-->
തിരുവനന്തപുരം: തല മുണ്ഡനം ചെയ്ത് നടത്തിയ സമരം ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ നിരാഹാരസമരം പതിമൂന്നാം ദിവസത്തിലെത്തി. ഇന്നലെ തല മുണ്ഡനം ചെയ്തായിരുന്നു ആശമാര്‍ പ്രതിഷേധിച്ചത്. വരും ദിവസങ്ങളില്‍ വ്യത്യസ്ത സമര രീതികള്‍ പരീക്ഷിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശാമാര്‍. പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുമെന്നാണ് കണക്ക് കൂട്ടല്‍. അതേസമയം സമരം വൈവിദ്ധ്യമായ രൂപത്തിലേക്ക് മാറുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അവഗണനകള്‍ തുടരുകയാണ്.
ഇന്നലെ സമരത്തെ വിമര്‍ശിച്ച് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. മുടിമുറിച്ച് പ്രതിഷേധിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന് മുന്നിലാണെന്നും, ആര്‍ജ്ജവം ഉണ്ടെങ്കില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ ആശമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന ആവശ്യം കേന്ദ്രത്തോട് പറയണമെന്നും വി ശിവന്‍കുട്ടി വെല്ലുവിളിച്ചിരുന്നു. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആശമാര്‍ സമരം തുടങ്ങിയത്.