്. 9.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയാണ് മൈക്രോ ഇലക്ട്രിക് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.
നെക്‌സോണ്‍ ഇവി നോക്കുന്നവര്‍ക്ക് 1.41 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ഈ മാസം ഉപയോഗപ്പെടുത്താനാവും. എന്നാല്‍ ഇലക്ട്രിക് എസ്യുവിയുടെ 2024 മോഡലുകള്‍ക്ക് മാത്രമേ ഓഫറുകള്‍ ഒരുക്കിയിട്ടുള്ളൂ. 12.49 ലക്ഷം രൂപ മുതല്‍ 17.19 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന നെക്‌സോണ്‍ ഇവി 30 kWh, 46.08 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാങ്ങാനാവുക. 489 കിലോമീറ്റര്‍ റേഞ്ചാണ് വാഹനത്തിനൊപ്പം കമ്പനി അവകാശപ്പെടുന്നതും. ടാറ്റയുടെ ഇലക്ട്രിക് കൂപ്പെ എസ്യുവിയായ കര്‍വ് ഇവിയുടെ ഓഫറുകളിലേക്ക് വന്നാല്‍ 2024 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്ക് 1.71 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.