-->
തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകുകയാണു മകള്‍ വീണാ വിജയന്‍ പ്രതിയായ മാസപ്പടിക്കേസ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്‍ക്കുകയും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തതോടെയാണു മുഖ്യമന്ത്രി നേരിടുന്ന വെല്ലുവിളി ശക്തമായത്.
സി.പി.എമ്മിനു ദേശീയതലത്തിലുണ്ടായ തിരിച്ചടിമൂലം പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കുന്നതു കേരള ഘടകമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ സി.പി.എം. നേതൃത്വം പിണറായിയെ തള്ളിപ്പറയില്ല. അപ്പോഴും മകള്‍ കേസില്‍ പ്രതിയാകുന്നതു വ്യക്തിപരമായി പിണറായിയെ വിഷമവൃത്തത്തിലാക്കും. പത്തു വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് വീണ നേരിടുന്നത്. വിചാരണയിലേക്കു നീങ്ങാതെ കേസിനെ നിയമപരമായി തടയാനായില്ലെങ്കില്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ വീണയ്ക്കു നില്‍ക്കേണ്ടി വരും. യു.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, അതിനു സി.പി.എം. വഴങ്ങില്ല. പകരം, ബി.ജെ.പിയുടെ വേട്ടയാടലിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി പിണറായിയെ ഉയര്‍ത്തിക്കാട്ടാനാകും അവര്‍ ശ്രമിക്കുക.
ലാവ്‌ലിന്‍ അഴിമതിക്കേസില്‍ തളയ്ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ പല നീക്കങ്ങളും നടത്തിയെങ്കിലും സി.ബി.ഐ. നല്‍കിയ കുറ്റപത്രത്തില്‍നിന്ന്, വിചാരണ നേരിടാതെതന്നെ പിണറായി വിജയന്‍ മുക്തി നേടിയിരുന്നു. വിചാരണക്കോടതിയുടെ ഈ തീരുമാനം ഹൈക്കോടതിയും അംഗീകരിച്ചു. അതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അഴിമതിക്കേസില്‍ പ്രതിയായ പിണറായി ഭരണപദവിയിലെത്തില്ലെന്നു കുറ്റപത്രം വന്നപ്പോള്‍ സി.പി.എം. കേന്ദ്ര നേതൃത്വം നിലപാടെടുത്തിരുന്നു. എന്നാല്‍, പിണറായിക്കു മുഖ്യമന്ത്രിപദത്തിലേക്കു വഴിയൊരുക്കും വിധമായിരുന്നു വിചാരണക്കോടതി തെളിവില്ലെന്നു വ്യക്തമാക്കി കുറ്റവിമുക്തി നല്‍കിയത്.
സുപ്രീം കോടതിയിലെ അപ്പീല്‍ അനന്തമായി നീളുന്നതിനു പിന്നില്‍ പല ഒത്തുകളികളുമുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇതിനിടെയാണ് മാസപ്പടിക്കേസിന്റെ വരവ്. പിണറായിയുടെ മകള്‍ വീണയുടെ എക്‌സാലോജിക്ക് എന്ന കമ്പനി സേവനമില്ലാതെ പണം വാങ്ങിയത് അഴിമതിയാണെന്നു പ്രതിപക്ഷം വാദിച്ചു. പക്ഷേ, ഇക്കാര്യത്തില്‍ വിജിലന്‍സ് കേസ് വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അതിനിടെയാണ് ആരോപണങ്ങള്‍ ശരിവച്ചുള്ള എസ്.എഫ്.ഐ.ഒ. കുറ്റപത്രം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാരുമായി തനിക്ക് അവിശുദ്ധ കൂട്ടുകെട്ടില്ലെന്നു ചൂണ്ടിക്കാട്ടാന്‍ ഈ കുറ്റപത്രത്തെ പിണറായിക്കു വിനിയോഗിക്കാനാകും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി ഡല്‍ഹിയിലെ കേരളാ ഹൗസില്‍ 'പ്രഭാതഭക്ഷണ കൂടിക്കാഴ്ച' നടത്തിയതു കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടിമാത്രമാണെന്നും ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇത്തരം രാഷ്ട്രീയ അനുകൂല്യങ്ങള്‍ ഈ കുറ്റപത്രം പിണറായിക്കു നല്‍കുന്നുണ്ട്. സി.പി.എമ്മില്‍ പിണറായി സുരക്ഷിതനാണ്. എതിര്‍ ശബ്ദം ഉയര്‍ത്താന്‍ ആരുമില്ല. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിപദം രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം പാര്‍ട്ടിയില്‍ ആരും ഏറ്റെടുക്കുകയുമില്ല.