Monday, March 16, 2026 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 11.31 AM

'ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം' ; ' എമ്പുരാന്‍' റീ സെന്‍സറിംഗ് സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി

aganist, cyber

മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലെ എമ്പുരാന്‍ തിയറ്ററിലെത്തി കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി. സിനിമയ്ക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്.

ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.

Ads by Google
Ads by Google
TRENDING NOW