-->
പാലക്കാട് : ഒറ്റപ്പാലം കൂനത്തറയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ ആളെ ഷോര്‍ണൂര്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൂനത്തറയിലാണ് സംഭവം നടന്നത്. 15 വയസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പൂരാഘോഷവുമായി ബന്ധപ്പെട്ട് മദ്യം വാങ്ങി നല്‍കുകയായിരുന്നു.
അമിതമായ അളവില്‍ മദ്യം കഴിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കും ഇതേതുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇതേ തുടര്‍ന്ന് അബോധാവസ്ഥയില്‍ റോഡില്‍ തളര്‍ന്നുവീണ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാള്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയതെന്ന് കണ്ടെത്തി. ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്ത് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.