-->
പൃഥ്വിരാജ് സുകുമാരന്‍ എന്ന നടനെയും സംവിധായകനെയും മലയാള സിനിമാപ്രേക്ഷകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അംഗീകരിക്കുകയും കൈയടിയോടെ സ്വീകരിക്കുകയും ചെയ്തതാണ്. തന്റെ മൂന്നാമത്തെ സിനിമയായ ‘എമ്പുരാന്‍’ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് റിലീസിന് എത്തിക്കുന്നതെന്നും താരം പറഞ്ഞിട്ടുണ്ട്.
തിയേറ്റില്‍ എത്തും മുന്‍പ് തന്നെ പ്രേക്ഷകര്‍ എമ്പുരാന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വേണ്ടി ആകാംക്ഷയോടെയാണ് കാത്തിരുന്നിട്ടുള്ളത്. സിനിമയെക്കുറിച്ച് പൃഥ്വി പങ്കിടുന്ന എല്ലാ പോസ്റ്റുകളും വളരെ വേഗത്തില്‍ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ റിലീസിനു മുന്‍പ് ഇത്രയും ഹൈപ്പും കളക്ഷന്‍ റെക്കോര്‍ഡുകളും നേടിയെടുത്ത മറ്റൊരു മലയാള സിനിമയിലെന്നു വേണം പറയാന്‍. എന്നാല്‍ സിനിമ ഇറങ്ങിയ ശേഷം വന്‍ തോതിലുള്ള സൈബര്‍ അറ്റാക്കുകളാണ് പൃഥ്വിരാജ് നേരിടുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികളെ വളരെ മോശമായി ചിത്രീകരിച്ചെന്നും അവര്‍ക്കെതിരെ പലതും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചുണ്ടെന്നുമാണ് വിമര്‍ശനങ്ങള്‍. കേരളത്തില്‍ ഇത്രയധികം രാഷ്ട്രീയ വിവാദമായ സിനിമ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. ആര്‍എസ്‌എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ സിനിമയ്ക്കും പൃഥ്വിരാജിനും എതിരെ അതിരൂക്ഷമായി ഇപ്പോഴും രംഗത്തു വരുന്നുണ്ട്.
എന്നാല്‍ സിനിമാ മേഖലയിലുള്ള പലരും ആരാധകരും വന്‍ തോതില്‍ എമ്പുരാനെ പ്രശംസിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഇപ്പോഴും എമ്പുരാന്‍ ഓളത്തില്‍ തന്നെയാണ്. എമ്പുരാന്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി മിക്ക താരങ്ങളും പറയുന്നുമുണ്ട്. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള മണിക്കുട്ടനും എമ്പുരാന്റെ ഭാഗമായിരുന്നു. രാഷ്ട്രീയക്കാരന്റെ റോളാണെങ്കിലും ഈ സിനിമയിൽ മണിക്കുട്ടന്റെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ ലൂസിഫർ സിനിമയില്‍ അനീഷ് മേനോൻ അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് താനായിരുന്നു എന്ന് പറയുകയാണ് മണിക്കുട്ടന്‍. പലപ്പോഴും സംസാരിക്കുന്നതിനിടയില്‍ ഇടയ്ക്ക് ട്രിവാൻഡ്രം ഭാഷ കയറി വരുമായിരുന്നുവെന്നും അധികം സംസാരിക്കില്ലെങ്കിലും രാജു അത് ശ്രദ്ധിച്ചിരുന്നുവെന്ന് മനസിലായത് സിനിമയില്‍ ഡബ്ബ് ചെയ്യാൻ വിളിച്ചപ്പോഴാണെന്നും മണിക്കുട്ടൻ പറഞ്ഞു.
‘‘ഞാൻ ലൂസിഫറില്‍ ഡബ്ബ് ചെയ്തിരുന്നു. ലൂസിഫറില്‍ നിന്ന് എമ്പുരാനിലേക്ക് വരുമ്പോള്‍ പ്രമോഷൻ കിട്ടിയ ആക്ടർ ഞാൻ മാത്രമേ ഉണ്ടാക്കുകയുള്ളൂ. അനീഷ് മേനോന് വേണ്ടിയാണ് ലൂസിഫറില്‍ ഡബ്ബ് ചെയ്തിരുന്നത്. നന്നായി അഭിനയിക്കുന്ന ഡബ്ബ് ചെയ്യുന്ന നടനാണ് അനീഷ്. പക്ഷെ അദ്ദേഹത്തിന്റെ കോമ്പിനേഷൻ വരുന്നത് ബൈജു ചേട്ടനുമായാണ്. മാത്രവുമല്ല തിരുവന്തപുരം സ്ലാങ്ങില്‍ സംസാരിക്കണം.
ബൈജു ചേട്ടനുമായി ആ സ്ലാങ്ങില്‍ പിടിച്ചു നില്‍ക്കാൻ അതിനടുത്ത് വരുന്ന ആരെങ്കിലും വേണം. ഞങ്ങള്‍ ഷോയ്ക്ക് ഒരുമിച്ച് പോകുമ്പോള്‍ ഞാൻ സംസാരിക്കുമ്പോള്‍ ട്രിവാൻഡ്രം സ്ലാങ് വരും. ചിലരൊക്കെ കളിയാകുമെങ്കിലും ലൂസിഫറിലേക്ക് ഡബ്ബ് ചെയ്യാൻ വിളിച്ചപ്പോഴാണ് രാജു അത് ശ്രദ്ധിച്ചിരുന്നുവെന്ന് മനസിലായത്. രാജു അധികം സംസാരിക്കില്ല പക്ഷെ അദ്ദേഹം എല്ലാം നോട്ട് ചെയ്യും. എന്റെ പ്ലസ് പോയിന്റ് അതാണെന്ന് രാജു മനസിലാക്കിയിരുന്നു...’’ മണിക്കുട്ടൻ പറഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ മണി എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയിലൂടെയായിരുന്നു പ്രേക്ഷക മനസ്സിലേക്ക് മണിക്കട്ടൻ കയറികൂടിയത്. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായി എത്തിയ താരത്തിനെ തേടി നിരവധി ചെറുതും വലുതമായ വേഷങ്ങള്‍ വന്നെത്തി. ബിഗ് ബോസ് സീസണ്‍ മൂന്നില്‍ മണിക്കുട്ടനും പങ്കെടുത്തിരുന്നു. ആ സീസണിലെ വിന്നറായിട്ടാണ് മണിക്കുട്ടന്‍ പുറത്തിറങ്ങിയത്. എമ്പുരാനാണ് മണിക്കുട്ടന്റെ ലേറ്റസ്റ്റ് റിലീസ്.
മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ ചില രാഷ്ട്രീയ സംഘടനകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായി. അതിനെത്തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസം എമ്പുരാനില്‍ ചില രംഗങ്ങള്‍ മാറ്റിയെന്നും ആ പതിപ്പ് ഉടനെ തിയേറ്ററിലെത്തുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.