Thursday, March 12, 2026 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 12.32 PM

‘‘ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും സിനിമക്കും നേരെ ചാടണ്ട, വിട്ടു പിടി, മോനെ; തൊട്രാ പാക്കലാം...’’ രാഹുല്‍ മാങ്കൂട്ടത്തില്‍

എമ്പുരാന്‍ സിനിമയ്ക്കും മോഹന്‍ലാലിനുമെതിരെ വന്‍ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെതിരായ വെറുപ്പ് പ്രചാരണങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.
MLA Rahul Mangkootathil, Mohanlal, Empuraan movie
Rahul Mankoottathil about mohanlal in empuraan movie (Image Source: Facebook)

മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയിലിറങ്ങിയ ‘ലൂസിഫര്‍’ ഫ്രാഞ്ചൈസിയായ എമ്പുരാന്റെ വിശേഷങ്ങളിലാണ് സോഷ്യല്‍ മീഡിയയും സെലിബ്രിറ്റി ലോകവും. സിനിമയെ പിന്തുണച്ചും മികച്ചതാണെന്നും ഒരു കൂട്ടര്‍ പറയുമ്പോള്‍ വന്‍ തോതിലുള്ള വിമര്‍ശനങ്ങളും സിനിമയുടെ പേരില്‍ കേള്‍ക്കുന്നുണ്ട്. ഒരു രാഷ്ട്രീയ സംഘടനയെ തീര്‍ത്തും മോശമായി ചിത്രീകരിച്ചു എന്നതടക്കമാണ് വിമര്‍ശനങ്ങള്‍. അതിനെ പിന്തുണച്ചും എതിര്‍ത്തും പലരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനെതിരായ വെറുപ്പ് പ്രചാരണങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. മോഹന്‍ലാലിനെയും എമ്പുരാനെയും ലക്ഷ്യമാക്കി നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. മലയാളത്തിന്റെ മഹാനടനോട് വിദ്വേഷം പ്രകടിപ്പിക്കേണ്ടതില്ലെന്നും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് കേടുവരുത്താന്‍ ബജ്രംഗികള്‍ക്ക് വാളയാര്‍ അതിരിക്ക് അപ്പുറം ഈ നാട് ഇനിയും സമ്മതിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
എമ്പുരാനില്‍ പ്രതിഫലിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരായ സൈബര്‍ ആക്രമണങ്ങള്‍ അപലപനീയമാണെന്നും ‘കശ്മീര്‍ ഫയല്‍സും’ ‘കേരള സ്റ്റോറിയും’ പോലെയുള്ള ചിത്രങ്ങള്‍ക്ക് ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ ആവശ്യമെന്ന് വാദിച്ചവര്‍ തന്നെ എമ്ബുരാനെതിരെ ഹേറ്റ് ക്യാംപെയിനുമായി ഇറങ്ങിയിരിക്കുകയാണെന്നും രാഹുല്‍ കുറിച്ചു. എമ്പുരാന്‍ റിലീസ് ദിനത്തില്‍ തന്നെ താന്‍ സിനിമ കണ്ടതായി വ്യക്തമാക്കിയ രാഹുല്‍, ‘മികച്ച ടെക്‌നിക്കല്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ പുലര്‍ത്തിയ ഒരു പാന്‍-ഇന്ത്യന്‍ ചിത്രം കൂടിയാണ് എമ്പുരാന്‍’ എന്നും കുറിച്ചു.
‘‘ഇന്നലെ തന്നെ എമ്പുരാൻ കണ്ടിരുന്നു.
KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോൾ മലയാളി കൊട്ടും കുരവയുമായി ആർത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എംബുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്. മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാൻ ഇന്ത്യൻ സിനിമ തന്നെയാണ് എമ്പുരാൻ. മോഹൻലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കൾ വരെ തകർത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.
എന്നാൽ സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എംമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്.
ബജറംഗിയെന്ന് പറഞ്ഞപ്പോൾ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങൾ. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ .
എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകൾ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലർത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകർന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാൻഡുകളിൽ ഒന്നാണ് മോഹൻലാൽ , ദ ബിഗ് എം’സ്. അതിനൊരു കോട്ടം വരുത്താനുള്ള കെല്പ്പൊന്നും ബജ്രംഗികൾക്ക്‌ വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.
സബർമതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതിൽ നിങ്ങൾ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് .... ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും സിനിമക്കും നേരെ ചാടണ്ട അത് കൊണ്ട് വിട്ടു പിടി ,മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ....
തൊട്രാ പാക്കലാം...’’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.

Ads by Google
Saturday 29 Mar 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW