-->
എണ്‍പതുകളിലും തൊണ്ണൂറുകളിലും പോലീസ് വേഷങ്ങളില്‍ ഉള്‍പ്പെടെ മലയാളസിനിമയില്‍ തിളങ്ങി നിന്നിരുന്ന പ്രമുഖ അഭിനേതാവായിരുന്നു ജഗന്നാഥ വർമ്മ. പില്‍ക്കാലത്ത് അച്ഛന്റെ പാത പിന്തുടര്‍ന്ന് മകൻ മനു വർമ്മയും സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. വില്ലൻ വേഷങ്ങളിലടക്കം മനു വര്‍മ്മ തിളങ്ങിയിട്ടുണ്ട്. സിനിമകളില്‍ മാത്രമല്ല സീരിയലുകളിലും സജീവമാണ് മനു വര്‍മ്മ.
ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയ താരത്തിന് മമ്മൂട്ടി, മോഹൻലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. ഒരുപിടി മികച്ച വേഷങ്ങളും ഇക്കാലയളവില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഭാര്യ സിന്ധു വർമ്മയും സീരിയല്‍ രംഗത്ത് സജീവമാണ്.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മനു വർമ്മ.ബഐ.വി. ശശി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ നീലഗിരിയില്‍ മനു വർമ്മയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവമാണ് മനു വര്‍മ്മ പങ്കിട്ടത്.
‘‘നീലഗിരി ചെയ്യുന്ന സമയത്താണ് മമ്മൂക്കയുമായി കൂടുതല്‍ കോമ്പിനേഷൻ ഉണ്ടായിരുന്നത്. അതില്‍ അവസാനം മധുബാലയെ വിവാഹം കഴിക്കാൻ വരുന്ന കഥാപത്രമാണ് എന്റേത്. മധുബാലയ്ക്ക് എന്നെ ഇഷ്‌ടമല്ല. അതുകൊണ്ടാണ് സോമേട്ടന്റെ കഥാപാത്രത്തിന് അടുത്തേക്ക് പോവുന്നത്. സോമേട്ടൻ, വിദ്യാമ്മ ഇവരുടെയൊക്കെ കൂടെ ചെയ്യാൻ കഴിഞ്ഞത് എന്റെയൊക്കെ ഒരു ഭാഗ്യമായി കണക്കാക്കുന്നു. ദൈവം തന്ന ഭാഗ്യമാണ്.
അവസാനം ഞാൻ മമ്മൂക്കയുമായി എന്തോ ക്ലാഷ് വന്നിട്ട് ഒരു പഞ്ച് കൊടുക്കുന്നുണ്ട്. എനിക്ക് അന്ന് 21 വയസേ ഉള്ളൂ. അന്ന് മമ്മൂക്കയെ ഇടിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. രണ്ട് പഞ്ച് കൊടുത്തിട്ടും ക്യാമറ വച്ചിട്ട് ശരിയാവുന്നില്ല. ശശിയേട്ടൻ പറഞ്ഞു, ഇടിക്കെടാ എന്ന്. മമ്മൂക്കയും പറഞ്ഞു, നീ ഇടിക്കെടാ ഒരിടി ഞാൻ കൊണ്ടോളം എന്ന്. എനിക്ക് എന്നിട്ടും ഒരു ധൈര്യം വരുന്നില്ലായിരുന്നു.
ശരിക്കും ഇടിച്ചില്ലെങ്കില്‍ ക്യാമറയില്‍ ബോർ ആവും. അവസാനം ഞാൻ ഒരിടി ഇടിച്ചു. അവസാനം പുള്ളി കമഴ്ന്നുപോയി. അപ്പൊ പുള്ളി പറഞ്ഞു, ഇത് നല്ല ഇടിയായിപ്പോയി എന്ന്. ഞാൻ മാപ്പ് തരണമെന്ന് പറഞ്ഞു. പക്ഷേ എന്നോട് ഒരു സ്നേഹക്കുറവും അദ്ദേഹം കാണിച്ചിട്ടില്ല. എപ്പോഴും ഞാൻ മെസേജ് അയച്ചാലും മമ്മൂട്ടി തിരിച്ചുവിളിക്കും.
ഫയർമാൻ സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഞങ്ങള്‍ എട്ടോ പത്തോ പേരുണ്ടായിരുന്നു. എന്നോടുള്ള സ്നേഹം വെളിയില്‍ കാണിക്കില്ല. എല്ലാർക്കും സീൻ കൊടുത്തില്ലേ, പ്രോംപ്റ്റിംഗ് ഇല്ല കേട്ടോ എന്ന് പറയുമ്പോള്‍ പുള്ളി എന്നെ നോക്കുന്നുണ്ട്. നാല് പേജുള്ള സീൻ ആയാലും ഞാൻ ഡയലോഗ് പഠിക്കാറുണ്ട്. ദീപു കരുണാകരനാണ് സംവിധാകൻ. രാത്രി നൈറ്റ് സീനില്‍ ഞാനും മമ്മൂക്കയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.മൊത്തം സയന്റിഫിക്ക് ആയിട്ടുള്ള ഡയലോഗ് ആയിരുന്നു കൂടുതല്‍. ഇടയ്ക്ക് ഞാൻ ഒന്ന് തെറ്റിച്ചു. വേഗം മമ്മൂക്കയുടെ കൈയില്‍ കേറി പിടിച്ചു, സോറി പറഞ്ഞു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, അതിനെന്താടാ.. അവൻ അല്ലാതെ തന്നെ കൊനിഷ്ടു പിടിച്ച ഡയലോഗ് ആണ് പറയുന്നേ...അവനൊന്ന് പ്രോംപ്റ്റ് ചെയ്‌തു കൊടുക്ക് എന്ന്. അടുത്ത ഷോട്ടില്‍ ഞാൻ അത് ഓക്കേ ആക്കി. നല്ല സ്നേഹമാണ്, എന്റെ പൊന്നിക്കയാണ്.
ഇപ്പൊ ഞാനൊരു മെസേജ് അയച്ചാലും എന്നെ തിരിച്ചുവിളിക്കും. ഇനിയിപ്പോ റംസാൻ സമയത്ത് മെസേജ് അയക്കും. തുടക്കത്തില്‍ ഞാൻ അയച്ചിരുന്നു. അപ്പൊ തന്നെ തിരിച്ചുവിളിച്ചു. മമ്മൂക്കയില്‍ നിന്ന് ഇതുവരെ വഴക്ക് കിട്ടിയിട്ടില്ല. പിന്നെ സിഗരറ്റ് വലിക്കാൻ തുടങ്ങിയപ്പോള്‍ അത് നിർത്തിക്കൂടെട എന്ന് ചോദിച്ചിരുന്നു. ഫയർമാൻ സമയത്ത് വലിക്കുമായിരുന്നു, ഇപ്പൊ നിർത്തി.
നീലഗിരി സമയത്ത് എനിക്ക് തോന്നുന്നത് ഒരു രണ്ട് രണ്ടര പാക്കറ്റ് ഗണേഷ് ബീഡിയാണ് വലിച്ചോണ്ടിരുന്നത്. അന്ന് സിഗരറ്റ് ഉണ്ടായിരുന്നില്ല. അതിന് മുൻപ്എനിക്ക് ഓർമ്മയുള്ളത്, പുള്ളി പേടിത്തൊണ്ടൻ എസ്‌ഐ ആയി അഭിനയിച്ച സിനിമയിലാണ്. അന്ന് എന്റെ അച്ഛന്റെ പോലീസ് ട്രെയിനിംഗ് കോളജില്‍ ആയിരുന്നു ഷൂട്ട് നടന്നത്.
അന്ന് എനിക്ക് ഓർമ്മയുണ്ട് ഇപ്പോഴും ജോണ്‍ പ്ലയേഴ്‌സ് ആയിരുന്നു വലിച്ചോണ്ടിരുന്നത്. മമ്മൂക്ക പെട്ടെന്ന് നിർത്തിയതൊന്നുമല്ല. അന്ന് ഷൂട്ട് നടന്നോണ്ടിരുന്നത് ഊട്ടിയിലാണ്. മമ്മൂക്കയ്ക്ക് ഫുഡ് വന്നിരുന്നത് കോഴിക്കോട് നിന്നാണ്. ഞങ്ങളെയൊക്കെ ഉച്ചയാവുമ്പോള്‍ വിളിക്കും. 50 പുഴുങ്ങിയ മുട്ടയും മത്തി ഒക്കെയുണ്ടാവും...’’ മനു വര്‍മ്മ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനു വര്‍മ്മ തുറന്നു സംസാരിച്ചത്.