-->
ഐക്യുവിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐക്യൂ 12 വന്‍ ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ സ്വന്തമാക്കാന്‍ അവസരം. ക്വാല്‍ക്കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എന്ന പ്രീമിയം ചിപ്‌സെറ്റിന്റെ കരുത്തോടെയാണ് ഐക്യൂ 12 5ജി (iQOO 12 5G) എത്തിയത്. ഇപ്പോള്‍ ഇതിന്റെ പിന്‍ഗാമിയായി ഐക്യൂ 13 ആണ് താരം. എങ്കിലും പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ എത്തിയതിനാല്‍ ഐക്യൂ 12ന് ഇപ്പോഴും ആരാധകര്‍ ഉണ്ട്.
ഐക്യൂ 12 5ജിയുടെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 52,999 രൂപയും 16GB + 512GB ടോപ് വേരിയന്റിന് 57,999 രൂപയുമായിരുന്നു ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്തെ വില. എന്നാല്‍ ഐക്യൂ 13 5ജി എത്തിയതോടെ വില കുറഞ്ഞു. എങ്കിലും വിലക്കുറവിനും ഡയറക്ട് ഡിസ്‌കൗണ്ടിനും ശേഷം 45,999 രൂപ പ്രാരംഭ വിലയില്‍ ആണ് ഐക്യൂ 12 വിറ്റിരുന്നത്.
ബാങ്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ മാത്രമായിരുന്നു 45000 രൂപയില്‍ താഴെ വിലയില്‍ ഐക്യൂ 12 വാങ്ങാന്‍ സാധ്യമായിരുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഐക്യൂ 12 5ജിയുടെ 12GB റാം, 256GB സ്റ്റോറേജ് ലെജന്‍ഡ് എഡിഷന്‍ വെറും 41,999 രൂപ വിലയിലാണ് ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്‌കൗണ്ടിന് കൂടാതെ 1259 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടെ 40000 രൂപയോടടുത്ത വിലയില്‍ ഐക്യൂ 12 ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കും. അതായത് ലോഞ്ച് വിലയെക്കാള്‍ ഏതാണ്ട് 12259 രൂപ വിലക്കുറവില്‍ ഇപ്പോള്‍ ഈ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.
44Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്പ്ലേ, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. അഡ്രിനോ 750 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഒഐഎസ് പിന്തുണയുള്ള 50MP 1/1.3-ഇഞ്ച് മെയിന്‍ ക്യാമറ, 50MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 3x സൂം, 100x ഡിജിറ്റല്‍ സൂം എന്നിവയുള്ള 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഐക്യൂ 12ല്‍ എത്തുന്നത്. കൂടാതെ ഫ്രണ്ടില്‍ 16MP സെല്‍ഫി ക്യാമറയുമുണ്ട്.