Friday, March 20, 2026 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
ജി. വിശാഖന്‍
ജി. വിശാഖന്‍
Monday 31 Mar 2025 12.48 AM

വിമുക്തിയുടെ പേരില്‍ കോടികള്‍ ഒഴുകി: ലഹരി ഒഴുക്കിന് കുറവൊന്നുമില്ല ; പദ്ധതി തുകയില്‍ 85 ശതമാനവും കരാര്‍ ജീവനക്കാരുടെ ശമ്പളത്തിന്

2024-25 സാമ്പത്തിക വര്‍ഷത്തിലെ 9.18 കോടി രൂപയില്‍ എട്ടു കോടി രൂപയില്‍ അധികവും ഡി അഡിക്ഷന്‍ സെന്ററുകളിലെ താത്ക്കാലിക, കരാര്‍ ജീവനക്കാര്‍, 14 ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ വേതനത്തിനായി വകയിരുത്തിയിട്ടുള്ളതാണ്.
uploads/news/2025/03/773048/drug-vimukthi.jpg

പത്തനംതിട്ട: എല്ലാവിധ ലഹരി വസ്തുക്കളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിന് വേണ്ടി വിമുക്തി മിഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഒഴുക്കിയത് കോടികള്‍. എന്നിട്ടും സംസ്ഥാനത്ത് ലഹരി ഒഴുക്കിനും അതു കാരണമുണ്ടാകുന്ന അക്രമപ്രവര്‍ത്തനത്തിനും യാതൊരു കുറവുമില്ല. വിമുക്തി മിഷന്റെ പേരില്‍ വാരിക്കോരി ഫണ്ട് ഒഴുക്കിയിട്ടും ലഹരി നിര്‍മാര്‍ജനത്തിന് ഉപയോഗത്തിന്റെ അളവ് കുറയ്ക്കുന്നതിനോ തെല്ലും സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിമുക്തി പദ്ധതിക്ക് അനുവദിക്കുന്ന തുകയുടെ 85 ശതമാനവും താത്ക്കാലിക, കരാര്‍ ജീവനക്കാരുടെ ശമ്പളത്തിന് വിനിയോഗിക്കുകയാണ്.

2023-24 സാമ്പത്തിക വര്‍ഷം എക്‌സൈസ് വകുപ്പ് 9.43 കോടി രൂപ വിമുക്തി മിഷന് വകയിരുത്തിയിരുന്നു. ഇതില്‍ 83.15 ശതമാനം പദ്ധതി തുകയയായ 7.84 കോടി രൂപ ചെലവഴിച്ചു. 2024-25 സാമ്പത്തിക വര്‍ഷവും 9.18 കോടി രൂപ വിമുക്തി പദ്ധതിയുടെ പേരില്‍ വകയിരുത്തി. ഇതില്‍ എട്ടു കോടി രൂപയില്‍ അധികവും ഡി അഡിക്ഷന്‍ സെന്ററുകളിലെ താത്ക്കാലിക, കരാര്‍ ജീവനക്കാര്‍, 14 ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ വേതനത്തിനായി വകയിരുത്തിയിട്ടുള്ളതാണ്.

പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന സ്‌കൂളുകളിലെ ആന്റി നാര്‍ക്കോട്ടിക് ക്ലബുകള്‍ ശക്തിപ്പെടുത്താന്‍ 25 ലക്ഷവും ഉണര്‍വ് പദ്ധതി നടപ്പാക്കാന്‍ 23.54 ലക്ഷവും ആദിവാസി, തീരപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ആന്റി നാര്‍ക്കോട്ടിക് ക്ലബുകള്‍, നേര്‍ക്കൂട്ടം, റസിഡന്‍സ് അസോസിയേഷനുകള്‍, അതിഥി തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് 30 ലക്ഷവും അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍, കെ എസ് ആര്‍ ടി സി, റെയില്‍വേ, സാമൂഹിക മാധ്യമ പ്രചാരണത്തിന് 25 ലക്ഷവുമാണ് 2024-25 സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ളത്.

മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ലക്ഷ്യമിട്ടുമാണ് വിമുക്തി ബോധവത്ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയത്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരലും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യലുമാണ് വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് എക്‌സൈസിന്റെ കണക്കുകള്‍. 2024 ഡിസംബര്‍ 31 വരെ അബ്കാരി കേസുകളിലായി 1,89,667.55 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 78,534.05 ലിറ്റര്‍ സ്പിരിറ്റും 22,932.87 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തതായാണ് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് നിയമസഭയില്‍ പറഞ്ഞത്.

ഇതിനോടൊപ്പം 12,12,297.60 ലിറ്റര്‍ വാഷും 10,796.68 ലിറ്റര്‍ അരിഷ്ടവും 9,211.33 ലിറ്റര്‍ ബിയറും 64,165 ലിറ്റര്‍ കള്ളും 58,940.76 ലിറ്റര്‍ അന്യ സംസ്ഥാന മദ്യവും 11,215.95 ലിറ്റര്‍ അനധികൃത മദ്യവും 15,505.63 ലിറ്റര്‍ വൈനും പിടിച്ചെടുത്തു. എന്‍.ഡി.പി.എസ് കേസുകളില്‍ 13,656.64 കിലോ ഗ്രാം കഞ്ചാവ്, 24,537.564 ഗ്രാം എം.ഡി.എം.എ, 8,367 കഞ്ചാവ് ചെടികള്‍, 47,987 ഗ്രാം എല്‍.എസ്.ഡി, 58,530.172 ഗ്രാം ഹാഷിഷ് ഓയില്‍, 692.090 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2,108.069 ഗ്രാം ഹെറോയിന്‍, 3,086.97 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് 69,236 അബ്കാരി കേസുകളും 24,670 എന്‍.ഡി.പി.എസ് കേസുകളും 2,89,219 കോപ്ട കേസുകളും രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഇക്കാലയളവില്‍ അബ്കാരി കേസുകളില്‍ 56,204 പേരെയും എന്‍.ഡി.പി.എസ് കേസുകളില്‍ 24,124 പേരെയും അബ്കാരി കേസുകളില്‍ 56,204 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW