-->
കൽപറ്റ∙ എമ്പുരാൻ സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചെന്ന് അറിയിച്ച് നടൻ മോഹൻലാൽ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎൽഎ. മോഹൻലാലിന്റെ പോസ്റ്റിന് കമന്റായാണ് ടി.സിദ്ദഖ് അതൃപ്തി രേഖപ്പെടുത്തിയത്.
‘സംഘപരിവാറിന് താൽപര്യമില്ലാത്ത സീനുകൾ വെട്ടിമാറ്റി എമ്പുരാൻ വരുമ്പോൾ കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന ഭാഗങ്ങൾ കൂടി വെട്ടി മാറ്റുമോ ? ഇല്ല അല്ലേ ! അങ്ങനെ വെട്ടിയാൽ 3 മണിക്കൂർ സിനിമ 3 മിനിറ്റുള്ള റീൽസ് ആയി കാണാം’ – ടി.സിദ്ദിഖ്
കുറിച്ചു. നേരത്തെ എമ്പുരാനും അണിയറ പ്രവർത്തകർക്കും നേരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ശക്തമായ പിന്തുണയുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു.
‘എമ്പുരാൻ എന്ന സിനിമ കോൺഗ്രസിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തെയും പിണറായി വിജയനെയും വിമർശിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സിനിമയ്ക്ക് പിന്തുണ നൽകി ഒപ്പം നിൽക്കുന്നു. കേരളത്തിലെ ജനങ്ങളെ പതിറ്റാണ്ടുകളായി അറിയുന്ന ഈ പാർട്ടികളൊക്ക ഇവിടെ നിൽക്കുന്നത് എന്തുകൊണ്ടാണ് എന്ന് സംഘപരിവാർ പഠിക്കണം.
തങ്ങളെ ആരെങ്കിലും പിച്ചി മാന്തി എന്നൊക്കെ പറഞ്ഞ് മലയാളികൾക്ക് മുന്നിലേക്ക് പോയാൽ അവർ ട്രോളി കൊല്ലും അത്രയേയുള്ളൂ. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ തങ്ങൾക്ക് ഇഷ്ടമുള്ളത് കാണിക്കലല്ല; തങ്ങൾക്കിഷ്ടമില്ലാത്തത് ആസ്വദിക്കാനും അതിലെ വിമർശനങ്ങൾ ഉൾക്കൊള്ളലുമാണ്. നിങ്ങൾക്കില്ലാതെ പോകുന്നത് അതാണ്.
ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പാർട്ടിയെ കേരള ജനത എങ്ങനെ അംഗീകരിക്കും..! ഓരോ മലയാളിയുടെയും സ്വകാര്യതയിലേക്കും അവന്റെ ആവിഷ്ക്കാര ആസ്വാദനത്തിലേക്കും ഇവർ ബലാൽക്കാരമായി കടന്നുകയറുകയാണ്. ഏതെങ്കിലും പാർട്ടിയെയും മതത്തെയും ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്തി ഒരു വിഭാഗം ജനതയെ തങ്ങളുടെ അടിമകളും ആജ്ഞാനുവർത്തികളുമാക്കി രാഷ്ട്രീയ അധികാരം നേടുക എന്ന തന്ത്രം പ്രബുദ്ധരായ മലയാളികളുടെ അടുത്ത് നടക്കുമോ?’– ടി.സിദ്ദഖ് കുറിച്ചു.